ഹൈദരാബാദ്: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ സിറോസിന്‍റെ ബുക്കിങ് ആരംഭിച്ചു. ഓൺലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാമുള്ള സൗകര്യങ്ങൾ കിയ ഒരുക്കിയിട്ടുണ്ട്. ബുക്കിങിന് ശേഷം ഫെബ്രുവരിയിൽ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിയയുടെ ഇന്ത്യയിലെ ആദ്യത്തെ കോംപാക്റ്റ് എസ്‌യുവി ആയ കിയ സിറോസ് 2024 ഡിസംബർ 19 നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ വാഹനം പരസ്യമായി പ്രദർശിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ വിലയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 1 ന് വില വെളിപ്പെടുത്തും.
എങ്ങനെ ബുക്ക് ചെയ്യാം?
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, അടുത്തുള്ള കിയ ഷോറൂം സന്ദർശിച്ചോ ബുക്കിങ് നടത്താനാകും. 25,000 രൂപ ടോക്കൺ തുക നൽകി പുതിയ കിയ സിറോസ് ബുക്ക് ചെയ്യാനാകും.
കിയ സിറോസിന്‍റെ വില:
2025 ഫെബ്രുവരിയിലാണ് കിയ സിറോസിന്‍റെ വില വെളിപ്പെടുത്തുക. കിയ സിറോസ് എച്ച്‌ടികെ, എച്ച്‌ടികെ(ഒ), എച്ച്‌ടികെ പ്ലസ്, എച്ച്‌ടിഎക്‌സ്, എച്ച്‌ടിഎക്‌സ് പ്ലസ്, എച്ച്‌ടിഎക്‌സ് പ്ലസ് (ഒ) എന്നിങ്ങനെ ആറ് വേരിയന്‍റുകളിലാണ് ഈ കോംപാക്റ്റ് എസ്‌യുവി ലഭ്യമാവുക. 10 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആയിരിക്കും കിയ സിറോസിന്‍റെ പ്രാരംഭവില.
സവിശേഷതകൾ:
നിരവധി ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്ന മോഡലാണ് കിയ സിറോസ്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഉൾപ്പെടുന്ന 30-ഇഞ്ച് ട്രിനിറ്റി പനോരമിക് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് വാഹനത്തിലുള്ളത്. സിസ്റ്റം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. വയർലെസ് ചാർജർ, ഡുവൽ യുഎസ്ബി ചാർജിങ് പോർട്ടുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, ഡുവൽ പാനൽ പനോരമിക് സൺറൂഫ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ കിയ സിറോസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
കിയ സിറോസിന്‍റെ സുരക്ഷാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ലെവൽ 2 എഡിഎഎസ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആറ് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിങ് ക്യാമറ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ ഉൾപ്പെടെ നിരവധി ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
കളർ ഓപ്‌ഷനുകൾ:
എല്ലാ വേരിയൻ്റുകളും എട്ട് മോണോടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ലഭ്യമാവും. ഫ്രോസ്റ്റ് ബ്ലൂ ഷേഡ്, ഗ്ലേഷ്യർ വൈറ്റ് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ, സ്‌പാർക്ലിങ് സിൽവർ, ഇന്‍റൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, പ്യൂറ്റർ ഒലിവ്, ഗ്രാവിറ്റി ഗ്രേ, ഒറോറ ബ്ലാക്ക് പേൾ എന്നിവയാണ് കളർ ഓപ്‌ഷനുകൾ.
എഞ്ചിൻ:
രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ സിറോസ് ലഭ്യമാവുക. 118 ബിഎച്ച്‌പി കരുത്തും 172 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 1.0L ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനിലും, 116 ബിഎച്ച്‌പി കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5L ഡീസൽ എഞ്ചിനിലും കിയ സിറോസ് ലഭ്യമാവും. പെട്രോൾ വേരിയൻ്റിന് 6-സ്‌പീഡ് മാനുവൽ ഗിയർബോക്‌സും 7-സ്‌പീഡ് ഡിസിടി ട്രാൻസ്‌മിഷനുമാണ് നൽകിയിരിക്കുന്നത്. ഡീസൽ എഞ്ചിൻ 6-സ്‌പീഡ് മാനുവൽ ഗിയർബോക്‌സും 6-സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
Also Read:
- കിടിലൻ ലുക്കിൽ കിയ സിറോസ്: ആറ് വേരിയന്‍റുകളും ഫീച്ചറുകളും
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം