കേരളം

kerala

ETV Bharat / technology

ആഗോള എഐ പവർഹൗസാകാൻ ഒരുങ്ങി ഇന്ത്യ; ആവശ്യമായി വരുന്നത് 12.5 ലക്ഷം പ്രൊഫഷണലുകളെ - AI job opportunities in India - AI JOB OPPORTUNITIES IN INDIA

എഐ സാങ്കേതിക വിദ്യയിൽ വലിയ മാറ്റങ്ങളുമായി ഇന്ത്യ മുന്നേറുകയാണ്. 2027 ഓടെ ഇന്ത്യയിൽ 12.5 ലക്ഷത്തിലധികം എഐ വിദഗ്‌ധന്മാരെ ആവശ്യമായി വരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനായി നിലവിലുള്ള എഐ പ്രൊഫഷണലുകളെ വൈദഗ്‌ധ്യം വർധിപ്പിക്കേണ്ടതുണ്ടെന്നും എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ മറ്റ് മേഖലകളിലേക്ക് കൂടി വികസിപ്പിക്കേണ്ടതുണ്ടെന്നും പഠനങ്ങൾ പറയുന്നു.

എഐ ജോലി സാധ്യതകൾ  എഐ തൊഴിലവസരങ്ങൾ  ARTIFICIAL INTELLIGENCE  SCOPE OF AI JOB IN INDIA
Representative image (ETV Bharat)

By ETV Bharat Tech Team

Published : Aug 21, 2024, 2:03 PM IST

Updated : Aug 21, 2024, 2:52 PM IST

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ആഗോളതലത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ 2027 ഓടെ 12.5 ലക്ഷത്തിലധികം എഐ വിദഗ്‌ധരെ ആവശ്യമായി വരുമെന്ന് റിപ്പോർട്ടുകൾ. 2030 ഓടെ ഒരു ദശലക്ഷത്തിലധികം എഐ വിദഗ്‌ധരുള്ള ആഗോള എഐ പവർഹൗസായി ഇന്ത്യ മാറുമെന്നും പഠനം. ഡെലോയിറ്റും നാസ്‌കോമും സംയുക്തമായി നടത്തിയ പഠനത്തിലെ റിപ്പോർട്ടുകളാണിത്.

രാജ്യത്തെ എഐ മേഖലയ്‌ക്ക് 2022-2027 കാലഘട്ടത്തിനിടയിൽ 25–35 ശതമാനത്തോളം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് കഴിവുള്ള കൂടുതൽ എഐ വിദഗ്‌ധരുടെ ആവശ്യകതയാണ്. എഐ സാങ്കേതികവിദ്യയുടെ വളർച്ച കൂടുതൽ വൈദഗ്‌ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യകതയ്‌ക്കൊപ്പം, നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കഴിവ് പരിപോഷിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കും വിരൽചൂണ്ടുന്നു.

ഇന്ന് തൊഴിലിടങ്ങളിൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നവരാണല്ലോ മിക്കവരും. ഇന്ത്യൻ തൊഴിലാളികളിൽ 43 ശതമാനവും അവരുടെ ജോലിസ്ഥലങ്ങളിൽ എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഏകദേശം 60 ശതമാനം തൊഴിലാളികളും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ വൈദഗ്‌ധ്യം നേടിയെടുക്കുന്നത് തങ്ങളുടെ കരിയർ സാധ്യതകൾ വർധിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞവരാണ്.

2030 ഓടെ ഒരു ദശലക്ഷത്തിലധികം ഉയർന്ന വൈദഗ്ധ്യമുള്ള ടെക് പ്രൊഫഷണലുകളുള്ള ആഗോള എഐ പവർഹൗസായി ഇന്ത്യ മാറുമെന്ന് ഡെലോയിറ്റ് സൗത്ത് ഏഷ്യയുടെ ടെക് ആൻഡ് ട്രാൻസ്‌ഫോർമേഷൻ ടീം പ്രസിഡന്‍റ് സതീഷ് ഗോപാലയ്യ പറഞ്ഞു. എന്നിരുന്നാലും ടെക്‌ മേഖലയിൽ വരാനിരിക്കുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയ്‌ക്ക് കൂടുതൽ എഐ വൈദഗ്‌ധ്യത്തിന്‍റെ ആവശ്യകതയുണ്ട്. ഇതിനായി ടെക് മേഖലയിൽ നിലവിലുള്ള പ്രൊഫഷണലുകൾക്ക് മാറുന്ന സാങ്കേതികവിദ്യക്കനുസരിച്ച് എഐയിൽ നൈപുണ്യ വികസന ക്ലാസുകൾ നൽകേണ്ടതുണ്ട്.

ഇനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഒരു മേഖലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അത് എല്ലാ മേഖലകളിലേക്കും വ്യാപിക്കുമെന്നും നാസ്‌കോം സീനിയർ വി പിയും ചീഫ് സ്ട്രാറ്റജി ഓഫിസറുമായ സംഗീത ഗുപ്‌ത പറഞ്ഞു. വ്യവസായ, അക്കാദമിക, സർക്കാർ മേഖലകൾ തമ്മിൽ സഹകരണം വളർത്തിയെടുക്കുന്നത് വഴി ഇന്ത്യയുടെ സാങ്കേതിക മേഖല മറ്റു മേഖലകളിലേക്ക് വിപുലീകരിക്കുന്നതിനൊപ്പം, രാജ്യത്തിന് ആഗോള എഐ വിപ്ലവത്തിന് നേതൃത്വം നൽകാനും സാധിക്കും.

കൂടാതെ, മൂന്ന് ഇന്ത്യക്കാരിൽ രണ്ട് പേർ എഐയിൽ കുറഞ്ഞത് ഒരു ഡിജിറ്റൽ വൈദഗ്ധ്യമെങ്കിലും നേടിയെടുക്കണമെന്നാണ് ഇന്ത്യ പദ്ധതിയിടുന്നത്. എഐ സേവനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മറ്റ് മേഖലകളിലേക്ക് കൂടെ എഐയുടെ സേവനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ. എഐ വൈദഗ്‌ധ്യമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന് പുതിയ പദ്ധതികൾ ആരംഭിക്കാൻ വ്യവസായ പ്രമുഖരോട് റിപ്പോട്ടുകൾ ശുപാർശ ചെയ്യുന്നുണ്ട്. ഇതിനായി നൈപുണ്യ കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, ഹാക്കത്തോണുകൾ, ഇന്‍റേൺഷിപ്പുകൾ എന്നിവ നടപ്പാക്കേണ്ടതുണ്ട്.

Also Read: ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക്

Last Updated : Aug 21, 2024, 2:52 PM IST

ABOUT THE AUTHOR

...view details