കൊൽക്കത്ത: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തിരികെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂൽ കോൺഗ്രസുമായുള്ള നാല് വര്‍ഷത്തെ ബന്ധമാണ് അഭിജിത് മുഖർജി ഉപേക്ഷിച്ചിരിക്കുന്നത്. ലോക്‌സഭാ മുൻ എംപിയായ അഭിജിത്തിന് എഐസിസി ജനറൽ സെക്രട്ടറിയും പശ്ചിമ ബംഗാളിന്‍റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിറിന്‍റെ സാന്നിധ്യത്തിൽ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് കോൺഗ്രസ് അംഗത്വം നൽകി.
"കോൺഗ്രസിലും രാഷ്‌ട്രീയത്തിലും ഇത് എന്‍റെ രണ്ടാം ജന്മദിനമാണ്"- പാര്‍ട്ടി പതാക ഏറ്റുവാങ്ങിയ ശേഷം അഭിജിത് മുഖർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോണ്‍ഗ്രസില്‍ തിരിച്ചെത്താനുള്ള ആഗ്രഹം താന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ പ്രകടിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇപ്പോഴാണ് പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി എത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2012-ൽ ജാങ്കിപൂർ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അഭിജിത് വിജയിച്ചിരുന്നു. കോൺഗ്രസ് മന്ത്രിയായി കേന്ദ്ര സർക്കാരിൽ നിരവധി പ്രധാന മന്ത്രാലയങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹത്തിന്‍റെ പിതാവ് പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അരങ്ങേറിയത്.
ALSO READ: ഇന്ത്യൻ സൈന്യത്തെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകണം
2014 -ലെ പൊതു തെരഞ്ഞെടുപ്പിലും മണ്ഡലം നിലനിര്‍ത്താന്‍ അഭിജിത്തിന് കഴിഞ്ഞു. 2021 ജൂലൈയിലായിരുന്നു അഭിജിത് തൃണമൂൽ കോൺഗ്രസിനൊപ്പം ചേര്‍ന്നത്. അതേസമയം അഭിജിത്തിന്‍റെ തിരിച്ചുവരവ് പശ്ചിമ ബംഗാളിലെ ജനങ്ങൾക്കുവേണ്ടി പോരാടുന്നതിന് പാർട്ടിയ്‌ക്ക് മുതല്‍ക്കൂട്ടാവുമെന്ന് പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ശുഭാങ്കർ സർക്കാർ പറഞ്ഞു.