എറണാകുളം : ആറ് വര്‍ഷത്തിന് ശേഷം പെരിയ ഇരട്ടക്കൊലക്കേസില്‍ കേരളം കാത്തിരുന്ന വിധി. കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. കെവി കുഞ്ഞിരാമന്‍ അടക്കമുള്ള നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ്.
കൊച്ചി സിബിഐ കോടതിയാണ് വിചാരണ പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമന്‍, എ പീതാംബരന്‍, സജി സി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍ കുമാര്‍, ജിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, ടി രഞ്ജിത്ത്, കെ മണികണ്‌ഠന്‍, എ സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരൻ എന്നീ പ്രതികള്‍ക്കാണ് ശിക്ഷ.
വിധിയില്‍ തൃപ്‌തിയെന്ന് കൃപേഷിന്‍റെ അച്ഛന്‍ പ്രതികരിച്ചു. അതേസമയം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് ശരത് ലാലിന്‍റെ കുടുംബം പറഞ്ഞത്. വിധി വന്നശേഷം അതി വൈകാരിക നിമിഷങ്ങള്‍ക്കാണ് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്‌മൃതി മണ്ഡപം സാക്ഷിയായത്. മുദ്രാവാക്യം വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്‌മൃതി മണ്ഡപത്തില്‍ എത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ലെന്നും പരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം പറഞ്ഞു. സാക്ഷികളുടെ മൊഴികൾ സംശയാതീതമല്ല, ചില സംശയങ്ങൾ ഇപ്പോഴും ഉണ്ട്. പല സാക്ഷി മൊഴികളിലും പിന്നീട് വൈരുധ്യം കണ്ടെത്തിയെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
അപൂവങ്ങളിൽ അപൂർവമായ കേസല്ലെന്ന് സ്ഥാപിക്കാൻ സുപ്രീം കോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും പഴയ ഉത്തരവുകൾ പ്രതിഭാഗം ചൂണ്ടി കാണിച്ചു. അതേസമയം പ്രായമായ അമ്മയുണ്ടെന്ന് മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ കോടതിയെ അറിയിച്ചു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലോട്ടെ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്ന് ആറ് വർഷം പൂർത്തിയാകാനിരിക്കെയാണ് കേസിൽ ശിക്ഷാ വിധി വന്നിരിക്കുന്നത്.
മുൻ എംഎൽഎയും സിപിഎം ജില്ലാ നേതാക്കളും ഉൾപ്പെട്ട കേസില്‍ 2023 ഫെബ്രുവരിയില്‍ സിബിഐ കോടതി വിചാരണ തുടങ്ങി. 24 പേര്‍ ഉണ്ടായിരുന്ന പ്രതിപ്പട്ടികയില്‍ നിന്ന് 14 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ ഏറ്റെടുത്തത്.