കേരളം

kerala

ETV Bharat / state

കുടകിലെ രുചിത്താവളം: തനിനാടൻ കേരള വിഭവങ്ങളുമായി കുട്ടയിലെ വനിത മെസ് - LADIES MESS IN KUTTA - LADIES MESS IN KUTTA

കുടകില്‍ മലയാളികള്‍ നടത്തുന്ന വനിത മെസിലെ ഭക്ഷണത്തിന് രുചിയേറെ. കൂര്‍ഗ് കാഴ്‌ചകള്‍ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും വനിത മെസിലൊന്ന് കയറും. കുട്ടയിലെ വനിത മെസിലെ വിശേഷങ്ങളറിയാം.

VANITHA MESS IN KUTTA  കുട്ടയിലെ വനിത മെസ്  കുട്ടയിലെ മലയാളി ഹോട്ടൽ  MALAYALI HOTEL IN KODAGU
Vanitha mess in Kutta (ETV Bharat)

By ETV Bharat Kerala Team

Published : Jun 27, 2024, 10:26 PM IST

നിനാടൻ കേരള വിഭവങ്ങളുമായി കുട്ടയിലെ വനിത മെസ് (ETV Bharat)

കണ്ണൂര്‍: കുടകരുടെയും മലയാളികളുടെയും നാടന്‍ രുചിയുടെ കേന്ദ്രമാവുകയാണ് കുടകിലെ കുട്ടയില്‍ മലയാളികള്‍ നടത്തുന്ന വനിത മെസ്. ആര്‍ഭാടങ്ങളോ പുറം മോടിയോ ഇല്ലാത്ത ഈ തനിനാടന്‍ ഹോട്ടല്‍ സഞ്ചാരികളുടെയും തദ്ദേശീയരുടെയും രുചിയുടെ താവളമാണ്. നാഗര്‍ഹോള ദേശീയോദ്ധ്യാനവും ഇര്‍പ്പൂ ഫാള്‍സും സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ കുട്ട മെയില്‍ റോഡിലെ ഈ ഹോട്ടലില്‍ പ്രഭാത ഭക്ഷണമോ ഉച്ചയൂണോ കഴിച്ചേ മടങ്ങൂ.

കൃത്രിമമായ ചേരുവയൊന്നുമില്ലാതെ രുചിയുള്ള ഭക്ഷണം നൽകുവാന്‍ വനിത മെസുകാര്‍ തയ്യാറാണ്. വടക്കേ മലബാറിന്‍റെ തനത് രുചിയില്‍ പുട്ട്, പൊറോട്ട, പൂരി അതിനൊപ്പം കറികളായി ചെറുപയര്‍, ഗ്രീന്‍ പീസ്, മീന്‍ കറി എന്നിവയും മെസില്‍ ലഭിക്കും. കുടകിന്‍റെ സ്വന്തം പച്ചരിയും കേരളീയമായ കറികളും ഉള്‍പ്പെട്ട ഉച്ചയൂണിന് പ്രത്യേക രുചിയാണ്.

പച്ചരി ചോറിനൊപ്പം സാമ്പാര്‍, കൂട്ടുകറി, മീന്‍ കറി, പച്ചടി, ഉപ്പേരി, അച്ചാര്‍, രസം, പപ്പടം എന്നിവക്ക് 60 രൂപയാണ് ഈടാക്കുന്നത്. ഇവക്ക് പുറമെ സ്‌പെഷലായി മീന്‍ വറുത്തതും ചിക്കന്‍ കബാബും ഇവിടെ റെഡിയാണ്. സ്‌പെഷല്‍ ഇനങ്ങള്‍ക്ക് മിതമായ വിലയാണ് ഈടാക്കുന്നത്. കുട്ട ചന്തയുള്ള ദിവസം ചന്തയിലെത്തുന്ന ഉപഭോക്താക്കളും കച്ചവടക്കാരുമൊക്കെ ഇവിടുത്തെ ബിരിയാണിയുടെ സ്വാദ് അറിഞ്ഞേ പോകൂ. ഒന്നിടവിട്ട ദിവസങ്ങളില്‍ ബിരിയാണിയും നെയ്‌ച്ചോറും മാറി മാറി ഈ മെസില്‍ നിന്നും ലഭിക്കും.

കേരളീയ ഭക്ഷണം കഴിക്കാന്‍ കേട്ടറിഞ്ഞ് കുടകരും ഇവിടെ എത്തുന്നുണ്ട്. മീനും ചോറും കുടകരുടെ ഇഷ്‌ട വിഭവമായി മാറിയിരിക്കയാണ്. സഹോദരങ്ങളും ബന്ധുക്കളുമായ നാല് വനിതകളുടെ സംരംഭമാണ് ഈ വനിത മെസ്. ഇവരുടെ കുടുംബം നിലമ്പൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടകിലേക്ക് ജോലി തേടിയെത്തിയവരാണ്. അവരുടെ പിന്‍മുറക്കാരായ ഈ വനിതകള്‍ കുടുംബത്തോടൊപ്പം കുട്ടയില്‍ താമസിച്ചു വരികയാണ്.

ഒമ്പത് വര്‍ഷം മുമ്പ് കുട്ടയില്‍ ഹോട്ടല്‍ ആരംഭിച്ചെങ്കിലും നഗരസിരാകേന്ദ്രത്തില്‍ വനിത മെസ് ആരംഭിച്ചിട്ട് നാല് വര്‍ഷമെ ആയുള്ളൂ. അപ്പോഴേക്കും ഭക്ഷണ പ്രിയരുടെ ശ്രദ്ധാകേന്ദ്രമായി ഈ ഹോട്ടല്‍ മാറി. കുടകിനും വയനാടിനും അതിരിടുന്ന ടൗണ്‍ എന്ന നിലയില്‍ ഇരു സംസ്ഥാനക്കാരുടേയും നാടന്‍ ഹോട്ടല്‍ എന്ന പദവി ഈ മെസിനുണ്ട്. കുട്ടയിലെ ബാങ്ക് ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുളള തൊഴിലാളികള്‍ എന്നിവരുടെ ഭക്ഷണ കേന്ദ്രമാണ് വനിത മെസ്.

Also Read: മമ്മൂക്കയുടെ മനസ്സ് കവര്‍ന്ന മീൻ കറി ദേ ഇവിടെയുണ്ട്

ABOUT THE AUTHOR

...view details