തിരുവനന്തപുരം: മന്ത്രിയെ മാറ്റാനൊരുങ്ങിയ സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചു. മന്ത്രിയാവാനിരുന്ന എംഎല്‍എ മന്ത്രിയുടെ പിന്തുണയോടെ സംസ്ഥാന അധ്യക്ഷനാവാന്‍ തയ്യാറെടുക്കുന്നു. കേരള എന്‍സിപി പവാര്‍ വിഭാഗത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റാണ്.
ഇന്നലെ വൈകിട്ടാണ് നിലവിലെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ സ്ഥാനം രാജിവച്ചത്. വൈകിട്ട് തന്നെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് അയച്ചു കൊടുത്തു. സംസ്ഥാന ഘടകത്തിലെ ചേരിപ്പോര് രൂക്ഷമായതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് പിസി ചാക്കോ അധ്യക്ഷ പദം ഒഴിയാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
കേരള ഘടകത്തിന്‍റെ അധ്യക്ഷ സ്ഥാനത്തിനൊപ്പം ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനം കൂടി വഹിക്കുന്ന പി സി ചാക്കോ ആ പദവിയില്‍ തുടരുമോയെന്ന കാര്യം ശരത് പവാര്‍ തീരുമാനിക്കും. കഴിഞ്ഞയാഴ്‌ച പിസി ചാക്കോ വിളിച്ചു ചേര്‍ത്ത സംസ്ഥാന ഭാരവാഹി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു.
ആറാം തീയതി നടന്ന യോഗത്തിനു ശേഷം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വികാരം പാര്‍ട്ടിക്കകത്ത് ശക്തമാവുകയായിരുന്നു. മന്ത്രി എകെ ശശീന്ദ്രനും ഇതിനോട് അനുകൂല സമീപനമായിരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ഒരു മയവുമില്ലാതെ ജില്ലാ നേതാക്കള്‍ സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷമായ ആക്രമണം നടത്തുന്നത് തിരുവനന്തപുരത്തടക്കം കണ്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനവസരത്തില്‍ മന്ത്രി മാറ്റം എന്ന വിഷയം ഉയര്‍ത്തി പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചത് ചാക്കോയാണെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ മന്ത്രി മാറ്റത്തിനു വേണ്ടി ശ്രമിച്ചത് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമെന്ന നിലപാടാണ് പി സി ചാക്കോ വിശദീകരിച്ചത്.
ഇതിനിടയിലാണ് പിസി ചാക്കോയ്ക്ക് കുരുക്കായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശബ്‌ദരേഖയായി പുറത്തു വന്നത്. ഇതോടെ ഒപ്പം നിന്ന നേതാക്കള്‍ പോലും പിസി ചാക്കോയെ കൈവിട്ടു. തുടര്‍ന്ന് പ്രതിസന്ധി തീര്‍ക്കാനുള്ള ഫോര്‍മുലയെന്ന നിലയിലാണ് ചാക്കോ രാജി വച്ചതെന്നാണ് സൂചന.
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ പാര്‍ട്ടിയുടെ മന്ത്രിയാക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പിസി ചാക്കോയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ തോമസ് കെ തോമസിന് നല്‍കിയ വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ശരത് പവാറിന്‍റെ കൂടി തീരുമാനമനുസരിച്ചാണെന്ന് വാദിച്ച് മന്ത്രി എകെ ശശീന്ദ്രനെ മാറ്റണമെന്ന് മുഖ്യമന്ത്രി മുമ്പാകെ പല തവണ കത്ത് നല്‍കിയെങ്കിലും പിണറായി ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല.
ദേശീയതലത്തില്‍ എന്‍സിപി പിളര്‍ന്നപ്പോള്‍ രണ്ട് എംഎല്‍എമാരെ കോഴ കൊടുത്ത് ഒപ്പം കൂട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണം കൂടി തോമസ് കെ തോമസിനെതിരെ ഉയര്‍ന്നതോടെ മുഖ്യമന്ത്രി ചാക്കോയും ടീമും മുന്നോട്ടു വച്ച മന്ത്രിമാറ്റ ആവശ്യം തള്ളുകയായിരുന്നു. ദീര്‍ഘ കാലം മന്ത്രിസ്ഥാനത്തിരുന്ന എ കെ ശശീന്ദ്രനെ തള്ളി എന്‍സിപിക്കകത്ത് മുന്നോട്ടു പോകാനാവില്ലെന്ന് പിസി ചാക്കോ മനസിലാക്കിയെന്നാണ് ശശീന്ദ്രന്‍ പക്ഷം നേതാക്കള്‍ അവകാശപ്പെടുന്നത്.