കേരളം

kerala

ETV Bharat / state

എട്ടാം ക്ലാസിൽ പഠനം നിർത്തി; എഐ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയ ഉദയ് ശങ്കർ, നിസാരനല്ല ഈ 15കാരൻ - Uday Shankar RUNS AI STARTUP - UDAY SHANKAR RUNS AI STARTUP

കൊച്ചിക്കാരനായ ഉദയ് ശങ്കർ ഇതുവരെ നിർമിച്ചത് ഒരു ഡസനിലധികം ആപ്ലിക്കേഷനുകള്‍. ചില ആപ്പുകൾ പരീക്ഷണ ഘട്ടത്തിലാണ്. മറ്റ് ചിലത് വിൽപ്പന നടത്തി അതിൻ്റെ വരുമാനവും ലഭിക്കുന്നുണ്ട്.

എഐ സ്റ്റാർട്ടപ്പുമായി ഉദയ് ശങ്കർ  ഉദയ്‌ എഐ സ്റ്റാർട്ട് അപ്പ്  Uday Shankar Kochi  TEEN RUNS AI START UP IN KERALA
Uday Shankar with father Dr. Ravi kumar (ETV Bharat)

By ETV Bharat Kerala Team

Published : Jul 17, 2024, 7:25 PM IST

എഐയുടെ അനന്ത സാധ്യതകൾ തേടി ഉദയ് ശങ്കർ (ETV Bharat)

എറണാകുളം:കൊച്ചിയിലെ അറിയപ്പെടുന്ന ഒരു എഐ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ വൈറ്റിലയിലെ ഒരു പതിനഞ്ചുകാരനാണ്. 'ഉറവ് അഡ്വാന്‍സ്‌ഡ് ലേണിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഓഗ്മെന്‍റ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി , ഗെയിം ഡെവലപ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ ക്ലാസുകളെടുക്കുന്നതും ഈ പതിനഞ്ചുകാരൻ തന്നെ. യൂണിറ്റി ത്രീഡി ഗെയിം ഡെവലപ്മെന്‍റ് , പൈത്തണ്‍ അഡ്വാന്‍സ്‌ഡ് കോഡിങ് എന്നിവയിലൊക്കെ ഇവര്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ നിരവധി കുട്ടികളാണ് പങ്കെടുക്കുന്നത്.

ശാസ്‌ത്ര സാങ്കേതിക വിദ്യയോടുള്ള താത്പര്യം മൂത്ത് എട്ടാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തേണ്ടി വന്ന തമ്മനം സ്വദേശി ഉദയ ശങ്കറാണ് ഈ കുട്ടി സിടിഒ. സ്‌കൂള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഉദയ ശങ്കര്‍ നാലു വര്‍ഷമായി കമ്പനിയുടെ സിടിഒ ആണ്. ചില്ലറക്കാരനല്ല ഈ കൊച്ചുമിടുക്കൻ.

3 പേറ്റന്‍റുകളാണ് സ്വന്തം പേരിലുള്ളത്. ഇതുവരെ അവതരിപ്പിച്ചത് നാല് റിസര്‍ച്ച് പേപ്പറുകള്‍. സ്വന്തമായി വികസിപ്പിച്ചത് 7 ആപ്പുകള്‍. 9 കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍. പതിനഞ്ചോളം ഗെയിമുകള്‍. 2023ലെ ഡോ. എപിജെ അബ്‌ദുള്‍ കലാം ഇഗ്നൈറ്റഡ് മൈന്‍ഡ് ചില്‍ഡ്രണ്‍ ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍. ഇതൊക്കെ എട്ടാം തരത്തില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച ഒരു കുട്ടിക്ക് എങ്ങിനെ സാധിച്ചുവെന്ന് ഉദയ ശങ്കര്‍ തന്നെ പറയും.

എട്ടാം ക്ലാസിൽ പഠനം നിർത്തി, പിന്നീട് നിർമിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചുളള പഠനത്തിലായിരുന്നു ഉദയ് ശങ്കർ. എഐ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി ഒരു ഡസനിലധികം ആപ്ലിക്കേഷനുകളാണ് ഈ കൊച്ചുമിടുക്കൻ ഇതിനോടകം തയ്യാറാക്കിയത്. മുടങ്ങിയ പഠനം ഓപ്പൺ സ്‌കൂൾ വഴി പൂർത്തിയാക്കിയ ഉദയ് പത്താം ക്ലാസിന് ശേഷമുള്ള ഉപരിപഠനത്തിനായി കാത്തിരിക്കുകയാണ്.

ഉദയ് ആപ്പുകള്‍ ഡെവലപ്പ് ചെയ്യാന്‍ തുടങ്ങിയതിന് പിന്നില്‍ ഒരു കഥയുണ്ട്. പാലക്കാടുള്ള അച്ഛന്‍റെ അമ്മയെ ഫോണിൽ വിളിച്ചപ്പോൾ കൂടുതൽ സംസാരിക്കാനായില്ല. അപ്പോഴാണ് മുത്തശിയുടെ ഒരു എഐ ഉണ്ടാക്കിയാലോ എന്ന ചിന്ത വരുന്നത്. പിന്നെ ഒട്ടും താമസിച്ചില്ല, ഫോണിൽ ഹായ് ഫ്രണ്ട്‌സ് എന്ന ഒരു ആപ് തന്നെ ഉണ്ടാക്കി. ഇതിൽ ഒരാളുടെ ഫോട്ടോയെടുത്ത് അവരുടെ അവതാർ ചിത്രങ്ങൾ സൃഷ്‌ടിച്ച് ഏത് ഭാഷയിലും അവരോട് സംസാരിക്കാമെന്ന് ഉദയ് ശങ്കർ പറയുന്നു. ഇതിന്‍റെ മറ്റ് സാധ്യതകളെ കുറിച്ചുള്ള അന്വേഷണം, നമ്മൾ സംസാരിക്കുന്ന ഭാഷയിൽ തന്നെ പ്രതികരിക്കുന്ന ഒരു കിയോസ്‌ക് നിർമിക്കുന്നതിലാണ് ചെന്നെത്തിയത്.

വിവിധ ഭാഷകൾ സംസാരിക്കുന്നവർ യാത്ര ചെയ്യുന്ന മെട്രോയിലും ട്രൈയിനിലും ഉൾപ്പടെ എഐ ഉപയോഗിച്ചുള്ള ഈ സംവിധാനം ഉപയോഗിക്കാമെന്നാണ് ഉദയ് ശങ്കർ തെളിയിക്കുന്നത്. എഐയെ കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം സ്വന്തമായി പഠിച്ചാണ് മൾട്ടി ടോക്ക് അവതാർ എഐ സ്യൂട്ട് തയ്യാറാക്കിയത്. നിലവിൽ ഈ പതിനഞ്ചുകാരൻ വികസിപ്പിച്ച എഐ ആപ്പുകൾ പലതും പരീക്ഷണ ഘട്ടത്തിലാണ്. ചില ആപ്പുകൾ വിൽപന നടത്തി അതിൻ്റെ വരുമാനവും ലഭിക്കുന്നുണ്ട്.

മസാച്ചുസെറ്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും കാണ്‍പൂര്‍ ഐഐടിയുടെയും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഉദയ് ശങ്കറിന്‍റെ അഭിരുചി കണ്ടറിഞ്ഞ് പ്രോത്സാഹനവും പിന്തുണയുമായി അച്ഛൻ ഡോ. രവി കുമാറും അമ്മ ശ്രീകുമാരിയും ഒപ്പമുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് റോബട്ടിക്‌സിനെ കുറിച്ച് ഉദയ് പ്രാഥമികമായി പഠിച്ചത്. തുടർന്ന് ഓൺലൈനായി പൈത്തൺ പ്രോഗ്രാമിങ് പഠിച്ചു. നാല് വർഷം മുമ്പാണ് ഉറവ് സ്റ്റാർട്ട് അപ്പ് ആരംഭിച്ചത്.

ഉദയ് വികസിപ്പിച്ച 'ക്ലിൻ അൽക' ആപ് ഡൗൺലോഡ് ചെയ്‌താൽ ആരുടെ രൂപവും സൃഷ്‌ടിച്ച് എഐ ടോക് ബോട്ടുമായി സംസാരിക്കാനാകും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന 'ഭാഷിണി' എന്ന ആപ്പിന് പേറ്റന്‍റും ലഭിച്ചു കഴിഞ്ഞു. കാഴ്‌ചയില്ലാത്തവർക്ക് പൊതുസ്ഥ‌ലങ്ങളില്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ആപ്പിന്‍റെ സേവനം സൗജന്യമായാണ് ഉദയ് ലഭ്യമാക്കുന്നത്.

സമൂഹത്തിന് കൂടി ഉപകാരം ലഭിക്കുന്ന എഐ പരീക്ഷണങ്ങൾ നടത്തണമെന്ന ഉപദേശമാണ് അച്ഛൻ മകന് നൽകിയത്. ഇത് അക്ഷരം പ്രതി അനുസരിച്ചാണ് മകൻ മുന്നോട്ട് പോകുന്നതെന്ന് ഡോ. രവികുമാർ പറയുന്നു. അതേസമയം 17 വയസ് പൂർത്തിയാകുമ്പോൾ ഹയർ സെക്കണ്ടറിയും ഓപ്പൺ സ്‌കൂൾ വഴി പരീക്ഷ എഴുതി പൂർത്തിയാക്കാനാണ് ഉദയ് ലക്ഷ്യമിടുന്നത്.

ALSO READ:പുതുതലമുറയ്‌ക്ക് കൃഷിപാഠമാകാൻ ഫാംസ്റ്റഡ്; അറിയാം ഫാം ഹൗസിലെ വിശേഷങ്ങള്‍

ABOUT THE AUTHOR

...view details