പത്തനംതിട്ട: ശബരിമലയില്‍ ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് 'അഷ്‌ട സുരക്ഷ' എന്ന പേരില്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ ബാനറുകള്‍ സ്ഥാപിച്ച് അഗ്നിരക്ഷ സേന. എട്ട് സുരക്ഷ നിര്‍ദേശങ്ങള്‍ അടങ്ങിയ ബാനറാണ് സ്ഥാപിച്ചത്. ഇതുകൂടാതെ പമ്പ നദിയിൽ അപകട രഹിതമായ പുണ്യസ്‌നാനം ലക്ഷ്യമിട്ട് 'അവൾ പുണ്യനദിയായ പമ്പ' (SHE IS HOLY RIVER PAMBA) എന്ന മറ്റൊരു ബാനർ പ്രചാരണവും ഫയർഫോഴ്‌സ് പമ്പയിൽ ആരംഭിച്ചിട്ടുണ്ട്.
പുണ്യ സ്‌നാനത്തിന് ഇറങ്ങുമ്പോൾ അത്യന്തം ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഈ ബാനർ. ഇംഗ്ലീഷിലും മലയാളത്തിലുമാണ് ബാനറുകൾ തയ്യാറാക്കിയിട്ടുള്ളത്. ശബരിമലയിൽ അപകട സാധ്യത ഒഴിവാക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് 'അഷ്‌ട സുരക്ഷ' തയ്യാറാക്കിയിരിക്കുന്നത്.
തീര്‍ഥാടനത്തെത്തുമ്പോള്‍ തീപിടിക്കാനിടയുള്ള വസ്‌തുക്കളോ ദ്രാവകങ്ങളോ അയ്യപ്പഭക്തർ കൊണ്ടുവരരുത്. കർപ്പൂരവും വിറകുകഷണങ്ങളും കാടുകളിലേക്കോ തീപിടിക്കാനിടയുള്ള സ്ഥലങ്ങളിലേക്കോ വലിച്ചെറിയരുത്.
![EIGHT SAFETY TIPS AYYAPPA DEVOTEES അഷ്‌ട സുരക്ഷ നിർദേശങ്ങൾ അഗ്നിരക്ഷ വകുപ്പ് ബാനർ പ്രചാരണം SABARIMALA NEWS](https://etvbharatimages.akamaized.net/etvbharat/prod-images/06-01-2025/23264699_1.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വസ്ത്രത്തിൽ തീപിടിച്ചാൽ STOP, DROP & ROLL പ്രക്രിയ പിന്തുടരുക. പാചകം നിരോധിതമാണ്. വാതകചോർച്ച സാധ്യതയുള്ള സ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. കുട്ടികളെ ജലാശയങ്ങളിൽ വിടുമ്പോൾ ശ്രദ്ധിക്കണം. ഭൂമികുലുക്കമുണ്ടെങ്കിൽ STOP, DROP, COVER & HOLD രീതി അവലംബിച്ച് സുരക്ഷ ഉറപ്പാക്കണം. എന്നിങ്ങനെയാണ് അഷ്‌ടസുരക്ഷ നിർദേശങ്ങൾ.
![EIGHT SAFETY TIPS AYYAPPA DEVOTEES അഷ്‌ട സുരക്ഷ നിർദേശങ്ങൾ അഗ്നിരക്ഷ വകുപ്പ് ബാനർ പ്രചാരണം SABARIMALA NEWS](https://etvbharatimages.akamaized.net/etvbharat/prod-images/06-01-2025/23264699_2.jpg)
ഫയർഫോഴ്‌സ് ശബരിമല സ്പെഷ്യൽ ഓഫിസർ ദിലീപ് എസ്എൽ ആണ് സുരക്ഷ നിർദേശങ്ങൾ തയ്യാറാക്കിയത്. ഞായറാഴ്‌ച (ജനുവരി 5) രാത്രി മുതലാണ് ബാനറുകൾ സ്ഥാപിച്ച് തുടങ്ങിയത്. ശബരിമല എഡിഎം അരുൺ എസ് നായർ, പമ്പ ഫയർസ്‌റ്റേഷൻ ഓഫിസർ ബാബുരാജ് ശബരിമലയിൽ ഡ്യൂട്ടിയിൽ ഉള്ള ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ എന്നിവർ ബാനറുകൾ സ്ഥാപിക്കുന്നതിൽ പങ്കുചേർന്നു.
Also Read: കാനനപാത വഴി അഞ്ചിരട്ടി അയ്യപ്പഭക്‌തരെത്തി; പ്രത്യേക പാസ് നിർത്തിവച്ച് ദേവസ്വം ബോർഡ്