കേരളം

kerala

ETV Bharat / state

പ്രിയങ്കരിയാകുമോ പ്രിയങ്ക? വയനാട് വിധിയെഴുതുമ്പോൾ..

വയനാട് നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങവെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഉയര്‍ത്തിയ പ്രധാന വിഷയങ്ങൾ നോക്കാം..

WAYANAD LOKSABHA BYPOLL  WAYANAD BYPOLL CAMPAIGNING  വയനാട് ഉപതെരഞ്ഞെടുപ്പ്  വയനാട് പ്രചാരണ വിഷയങ്ങള്‍
Wayanad Bypoll (ETV Bharat)

By ETV Bharat Kerala Team

Published : Nov 12, 2024, 7:05 PM IST

വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. പാര്‍ലമെന്‍ററി രാഷ്‌ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം എന്ന നിലയില്‍ രാഷ്‌ട്രീയ കേരളവും ഇന്ത്യയും ഒരുപോലെ ഉറ്റുനോക്കുന്ന മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി വയനാട്ടില്‍ നിന്നും ജയിച്ചുകയറാനുറച്ചെത്തിയ പ്രിയങ്കയ്‌ക്ക് എല്‍ഡിഎഫിന്‍റെ സത്യന്‍ മൊകേരിയും എന്‍ഡിഎയുടെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരമാവധി വോട്ടുറപ്പിക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണ പരിപാടികളാണ് മൂന്ന് മുന്നണികളും വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നടത്തിയത്. മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഉയര്‍ത്തിയ പ്രധാന വിഷയങ്ങൾ നോക്കാം.

ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാണെങ്കിലും പ്രിയങ്കയ്‌ക്ക് എതിരായ രാഷ്‌ട്രീയ പോരാട്ടമാണെന്ന് എല്‍ഡിഎഫ്‌ പലകുറി ആവര്‍ത്തിച്ചിരുന്നു. ബിജെപി - മോദി സര്‍ക്കാറിന്‍റെ നയങ്ങള്‍ പ്രിയങ്കയുടേയും സത്യന്‍ മൊകേരിയുടേയും പ്രചാരണത്തിന്‍റെ പ്രധാന വിഷയമായിരുന്നു. ഇന്ത്യയില്‍ മതേതരത്വത്തിന്‍റെ പ്രാധാന്യവും അത് തകരുന്ന ഭീകരാവസ്ഥയും ഇരുവരും മണ്ഡലത്തില്‍ ആവർത്തിച്ച് പറഞ്ഞു.

ബിജെപിയുടേത് വിഭജന രാഷ്‌ട്രീയമാണെന്നും മോദി സര്‍ക്കാര്‍ ഇഷ്‌ടക്കാര്‍ക്ക് വേണ്ടിയാണ് നയങ്ങള്‍ ആവിഷ്‌കരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരുവര്‍ക്കും ഏകസ്വരമായിരുന്നു. തൊഴിലില്ലായ്‌മയും ദുരന്തം വിതച്ച വയനാടിനോട് കേന്ദ്രം കാട്ടിയ അവഗണയും ഇരു മുന്നണികളും തുറന്നുകാട്ടി. സ്‌ത്രീ ശാക്തീകരണം, യുവജന ക്ഷേമം, കായിക രംഗത്തെ വികസനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ മൂന്ന് സ്ഥാനാര്‍ഥികളും ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരുന്നു.

പ്രിയങ്കയ്‌ക്കെതിരെ, കുടുംബാധിപത്യമെന്ന ആയുധമാണ് എതിരാളികള്‍ പ്രധാനമായും പ്രയോഗിച്ചത്. രാഹുലിന് പിന്നാലെ പ്രിയങ്കയെ വയനാട്ടിലെത്തിച്ചത് ഇതിന്‍റെ ഭാഗമാണ്. തുടര്‍ച്ചയായ രണ്ടാം തവണയും തെരഞ്ഞെടുത്തിട്ടും രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും ഇരുവരും ആരോപിച്ചു. എന്നാല്‍ വയനാടിനെ ചേര്‍ത്തുപിടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക മറുപടി നല്‍കിയത്. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയും ഏറെ വൈകാരികമായാണ് വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്‌തത്.

നിലവില്‍ നിശബ്‌ദ പ്രചാരണത്തിന്‍റെ തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ജനങ്ങള്‍ ആരെ സ്വീകരിച്ചുവെന്നതറിയാന്‍ നവംബര്‍ 23-ന് വരെ കാത്തിരിക്കണം.

Also Read:പുനരധിവാസ കാലത്തെ വോട്ടെടുപ്പ്; തെരഞ്ഞെടുപ്പിനൊരുങ്ങി ചൂരൽമല

ABOUT THE AUTHOR

...view details