എറണാകുളം: വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്രസർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വയനാട് ഉരുൾപൊട്ടൽ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാണ് കേന്ദ്രസർക്കാർ കേരള സർക്കാരിനോട് പണം ആവശ്യപ്പെട്ടത്. മുറിവിന് മുകളിൽ മുളക് തേയ്‌ക്കുന്ന പ്രവർത്തനമാണ് കേന്ദ്രം ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബിജെപി ഭരിക്കുന്ന കേന്ദ്രം ദുരന്തനിവാരണത്തിനായി സംസ്ഥാനത്തിന് വാഗ്‌ദാനം ചെയ്‌ത ഫണ്ട് പോലും നൽകുന്നതിൽ പരാജയപ്പെട്ടു. ഇത് സംസ്ഥാനത്തെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഇത് പോരാഞ്ഞിട്ടാണ് ഇപ്പോൾ വ്യോമസേനയുടെ പേരിൽ പുതിയ ബില്ലും കൊണ്ടുവന്നതെന്ന് അദ്ദേഹം വിമർശിച്ചു.
എയർലിഫ്റ്റ് ചാർജുകളുടെ കുടിശിക എന്ന പേരിൽ പഴയ ചീഫ് സെക്രട്ടറി വി വേണുവിൻ്റെ ഓഫിസിൽ ലഭിച്ച ബില്ലിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം. 2024 ഒക്‌ടോബർ 22 എന്ന് തീയതി നൽകിയിരിക്കുന്ന ബില്ല് ചീഫ് സെക്രട്ടറിക്ക് ലഭിക്കുന്നത് നവംബർ 2ന് ആയിരുന്നു.