ശ്രീനഗർ: വഖഫ് ഭേദഗതി ബില്ലിന് ജെഡിയുവിന്‍റെയും ടിഡിപിയുടെയും പൂർണ്ണ പിന്തുണ നരേന്ദ്ര മോദി സർക്കാരിനുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും നിർദ്ദിഷ്‌ട നിയമനിർമാണത്തിൽ പങ്കുചേരുന്നുണ്ടെന്നും കിരണ്‍ റജിജു പറഞ്ഞു. ശ്രീനഗറിൽ ഒരു വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരന്നു റിജിജു.
'ബില്ല് പാർലമെന്‍റിൽ അവതരിപ്പിച്ച് സുതാര്യത ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ വഖഫ് സ്വത്ത് ഇന്ത്യയിലാണ്. പക്ഷേ അത് പാവപ്പെട്ട മുസ്ലീങ്ങൾക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുന്നില്ല.
കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കൾ ഉണ്ടായിരുന്നിട്ടും സമൂഹത്തിലെ പലരും ഇപ്പോഴും ബുദ്ധിമുട്ടുന്നു. ബിൽ സ്വത്തുക്കൾ തട്ടിയെടുത്ത് മറ്റൊരാൾക്ക് നൽകുന്നതല്ല. നമ്മുടെ രാജ്യം ഭരണഘടന പ്രകാരമാണ് പ്രവർത്തിക്കുന്നത്. നമുക്ക് നീതിയും സുതാര്യതയും വേണം.'- കിരണ്‍ റിജിജു പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ബില്ലിന്മേല്‍ ചില എതിർപ്പുകൾ ഉള്ളതായും കിരണ്‍ റിജിജു സമ്മതിച്ചു. ചില മുസ്ലീം എംപിമാർ സ്വകാര്യമായി തനിക്ക് പിന്തുണ അറിയിച്ചതായും കിരണ്‍ റിജിജു അവകാശപ്പെട്ടു. എന്നാല്‍ അവരുടെ പേരുകൾ വെളിപ്പെടുത്താന്‍ റിജിജു തയാറായില്ല. അവരുടെ പാർട്ടികളുടെ സമ്മർദ്ദം മൂലമാണ് അവർ ബില്ലിനെ എതിർക്കുന്നത് എന്നും കിരണ്‍ റിജിജു അവകാശപ്പെട്ടു.
ജമ്മു കശ്‌മീർ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തില്‍ നിന്ന് കേന്ദ്ര മന്ത്രി ഒഴിഞ്ഞുമാറി. യഥാസമയം അത് പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മാത്രമാണ് കിരണ്‍ റിജിജു പ്രതികരിച്ചത്.
നികുതി ഇളവ് നേരിടുന്ന മധ്യവർഗത്തിന് കേന്ദ്ര ബജറ്റില്‍ വലിയ ആശ്വാസം നൽകുമെന്ന് കിരണ്‍ റിജിജു പറഞ്ഞു. ജമ്മു കശ്‌മീരിലേക്കുള്ള ബജറ്റ് വിഹിതം കുറച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, കേന്ദ്ര ഭരണ പ്രദേശത്തിന്‍റെ ചെലവ് ശേഷി കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് മന്ത്രി വിശദീകരിച്ചു. ആവശ്യമുള്ള പണം നൽകുമെന്നും മന്ത്രി പറഞ്ഞു.
ജമ്മു കശ്‌മീരിലെ ചെറുകിട വ്യവസായങ്ങൾക്ക് പുറമെ കരകൗശല മേഖല, പൂന്തോട്ടപരിപാലനം, കൃഷി എന്നിവയെ ബജറ്റ് ഉത്തേജിപ്പിക്കുമെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.
വഖഫ് (ഭേദഗതി) ബില്ലിന്‍റെ നിലവിലെ സ്ഥിതി
ജനുവരി 30 ന്, വഖഫ് (ഭേദഗതി) ബില്ലിനായുള്ള പാർലമെന്‍റ് സംയുക്ത സമിതി റിപ്പോർട്ട് അംഗീകരിക്കുകയും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്ക്ക് സമർപ്പിക്കുകയും ചെയ്‌തു. പാർലമെന്‍ററി പാനലിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതായി വാദിച്ച് കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങൾ തിരുത്തി.
പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ, ലോക്‌സഭാ സ്‌പീക്കർ വിയോജിപ്പ് കുറിപ്പുകൾ പൂർണ്ണമായും സമർപ്പിക്കാൻ അനുവദിച്ചുകൊണ്ട് വ്യാഴാഴ്‌ച (ഫെബ്രുവരി 13) പാർലമെന്‍റിന്‍റെ ഇരുസഭകളിലും റിപ്പോർട്ട് സമർപ്പിച്ചു. ബിജെപിക്ക് അതിൽ എതിർപ്പില്ലെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്.
കമ്മിറ്റി ചെയർമാന്‍റെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ അതത് സഭകളില്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്‌ധമായി. ബഹളത്തെ തുടർന്ന്, പാർലമെന്‍റ് നടപടികൾ മാർച്ച് 10 വരെ നിർത്തിവെച്ചു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഭാഗവും അവസാനിച്ചു.