തിരുവനന്തപുരം:തെങ്ങിൽ കയറാൻ ആളെ കിട്ടാത്തത് കേര നിരകളുടെ സ്വന്തം കേരളത്തിൽ ഒരു പ്രധാന പ്രശ്‌നമാണ്. എന്നാൽ, തലമുറകൾ കൈമാറി വന്ന തെങ്ങ് കൃഷി അങ്ങനെയൊരു പ്രതിസന്ധിയുടെ പേരിൽ ഉപേക്ഷിക്കാൻ തയ്യാറല്ല തിരുവനന്തപുരം, വിതുര തൊളിക്കോട് സ്വദേശിയായ മനോഹരൻ. നിലത്ത് നിന്ന് തേങ്ങയിടാൻ കഴിയുന്ന തരത്തിൽ പച്ച കുറിയൻ തെങ്ങെന്ന ഇനം വികസിപ്പിച്ചിരിക്കുകയാണ് ഈ കർഷകൻ.
കഴിഞ്ഞ മൂന്ന് വർഷമായി രാജ്യമാകെ വെറും 28 ആഴ്‌ചകൾ കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന തന്‍റെ തെങ്ങിൻ തൈകളുടെ പ്രചാരണത്തിലാണ് ഈ കർഷകൻ. വിത്തിനോടൊപ്പം കൃഷി രീതി വിശദീകരിക്കുന്ന ബ്രോഷറും മനോഹരൻ ആവശ്യകാർക്ക് അയച്ചു കൊടുക്കും.
ഒരു മീറ്റർ താഴ്‌ചയിലും വീതിയിലും കുഴിയെടുത്ത് മണ്ണ് പുറത്താക്കണം. മുക്കാൽ ശതമാനം മണ്ണും വേരിനൊപ്പം തിരികെ കുഴിയിലേക്ക് എത്തും. അതിന് ശേഷം ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, അര കിലോയോ ഒരു കിലോയോ എല്ല് പൊടി ചേർക്കണം. അതിന് ശേഷം തെങ്ങിൻ തൈ നടാമെന്ന് മനോഹരൻ പറയുന്നു.