തിരുവനന്തപുരം: രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ഹരികുമാറിനെ വീണ്ടും ജുഡീഷ്യൽ കസ്‌റ്റഡിയിലേക്ക് വിട്ടു നൽകി പൊലീസ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം (ഫെബ്രുവരി 4) ഹരികുമാറിനെ കസ്‌റ്റഡി അപേക്ഷ പ്രകാരം ഏഴാം തീയതി വരെ വിട്ടു നൽകിയിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള മാനസിക ആരോഗ്യനില ഹരികുമാറിന് ഉണ്ടെന്ന മാനസിക ആരോഗ്യ വിദഗ്‌ധരുടെ സാക്ഷിപത്രം കോടതിയിൽ കൈമാറാൻ പൊലീസിന് കഴിഞ്ഞില്ല. തുടർന്ന് വീണ്ടും കോടതി ഹരികുമാറിന് ജുഡീഷ്യൽ കസ്‌റ്റഡിയിലേക്ക് മാറ്റുകയായിരുന്നു.
സാക്ഷിപത്രം നൽകണമെങ്കിൽ പ്രതിയെ മെഡിക്കൽ കോളജിൽ 10 ദിവസം നിരീക്ഷിക്കണമെന്നാണ് ഡോക്‌ടർമാരുടെ നിലപാട്. അതേസമയം പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നറിയാന്‍ മജിസ്‌ട്രേറ്റ് ഇയാളുമായി സംസാരിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സഹോദരിയുടെ കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ഹരികുമാർ അറസ്‌റ്റിലാകുന്നത്. നെയ്യാറ്റിൻകര സബ് ജയിലിലാണ് നിലവിൽ പ്രതിയെ പാർപ്പിച്ചിട്ടുള്ളത്. പ്രതിയെ രോഗ നിരീക്ഷണത്തിന് അയക്കുന്നത് സംബന്ധിച്ച തീരുമാനം കോടതി പിന്നീട് എടുക്കും എന്നാണ് അറിയുന്നത്.