പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി 9 ദിവസത്തെ കാത്തിരിപ്പ് മാത്രം. സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം മെയ് 9, വ്യാഴാഴ്‌ച പ്രഖ്യാപിക്കും. കഴിഞ്ഞ തവണ മെയ് 25ന് ആയിരുന്നു പ്ലസ് ടു പരീക്ഷ ഫലം വന്നത്.
ആകെ 441120 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഏപ്രില്‍ 3 മുതല്‍ 23 വരെ നടത്തിയ മൂല്യ നിര്‍ണയ ക്യാമ്പിലൂടെ ഉത്തരക്കടലാസുകളുടെ പരിശോധന പൂര്‍ത്തിയായി. 77 ക്യാമ്പുകളിലായി ഇരുപത്തയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്ത മൂല്യ നിര്‍ണയ ക്യാമ്പിനെ തുടര്‍ന്ന് ടാബുലേഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
അതേസമയം പ്ലസ് ടു പരീക്ഷയില്‍ കഴിഞ്ഞ തവണ 376135 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 312035 പേരാണ് വിജയിച്ചത്. 82.95 ശതമാനമായിരുന്നു വിജയം. തൊട്ടു മുന്‍പത്തെ വര്‍ഷം 83.87 ശതമാനം വിജയമുണ്ടായിരുന്നു. വിജയ ശതമാനത്തില്‍ കഴിഞ്ഞ തവണ നേരിയ കുറവുണ്ടായിരുന്നു.