തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന്, നാല് ദിവസങ്ങളിൽ പകൽ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷC വകുപ്പ് അറിയിച്ചു.
24 മുതൽ 26 വരെയുള്ള കാലാവസ്ഥ പ്രവചനം ആനുസരിച്ച് തിരുവനന്തപുരത്തെ ഉയർന്ന താപനില 34.1°C ഉം കുറഞ്ഞ താപനില 26.4 °C ഉം രേഖപ്പെടുത്തി. പുനലൂർ ഉയർന്ന താപനില 36°C ഉം കുറഞ്ഞ താപനില 20.5°C ഉം ആണ്.
പാലക്കാട് ഉയർന്ന താപനില 36.5°C ഉം കുറഞ്ഞ താപനില 27.1°C ഉം രേഖപ്പെടുത്തി. എറണാകുളത്തെ ഉയർന്ന താപനില 35.6°C കുറഞ്ഞ താപനില 24.°C ഉം ആണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ താപനില ഇപ്രകാരമാണ്. കഴിഞ്ഞ ദിവസം പാലക്കാട് മുണ്ടൂരിൽ 39.2°c ചൂട് രേഖപ്പെടുത്തി.
അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യുവി ഇൻഡക്‌സിലും വർധനവ് ഉണ്ട്. നിലവിൽ പാലക്കാട്, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്.
ബംഗാൾ ഉൽക്കടലിൽ ചക്രവാതചുഴി

അതേസമയം ചൂടിന് ആശ്വാസമായി തെക്കൻ ബംഗാൾ ഉൽക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. 27ാം തീയതി ഇടിമിന്നലിനും 28 മുതൽ മാർച്ച് ഒന്ന് വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
28ആം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട സംസ്ഥാനങ്ങളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.