ചണ്ഡീഗഡ്: പഞ്ചാബിലെ പട്യാലയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഏഴ് റോക്കറ്റ് ഷെല്ലുകള്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പരിസരങ്ങളിൽ നടത്തിയ തെരച്ചിലിൽ മറ്റ് സ്ഫോടകവസ്‌തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഉപേക്ഷിച്ച റോക്കറ്റ് ഷെല്ലുകള്‍ക്ക് സ്‌ഫോടനാത്മക സ്വഭാവമില്ലെന്നും പഞ്ചാബ് ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ (പട്യാല റേഞ്ച്) മൻദീപ് സിങ് സിദ്ദു പറഞ്ഞു.
ട്രാഫിക് പൊലീസ് ഇൻ-ചാർജ് എഎസ്ഐ അമർജിത് സിങ്, കോൺസ്റ്റബിൾമാരായ ഗുർപ്യാർ സിങ്, ഗുർവീന്ദർ സിങ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. റോക്കറ്റ് ഷെല്ലുകള്‍ മാലിന്യ കൂമ്പാരത്തിൽ കണ്ടെന്ന വഴിയാത്രക്കാരൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബോംബ് ഡിസ്പോസൽ സ്ക്വാഡും ആൻ്റി-സബോട്ടേജ് ടീമും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയതായി പൊലീസ് പറഞ്ഞു. ഷെല്ലുകള്‍ക്ക് സ്‌ഫോടന സ്വഭാവമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി പൊലീസ് പറഞ്ഞു. ആക്രി വസ്‌തുക്കള്‍ ശേഖരിക്കുന്നയാളാണ് ഇവ ഉപേക്ഷിച്ചതെന്ന് സംശയമുള്ളതായും എല്ലാ സാധ്യതകളും കണക്കിലെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നും കണ്ടെത്തിയ ഷെല്ലുകള്‍ ആർമി ഉദ്യോഗസ്ഥരെകൊണ്ട് പരിശോധിപ്പിക്കുമെന്നും ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ അറിയിച്ചു. ഷെല്ലുകളുടെ പഴക്കം അവ എങ്ങനെയാണ് ഇവിടെ എത്തിയത് എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടത്തുന്നതെന്നും പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.