കാലിഫോർണിയ : ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സംരംഭമായ ന്യൂറാലിങ്ക് നിര്‍മ്മിച്ച ബ്രെയിൻ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നു. മസ്‌ക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്‍റെ, ബ്രെയിൻ-ചിപ്പ് സ്‌റ്റാർട്ടപ്പിൽ നിന്ന് ആദ്യമായി അത് സ്‌ഥാപിക്കപ്പെട്ടയാള്‍ സുഖം പ്രാപിച്ചുവരുന്നതായാണ് ഇലോൺ മസ്‌ക് തന്‍റെ എക്‌സ് പേജിലൂടെ പ്രഖ്യാപിച്ചത്. ആദ്യ ന്യൂറാലിങ്ക് ഉത്പന്നത്തിന് ടെലിപ്പതി എന്ന് പേരിട്ടതായും മസ്‌ക് അറിയിച്ചു (Brain Implant Procedure).
"ഇന്നലെ ന്യൂറാലിങ്കില്‍ നിന്ന് ആദ്യമായി ഒരു മനുഷ്യന് ഇംപ്ലാൻ്റ് ലഭിച്ചു, അയാള്‍ സുഖം പ്രാപിക്കുന്നു. പ്രാരംഭ ഫലങ്ങൾ ന്യൂറോൺ സ്പൈക്ക് (തലച്ചോറിൽ നിന്നുള്ള തരംഗങ്ങൾ) കണ്ടെത്തുന്നതില്‍ വിജയസാധ്യത കാണിക്കുന്നു" - മസ്‌ക് പോസ്‌റ്റ് ചെയ്‌തു. കൈകാലുകള്‍ ശരിയാംവണ്ണം ചലിപ്പിക്കാനാകാത്തവരാകും ബ്രെയിൻ ചിപ്പിന്‍റെ ആദ്യ ഉപയോക്താക്കളെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു (Elon Musk Brain Implant).
കഴിഞ്ഞ വർഷമാണ് ന്യൂറാലിങ്കിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ ക്ലിയറൻസ് ലഭിച്ചത്. ഇന്‍ഡിപെന്‍ഡന്‍റ് ഇൻസ്‌റ്റിറ്റ്യൂട്ട് റിവ്യൂ ബോര്‍ഡില്‍ നിന്നുള്ള അനുമതിയും ലഭിച്ചതായി ന്യൂറാലിങ്കിൻ്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വയർലെസ് ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് (ബിസിഐ) അധിഷ്‌ഠിതമാക്കിയാണ് ടെലിപ്പതി ഉപകരണം പ്രവർത്തിക്കുക. രോഗികളുടെ തലച്ചോറിൽ ശരീര ചലനം നിയന്ത്രിക്കുന്ന ഭാഗത്തായിരിക്കും ചിപ്പ് ഘടിപ്പിക്കുക. പ്രത്യേക റോബോട്ടിന്‍റെ സഹായത്തോടെ ഘടിപ്പിക്കുന്ന ചിപ്പിൽനിന്ന് പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിലേക്ക് സിഗ്‌നല്‍ ലഭിക്കും. പക്ഷാഘാതമുള്ള ആളുകള്‍ക്ക് ചിന്തകളിലൂടെ കംപ്യൂട്ടർ കര്‍സറോ, കീബോർഡോ നിയന്ത്രിക്കാനുള്ള ശേഷി നൽകാനാണ് ആദ്യ ഘട്ടത്തിൽ കമ്പനി ശ്രമിക്കുന്നത് (Neuralink Brain Implant).
2020 മുതൽ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ മസ്‌കിന്‍റെ കമ്പനി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അംഗീകാരം വൈകുകയായിരുന്നു. അതിനിടെ കുരങ്ങുകളിൽ ബ്രെയിൻ ചിപ്പ് പരീക്ഷണങ്ങൾ നടത്തിയത് വിവാദമാവുകയും ചെയ്‌തു. 2022 ഫെബ്രുവരിയിൽ ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റെസ്‌പോൺസിബിൾ മെഡിസിൻ ന്യൂറാലിങ്ക് കമ്പനിക്കെതിരെ പരാതി സമർപ്പിച്ചു. കമ്പനി മൃഗങ്ങളിൽ മാരകമായ മസ്‌തിഷ്‌ക പരീക്ഷണങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം.
Also Read:ബഹിരാകാശ യാത്ര തലച്ചോറിനെ ബാധിക്കുന്നു; കണ്ടെത്തലുകളുമായി ഗവേഷകര്‍, മാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
2018 മുതൽ നടക്കുന്ന പരീക്ഷണങ്ങളിൽ എലികൾ, കുരങ്ങുകൾ, പന്നികൾ, എന്നിവയുൾപ്പടെ 1,500 ഓളം മൃഗങ്ങളെ കമ്പനി കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. അതേസമയം പരീക്ഷണത്തിനിടെ തലച്ചോറിൽ ഘടിപ്പിച്ച ചെറിയ വയർലെസ് ചിപ്പിന്‍റെ സഹായത്തോടെ ഒരു കുരങ്ങ് സ്വന്തം മനസു കൊണ്ട് മാത്രം വീഡിയോ ഗെയിം നിയന്ത്രിച്ചിരുന്നതായി കമ്പനി അവകാശപ്പെട്ടിരുന്നു. പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച കുരങ്ങുകളിൽ ചിലതിന് ജീവൻ നഷ്‌ടമായെന്നും ന്യൂറാലിങ്ക് സമ്മതിച്ചിരുന്നു.