കൊല്‍ക്കത്ത: ഏറെ കഷ്‌ടപ്പെട്ടും സ്വപ്‌നങ്ങള്‍ കണ്ടുമാണ് ചേരി നിവാസിയായ നജുമ തന്‍റെ മകളുടെ വിവാഹത്തിനായി 60,000 രൂപ സ്വരുക്കൂട്ടിയത്. അടുത്ത മാസം പന്ത്രണ്ടിന് നടക്കേണ്ട മകളുടെ വിവാഹത്തെ കുറിച്ച് ഏറെ പ്രതീക്ഷകളായിരുന്നു ഇവർക്ക്. അയല്‍ക്കാരുടെ സഹായത്തോടെ കുറച്ചു സ്വര്‍ണവും ഇവര്‍ മകള്‍ക്കായി സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ തന്‍റെ സ്വപ്‌നങ്ങളെയെല്ലാം ഒരു അഗ്നിനാളം കരിച്ച് കളയുമെന്ന് അവള്‍ കരുതിയിരുന്നേയില്ല. കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ തീപിടിത്തം നജുമ താമസിച്ചിരുന്ന ചേരിയിലെ 200 ലേറെ കുടിലുകളെയാണ് വിഴുങ്ങിയത്. നാല് മണിക്കൂറോളം നിന്ന് കത്തിയ തീയണയ്ക്കാന്‍ പതിനെട്ട് അഗ്നിശമനാ സേന യൂണിറ്റുകള്‍ വേണ്ടി വന്നു.
തന്‍റെ കുടിലിനെ അഗ്നി വിഴുങ്ങുമ്പോള്‍ നജ്‌മ റോഡില്‍ നില്‍ക്കുകയായിരുന്നു. ദീര്‍ഘകാലമായി താന്‍ താലോലിച്ചിരുന്ന സ്വപ്‌നങ്ങള്‍ പുകയായി മാറുന്നത് അവള്‍ കണ്ടു നിന്നു. മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം നിമിഷ നേരം കൊണ്ട് ചാരമായി. നജ്‌മയുടെ ഭർത്താവ് നേരത്തെ മരിച്ചു പോയതാണ്. ഇനി മകളുടെ വിവാഹം എങ്ങനെ നടത്തുമെന്ന ആശങ്കയിൽ കണ്ണീരൊഴുക്കുകയാണ് ഈ അമ്മ.
നജ്‌മയുടെ മകളുടേത് കൂടാതെ ജനുവരി പതിനഞ്ചിന് ഇവിടെ മറ്റൊരു വിവാഹം കൂടി നടക്കേണ്ടിയിരുന്നു. ചേരിയിലെ താമസക്കാരനായ യുവാവിന്‍റെ വിവാഹാവശ്യങ്ങള്‍ക്കായി കരുതിയിരുന്ന പണവും കത്തി ചാമ്പലായി. ഇതിനൊപ്പം പലരുടെയും ജീവിതവും വെന്ത് വെണ്ണീറായി. ഈ കൊടും ശൈത്യകാലം തങ്ങള്‍ എവിടെ കഴിച്ച് കൂട്ടും എന്ത് കഴിക്കും എന്നറിയാതെ ആശങ്കയിലാണിവർ.
ദുരന്ത നിവാരണ മന്ത്രി ജാവേദ് അഹമ്മദ് ഖാന്‍, അഗ്നിസേന മന്ത്രി സുജിത് ബോസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സ്വര്‍ണ കമല്‍ സാഹ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ വെണ്ണീറില്‍ നിന്ന് ജീവിതം വീണ്ടും തുടങ്ങാനുള്ള സഹായങ്ങളും അധികൃതര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൊല്‍ക്കത്തയിലെ തോപ്‌സിയയില്‍ ബി എന്‍ റോഡിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിന് സമീപമുള്ള ചേരിയിലാണ് തീപിടിത്തമുണ്ടായത്. പരിസരം മുഴുവന്‍ പുക നിറഞ്ഞിരുന്നു. നിരവധി വീടുകളും കടകളും കത്തിച്ചാമ്പലായി. പ്രദേശത്ത് ജനസാന്ദ്രത കൂടുതലായതിനാല്‍ അഗ്നിരക്ഷാ സേനയ്ക്ക് തീയണയ്ക്കാന്‍ പാടുപെടേണ്ടി വന്നു.
കനത്ത അഗ്നിബാധ ആയതിനാല്‍ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ഏറെ അടുത്തേക്ക് പോകാനും സാധിക്കുമായിരുന്നില്ല. തീ അടിയന്തരമായി നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ വേഗത്തില്‍ ആളിപ്പടരുമെന്ന് നാട്ടുകാര്‍ ഭയന്നു. സഹായത്തിനായി ഇവര്‍ മുറവിളി കൂട്ടി. ദ്രുതകര്‍മ്മസേനയും പൊലീസും സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകാതെ കൈകാര്യം ചെയ്യാനായി.
തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം പരിക്കേറ്റവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.