ഹൈദരാബാദ്:ആധാർ കാർഡിലെ വിവരങ്ങൾ 2024 സെപ്റ്റംബർ 14നകം പുതുക്കണമെന്ന് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ആധാർ കാർഡിലെ പേര്, മേൽവിലാസം എന്നിവയടക്കമുള്ള തിരിച്ചറിയൽ വിവരങ്ങളാണ് പുതുക്കേണ്ടത്. ആധാർ കാർഡ് പുതുക്കിയിട്ട് പത്ത് വർഷമായവരും പേര്, മേൽവിലാസം അടക്കമുള്ള വിവരങ്ങളിൽ മാറ്റം വന്നവരും പുതുക്കണമെന്നാണ് യുഐഡിഎഐ അറിയിച്ചിരിക്കുന്നത്.
പേര്, മേൽവിലാസം, ജനന തിയതി, ഫോൺ നമ്പർ, ഇ മെയിൽ എന്നിങ്ങനെയുള്ള വിവരങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലാത്തവർ ആധാർ വിവരങ്ങളിലെ കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. പേര്, ജനന തീയതി, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി പുതുക്കാവുന്നതാണ്. അതേസമയം ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ പുതുക്കണമെങ്കിൽ ആധാർ കേന്ദ്രങ്ങളെ സമീപിപ്പിക്കണം.
എൻറോൾമെൻ്റ് ചെയ്‌തിട്ട് പത്ത് വർഷം പൂർത്തിയായിട്ടും ആധാർ കാർഡ് പുതുക്കാത്തവരാണ് തങ്ങളുടെ ഐഡൻ്റിറ്റി പ്രൂഫും മേൽവിലാസവും പുതുക്കേണ്ടത്. കൂടാതെ പേര്, മേൽവിലാസം അടക്കമുള്ള വിവരങ്ങളിൽ മാറ്റം വരുത്തിയവരും ആധാർ കാർഡിൽ തിരുത്തൽ വരുത്തേണ്ടവരും പുതുക്കേണ്ടതുണ്ട്.
മൈആധാർ പോർട്ടലിൽ സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. സെപ്‌തംബർ 14ന് ശേഷം നിശ്ചിത ഫീസടച്ചുകൊണ്ട് രേഖകൾ പുതുക്കണം. അവസാന തിയതിക്ക് ശേഷം മൈആധാർ പോർട്ടലിൽ വഴി പുതുക്കുന്നവർ 25 രൂപയും ആധാർ കേന്ദ്രങ്ങൾ വഴി പുതുക്കുന്നവർ 50 രൂപയും നൽകണം.
ആധാർ കാർഡ് പുതുക്കുന്നതിന് ആവശ്യമായ രേഖകൾ:ആധാർ കാർഡ് പുതുക്കുന്നതിന്നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. നൽകേണ്ട തിരിച്ചറിയൽ രേഖകളുടെ വിവരങ്ങൾ താഴെ നൽകുന്നു.
- പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ലേബർ കാർഡ്, മാർക്ക് സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു ഐഡന്‍റിറ്റി പ്രൂഫ്
- വിലാസം തെളിയിക്കുന്നതിന് ബാങ്ക് പാസ്ബുക്ക്, ഇലക്‌ട്രിസിറ്റി ബില്ല്, ഗ്യാസ് കണക്ഷൻ ബില്ല്, പാസ്പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വസ്‌തു നികുതി രസീത് എന്നിവയിൽ ഏതെങ്കിലും ഒരു രേഖ.
മൈആധാർ പോർട്ടൽ വഴി സൗജന്യമായി ആധാർ കാർഡ് പുതുക്കേണ്ട വിധം:
- മൈആധാർ പോർട്ടൽ തുറക്കുക
- 'Enter' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ നൽകിയതിന് ശേഷം ക്യാപ്‌ച കോഡ് നൽകിയതിനു ശേഷം 'send OTP' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി 'Enter' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- നിർദ്ദേശങ്ങൾ വായിച്ചതിന് ശേഷം 'next' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഐഡന്‍റിറ്റി പ്രൂഫിനും അഡ്രസ് പ്രൂഫിനും വേണ്ടിയുള്ള ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്യുക
- 'Submit' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
മേൽപറഞ്ഞ രീതിയിൽ മൈആധാർ പോർട്ടലിൽ വിവരങ്ങൾ നൽകിയാൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യപ്പെടും.
ആധാർ സേവനങ്ങൾക്ക് മേൽപ്പറഞ്ഞ തുകയിൽ നിന്ന് അമിത നിരക്ക് ഈടാക്കിയാൽ യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ ഇമെയിൽ വഴിയോ ടോൾ ഫ്രീ നമ്പറായ 1947ലേക്ക് വിളിച്ചോ അറിയിക്കാം. ആധാറിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനാണ് യുഐഡിഎഐ ആധാർ അപ്‌ഡേഷൻ പ്രോത്സാഹിപ്പിക്കുന്നത്. കുട്ടികളുടെ ബയോമെട്രിക് ഡാറ്റകൾ അഞ്ചാം വയസിൽ യുഐഡിഎഐക്ക് സമർപ്പിക്കേണ്ടതുണ്ട്. പിന്നീട് 15-ാം വയസിലാണ് പുതുക്കേണ്ടത്.
Also Read: വ്യാജ ആധാര്‍ ഉപയോഗിച്ച് പാര്‍ലമെന്‍റില്‍ പ്രവേശിക്കാന്‍ ശ്രമം; 3 പേര്‍ക്കെതിരെ കേസ്, അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്