കേരളം

kerala

ETV Bharat / state

'തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ബിജെപി ഗൂഢാലോചന'; ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് - THRISSUR POORAM CONTROVERSY

പൂരം അലങ്കോലമാക്കി ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായെന്ന സംശയം ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ട്.

തൃശൂർ പൂരം  KOCHIN DEVASWOM BOARD  COURT NEWS  THRISSUR POORAM
High Court of Kerala (IANS)

By ETV Bharat Kerala Team

Published : Nov 20, 2024, 3:29 PM IST

എറണാകുളം:തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിൻ്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. പൂരം അലങ്കോലപ്പെടുത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള ഹർജിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് മേയ് 21ലെ റിപ്പോർട്ട് കൂടി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പൂരം അലങ്കോലമാക്കി ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായി എന്ന സംശയം ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആംബുലൻസിൽ നിയമം ലംഘിച്ച് വന്നിറങ്ങുകയും പൂരം നിർത്തിവയ്ക്കുന്നതിന് പ്രകോപിപ്പിക്കുന്ന തരത്തിലും തെരഞ്ഞെടുപ്പ് താത്‌പര്യങ്ങൾക്ക് സഹായകരമാകുന്ന വിധത്തിലും സുരേഷ് ഗോപി ഇടപെടാൻ ശ്രമിച്ചു.

അസത്യവാർത്തകള്‍ സുരേഷ് ഗോപി നൽകിയെന്ന് റിപ്പോര്‍ട്ട്

താനിടപ്പെട്ട് പൂരം പ്രതിസന്ധി പരിഹരിച്ചെന്ന അസത്യവാർത്തകളും സുരേഷ് ഗോപി നൽകി. സുരേഷ് ഗോപിയും തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി വിഷയത്തിൽ പരസ്യമായി ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തിയത് സമൂഹത്തിൽ അവമതിപ്പ് സൃഷ്‌ടിച്ചു. തൃശൂർ പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന സംശയം ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് ഇവയെല്ലാം.

തൃശൂർ പൂരത്തിൻ്റെ ചരിത്രത്തിലാദ്യമായി പങ്കാളി ക്ഷേത്രത്തിൻ്റെ പിടിവാശിമൂലം പൂരം ഏകപക്ഷീയമായി ചടങ്ങ് മാത്രമായി ചുരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആന എഴുന്നള്ളിപ്പിന് ദൂരപരിധി പാലിക്കുന്നതിനും, വെടിക്കെട്ടിൻ്റെ നടത്തിപ്പിൽ അനാവശ്യമായി ഇടപെടുന്നതിലും പൊലീസിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് പ്രവേശിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിലും പൊലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് റിപ്പോർട്ട്.

പൂരത്തിന് മുന്നോടിയായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സമ്മർദ തന്ത്രം ഉയർത്തി പ്രതിസന്ധി സൃഷ്‌ടിക്കാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വരും വർഷങ്ങളിലും ഇത്തരം പ്രതിസന്ധികളും സമ്മർദ തന്ത്രങ്ങളും പ്രതീക്ഷിക്കാമെന്നും, അതിനാൽ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതിക്ക് രൂപം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി മൂന്നാഴ്‌ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

Also Read:'തൃശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട അവസ്ഥ'; ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാർഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

ABOUT THE AUTHOR

...view details