തൃശൂർ: നാട്ടികയിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്ക് ഇടയിലേക്ക് തടി ലോറി പാഞ്ഞു കയറി 5 മരണം. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാട്ടിക ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരെ തിരിച്ചറിഞ്ഞു. ഇവർ പാലക്കാട് ഗോവിന്ദാപുരം സ്വദേശികളാണ്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ബാരിക്കേഡ് മറി കടന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. അപകടമുണ്ടാക്കിയ വണ്ടിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ ആലക്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവർ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന അലക്‌സ് ആണ് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ഞെട്ടലോടെ നാട്ടുകാർ
കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറി ആളുകൾ ഉറങ്ങിക്കിടന്ന ഇടത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. പുലർച്ചെ നാലേകാലോടെ വലിയ നിലവിളി കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത്. ഓടിയെത്തിയ നാട്ടുകാർ നാടോടി സംഘാംഗങ്ങൾ മരിച്ചു കിടക്കുന്നത് കണ്ട് പകച്ചുനിന്നു. ഉടൻ തന്നെ അവർ വലപ്പാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു. 5 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് കിടന്നിരുന്നവരുടെ നിലയും അതീവ ഗുരുതരമായിരുന്നു. പലരെയും അംഗഭംഗം സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. പാത്രങ്ങളും ബാഗും ബക്കറ്റുമെല്ലാം റോഡിൽ ചിതറിത്തെറിച്ച നിലയിലായിരുന്നെന്നും സംഭവസ്ഥവത്തുണ്ടായിരുന്നവർ പറഞ്ഞു.