എറണാകുളം:കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിൽ. എംഎൽഎയുടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. വീഴ്‌ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ സെർവിക്കൽ സ്പൈനിലും പരിക്കേറ്റിട്ടുണ്ട്.
തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തര ശസ്‌ത്രക്രിയയുടെ ആവശ്യമില്ല. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനിൽ അസ്ഥികൾക്ക് ഗുരുതരമായ ഒടിവുകൾ ഇല്ലെന്നാണ് കണ്ടെത്തല്‍. മുറിവുകൾക്ക് തുന്നലുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
എംഎൽഎയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അടുത്ത വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിട്ടത്. വീഴ്‌ചയിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ എംഎൽഎ ഇപ്പോൾ വെൻ്റിലേറ്ററിലാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
MEDICAL BULLETIN (Face Book) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആരോഗ്യ നില തൃപ്‌തികരമല്ലെന്നും അപകടനില തരണം ചെയ്‌തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അബോധാവസ്ഥയിൽ ഇപ്പോഴും വെൻ്റിലേറ്ററിൽ എംഎൽഎ തുടരുകയാണ്. ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നുണ്ട്.
ഇന്നലെ (ഡിസംബർ 29) വൈകിട്ടാണ് ഉമാ തോമസ് എംഎൽഎ സ്റ്റേജിന് മുകളിൽ നിന്ന് താഴേക്ക് വീഴുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടുകൊണ്ട് കലൂർ സ്‌റ്റേഡിയത്തിൽ 12,000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെയാണ് അപകടം.
മന്ത്രി സജി ചെറിയാനോട് സംസാരിക്കവേ കാൽ വഴുതിയ എംഎൽഎ വീഴാതിരിക്കാൻ ക്യൂ മാനേജറിൽ (എയർപോർട്ടുകളിലും മറ്റും തിരക്ക് നിയന്ത്രിക്കാൻ കുറ്റികളിൽ നാട വലിച്ച് കെട്ടുന്ന സംവിധാനം) പിടിച്ചപ്പോഴാണ് താഴേക്ക് വീണത്. 15 അടി താഴ്‌ചയിലേക്കാണ് വീണത്. മന്ത്രിമാര്‍ ഉൾപ്പെടെ വിഐപികൾ പങ്കെടുത്ത പരിപാടിയിൽ വൻ സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നത്.
മെഡിക്കൽ ബുള്ളറ്റിൻ:
റിനൈ മെഡിസിറ്റി ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അബോധാവസ്ഥയിൽ ആയിരുന്ന ഉമാ തോമസ് എംഎൽഎയുടെ ജിടിഎസ് സ്കോർ 8ആയിരുന്നു. വെൻ്റിലേറ്ററിലേക്ക് അടിയന്തരമായി മാറ്റുകയും പിന്നീട് എക്‌സ് റേ, സ്‌കാനിങ് എന്നിങ്ങനെയുള്ള വിദഗ്‌ധ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്‌തു. സിടി സ്‌കാനിൽ തലയ്‌ക്ക് ക്ഷതമേറ്റതായി കണ്ടെത്തി. മുഖത്തും വാരിയെല്ലുകൾക്ക് ഒടിവും ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടാവുകയും ചെയ്‌തു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി അറിയിച്ചു.
Also Read:സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിനെ ഇടത് വശത്തിലൂടെ ഓവര്‍ടേക്ക് ചെയ്‌ത് കെഎസ്‌ആര്‍ടിസി; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്