കേരളം

kerala

ETV Bharat / state

'നിങ്ങ വോട്ട് മാട്‌ദിരിയാ... ആ വോട്ട് അയിത്തു'; വയനാട്ടിലെ ബാവലിക്ക് അതിര്‍ത്തി കടന്നൊരു വോട്ട് ദിനം - WAYANAD LOKSABHA BYELECTION 2024

കര്‍ണാടക കേരള അതിര്‍ത്തിയിലെ ബാവലിക്ക് തെരഞ്ഞെടുപ്പ് കാലം വേറിട്ടതാണ്. ബാവലിയില്‍ നിന്നും വിളിപ്പാടകലെയുള്ള ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പോളിങ്ങ് ബൂത്ത്.

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് 2024  WAYANAD ELECTION  POLLING BOOTHS IN BAVALI  LATEST NEWS IN MALAYALAM
Polling Booth In Bavali (ETV Bharat)

By ETV Bharat Kerala Team

Published : Nov 13, 2024, 7:54 PM IST

വയനാട്:നിങ്ങ വോട്ട് മാട്‌ദിരിയാ... ആ വോട്ട് അയിത്തു... കന്നടയും മലയാളവും ഇടകലര്‍ന്ന ബാവലിക്കും തെരഞ്ഞെടുപ്പ് കാലം വേറിട്ടതാണ്. തൊഴിലിനും ജീവിതത്തിനുമിടയില്‍ ഒരു പാലം ദേശത്തിന്‍റെയും ഭാഷയുടെയും അതിരുകള്‍ വരയ്ക്കുമ്പോഴും അങ്കലാപ്പുകളില്ലാതെ ഇവരെല്ലാം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മുടങ്ങാതെ വോട്ട് ചെയ്യാനെത്തും. കര്‍ണാടകയില്‍ നിന്നും മലയാള ദേശത്തിലേക്ക് ഏഴ് ദശകങ്ങള്‍ക്ക് മുമ്പ് കുടിയേറി ഈ നാട്ടുകാരായി മാറിയവരുടെ ഒത്തുചേരല്‍ കൂടിയാണ് ഇവര്‍ക്ക് തെരഞ്ഞെടുപ്പ് കാലം.

കര്‍ണാടക കേരള അതിര്‍ത്തി ഗ്രാമം ബാവലിയില്‍ നിന്നും വിളിപ്പാടകലെയുള്ള ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പോളിങ്ങ് ബൂത്ത്. പരസ്‌പരം കന്നട ഭാഷയില്‍ പരിചയം പുതുക്കിയും വിശേഷങ്ങള്‍ പറഞ്ഞും ഇവര്‍ ഈ തെരഞ്ഞെടുപ്പ് കാലത്തെയും സജീവമാക്കി. കൃഷിയും കന്നുകാലി വളര്‍ത്തലും പാരമ്പര്യ തൊഴിലായി സ്വീകരിച്ച ഒരു കൂട്ടം ഗ്രാമവാസികളുടെയും ഇടമാണിത്.

Wayanad Loksabha Byelection (ETV Bharat)

വേട ഗൗഡ, ബഗുഡ വിഭാഗത്തിലുള്ളവരും അടിയ, പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളും 30 ശതമാനത്തോളം പൊതുവിഭാഗത്തിലുള്ളവരുടെയും നാടാണിത്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ട ബാവലി പോളിങ്ങ് ബൂത്തില്‍ 1,266 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 658 സ്ത്രീ വോട്ടര്‍മാരും 565 പുരുഷ വോട്ടര്‍മാരുമാണുള്ളത്.

ഗൗഡ കുടുംബത്തില്‍പ്പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ക്കും ഈ ബൂത്തിലാണ് വോട്ടുള്ളത്. മലയാളവും കന്നട ഭാഷയുമെല്ലാം ഒരു പോലെ അറിയുന്ന ഈ ഗ്രാമത്തിലെ അങ്കണവാടി അധ്യാപിക കൂടിയായ പിസി വത്സലയാണ് ബൂത്ത് ലെവല്‍ ഓഫിസര്‍. വോട്ടര്‍മാരെയും അവരുടെ വീടുകളുമെല്ലാം സുപരിചിതമായ ഇവര്‍ വോട്ടര്‍മാര്‍ക്ക് സ്ലിപ് നല്‍കാനും ബൂത്ത് കാണിച്ച് നല്‍കാനുമെല്ലാം മുന്നിലുണ്ട്.

Wayanad Loksabha Byelection (ETV Bharat)

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നുമാണ് വേട ഗൗഡര്‍ കബനിക്കരിയിലേക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പലായനം ചെയ്‌ത് എത്തിയത്. ഇവരുടെ പുതിയ തലമുറകളാണ് ബാവലയിലും ഷാണമംഗലത്തുമെല്ലാം പിന്നീട് താമസമാക്കിയത്. അതിനൊപ്പം മറ്റു കുടുംബങ്ങളും ഈ ഗ്രാമത്തിലേക്ക് ചേക്കേറി.

അതിര്‍ത്തിക്കപ്പുറം കര്‍ണാടക ഗ്രാമങ്ങളില്‍ കൃഷി തകൃതിയാകുന്ന കാലമാണ്. ഇതിനെല്ലാം ഒരു ദിനം അവധി നല്‍കിയാണ് വോട്ട് ചെയ്യാന്‍ പലരും ബാവലിയിലെ വിദ്യാലയത്തിലെത്തിയത്. കഴിഞ്ഞ തവണ 90 ശതമാനം പേരും വോട്ട് ചെയ്‌തിരുന്നു. ഇത്തവണയും വലിയ മാറ്റമില്ലാതെ ബാവലിയും പോളിങ്ങ് ബൂത്തിലെത്തി മടങ്ങി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കതിരണിഞ്ഞ് ചേകാടി, വോട്ടുമുടക്കാതെ വനഗ്രാമം:സുഗന്ധം വിളഞ്ഞ പാടത്ത് വോട്ടെടുപ്പിന്‍റെയും ഉത്സവം. കതിരണിഞ്ഞ നെല്‍പ്പാടം കടന്ന് കാടിന് നടുവിലെ ചേകാടിയും അതിരാവിലെ ബൂത്തിലെത്തി. നൂറ് വര്‍ഷം പിന്നിട്ട ചേകാടിയിലെ ഏക സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ തന്നെയായിരുന്നു ഇത്തവണയും പോളിങ്ങ് ബൂത്തായത്. വനഗ്രാമത്തിലെ തണുപ്പിനെയും മറികടന്ന് വോട്ടെടുപ്പില്‍ തുടക്കം മുതലെ സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 94 ശതമാനം ആദിവാസി വോട്ടര്‍മാരുള്ള ചേകാടിക്ക് ഈ തെരഞ്ഞെടുപ്പ് കാലവും ആഘോഷമായിരുന്നു. വയലില്‍ നാട്ടിപ്പണി കഴിഞ്ഞ് കൊയ്ത്തുകാലമാകുന്നത് വരെയാണ് ചേകാടിയുടെ വിശ്രമകാലം. ഈ ഇടവേളയിലാണ് വീണ്ടുമൊരു തെരഞ്ഞെടുപ്പും എത്തുന്നത്. ഗ്രാമവാസികളെല്ലാം നാട്ടില്‍ തന്നെയുണ്ട്. വോട്ടുമുടക്കാതെ ബൂത്തിലെത്താന്‍ കാടിറങ്ങിയും ഗ്രാമവാസികളുടെ നീണ്ട നിരയുണ്ടായിരുന്നു. വിദൂരത്തുള്ള കോളനികളില്‍ നിന്നെല്ലാം വോട്ടര്‍മാര്‍ക്കായി വാഹനങ്ങളും പ്രദേശികമായി ഏര്‍പ്പെടുത്തിയിരുന്നു.

1,210 വോട്ടര്‍മാരാണ് ഈ ഗ്രാമത്തിലുള്ളത്. ഇതില്‍ 20 വോട്ടര്‍മാര്‍ ഹോം വോട്ടിങ്ങ് സംവിധാനത്തെ ഉപയോഗപ്പെടുത്തി. 565 പുരുഷ വോട്ടര്‍മാരും 645 സ്ത്രീ വോട്ടര്‍മാരുമാണ് ഇത്തവണ വോട്ടര്‍ പട്ടികയിലുള്ളത്. വനഗ്രാമമായതിനാല്‍ പ്രത്യേക സുരക്ഷ സംവിധാനത്തിലായിരുന്നും ചേകാടിയിലെയും വോട്ടെടുപ്പ്. താഴശേരി, ചന്ത്രോത്ത്, കുണ്ടുവാടി തുടങ്ങി കാടിന്‍റെ കരയിലുള്ള ഗോത്ര സങ്കേതങ്ങളില്‍ നിന്നുള്ളവരെല്ലാം ഉച്ചയ്ക്ക് മുമ്പേ ബൂത്തിലെത്തി വോട്ട് ചെയ്‌ത് മടങ്ങി.

അടിയ, പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളും വയനാടന്‍ ചെട്ടി കുടുംബങ്ങളുമെല്ലാം ചേര്‍ന്നതാണ് ചേകാടിയിലെ വോട്ടര്‍ പട്ടിക. വനത്താല്‍ ചുറ്റപ്പെട്ട ഈ ഗ്രാമം മറ്റൊരു കൊയ്ത്തുകാലത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലെത്തിയ തെരഞ്ഞെടുപ്പിലും ചേകാടി ആവേശത്തോടെ അണിനിരന്നു.

Also Read:ഉള്ളുപൊട്ടിയ ഓർമയിൽ ഉറ്റവരില്ലാതെ വോട്ടുചെയ്യാൻ അവരെത്തി; പൂക്കള്‍ നല്‍കി സ്വീകരിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ▶വീഡിയോ

ABOUT THE AUTHOR

...view details