കോഴിക്കോട്: ഒട്ടകങ്ങളെ കൂട്ടത്തോടെ കാണാൻ ഇനി രാജസ്ഥാനിൽ പോകേണ്ടതില്ല. മാവൂരിലേക്ക് വച്ചുപിടിച്ചാൽ മതി. പ്രവാസിയായ മാവൂർ പനങ്ങോട് സ്വദേശി അനസാണ് ഒട്ടകങ്ങളെ മാവൂരില്‍ എത്തിച്ചത്. പ്രവാസ ജീവിതത്തിനിടയിൽ നിത്യവും കാണുന്ന ഒട്ടകങ്ങളോടുള്ള താത്പര്യമാണ് മാവൂരിലും ഒട്ടക ഫാം എന്ന ആശയത്തിലേക്ക് അനസിനെ എത്തിച്ചത്.
പിന്നെ ഒട്ടും താമസിച്ചില്ല, നേരെ രാജസ്ഥാനിലെത്തി. രാജസ്ഥാനിൽ നിന്നും ആദ്യം ഒൻപത് ഒട്ടകങ്ങളെയാണ് മാവൂരിൽ എത്തിച്ചത്. ഇനിയും ഒട്ടകങ്ങള്‍ ഫാമിലേക്ക് എത്തും. ഒട്ടകങ്ങൾക്ക് നമ്മുടെ സാഹചര്യങ്ങളോടും ഇണങ്ങി ജീവിക്കാൻ ആവും എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു അനസ്. പ്ലാവിലയും മാവിന്‍റെ ഇലയും മറ്റ് മരങ്ങളിലെ ഇലകളും പുല്ലുമെല്ലാമാണ് ഒട്ടകങ്ങൾക്ക് തീറ്റയായി നൽകുന്നത്. കൂടാതെ പച്ചവെള്ളവും ധാരാളം നൽകുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രദേശവാസിയായ അബ്‌ദു ലത്തീഫിനാണ് ഒട്ടകങ്ങളുടെ പരിചരണ ചുമതല. ആവശ്യക്കാർക്ക് ഒട്ടകങ്ങളെ വിൽപന നടത്തുന്നതിനും ആഘോഷ പരിപാടികൾക്ക് മിഴിവേകുന്നതിന് ഒട്ടകങ്ങളെ നൽകുന്നതിനും ആലോചനയുണ്ട്. മാവൂരിൽ ഒട്ടകങ്ങൾ എത്തിയതറിഞ്ഞ് നിരവധി പേരാണ് പനങ്ങോട് ഈ കാഴ്‌ച കാണാൻ എത്തുന്നത്.