കോട്ടയം : സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവഗിരി സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്‌താവന കേരളത്തെ വേദനിപ്പിച്ചുവെന്ന് ബിജെപി അദ്ദേഹം പറഞ്ഞു.
ഗുരുദേവൻ സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമാണെന്ന് പറഞ്ഞത് നവോഥാന നായകന്മാരെ ഇകഴ്ത്തി കാട്ടാനുള്ള വരേണ്യ മനസ്ഥിതിയാണ്. സനാതന ധർമ്മത്തെ ഇടിച്ചുതാഴ്ത്താൻ ഗുരുദേവൻ്റെ കാഴ്‌ചപ്പാടുകളെ ദുരുപയോഗം ചെയ്‌തുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
സനാതന ധർമ്മത്തിനെതിരെ ഇഎംഎസ് നമ്പൂതിരിപ്പാട് വച്ച് പുലർത്തിയിരുന്ന അതേ നിലപാട് തന്നെ പിണറായി വിജയനും ആവർത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇക്കാര്യത്തിൽ കെ സുധാകരനും പിണറായിയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. വഖഫ് നിയമത്തിലടക്കം സിപിഎമ്മിൻ്റെ അതേ നിലപാടാണ് യുഡിഎഫിന് ഉള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരള കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രസക്തിയുണ്ടെന്നറിഞ്ഞ് മന്നത്ത് പത്മനാഭൻ ജന്മം നൽകിയതാണ് കേരള കോൺഗ്രസ് എന്നും സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന് ജന്മം നൽകിയ സാമുദായിക ആചാര്യൻ മന്നത്ത് പത്മനാഭൻ നായരെ അനുസ്‌മരിച്ച് കൊണ്ട് ഈ ഓഫിസ് ഉദ്ഘാനം ചെയ്യാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുനമ്പം, മുല്ലപ്പെരിയാർ വിഷയങ്ങളിൽ കേരള കോൺഗ്രസുകാർ ചെറുവിരൽ അനക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. എൻഡിഎയുടെ ഭാഗമായ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി എൻഡിഎയ്ക്ക് കരുത്താണെന്നും കേരള കോൺഗ്രസ് ഓഫിസ് ഉദ്ഘാനം ചെയ്‌ത് കൊണ്ട് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാഷണലിസ്‌റ്റ് കേരളാ കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, പാർട്ടി വർക്കിങ് ചെയർമാൻ ഡോ. ദിനേശ് കർത്താ, വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ അഡ്വ. ഷോൺ ജോർജ്, വിക്‌ടർ ടി തോമസ്, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ്, ബിജെപി ജില്ല സെക്രട്ടറി രതീഷ് , ലൗജിൻ മാളികേക്കൽ, അഡ്വ. സെബാസ്‌റ്റ്യൻ മണിമല തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം ലോഗോസ് ജംഗ്ഷനിലാണ് ഓഫിസ് പ്രവർത്തനം തുടങ്ങിയത്.
Also Read: മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം; കോൺഗ്രസ് നിലപാട് വ്യക്‌തമാക്കണമെന്ന് വി മുരളീധരൻ