തിരുവനന്തപുരം : സുഹൃത്തുക്കൾക്കൊപ്പം കനകക്കുന്ന് കൊട്ടാരം കാണാൻ എത്തിയതായിരുന്നു നിൻസി മറിയം. കഴിഞ്ഞ 11 വർഷമായി വീൽ ചെയറിൽ ആണ് നിൻസിയുടെ യാത്ര. കനകക്കുന്നിൽ എത്തിയപ്പോൾ ദൂരെ നിന്നും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ആരവം നിൻസിക്ക് കേൾക്കാമായിരുന്നു.
നിൻസി എത്തുമ്പോൾ വേദിയിൽ പണിയ നൃത്തം അരങ്ങു തകർക്കുന്നു. അവിടേക്ക് വീൽ ചെയറിൽ പോകാൻ ബുദ്ധിമുട്ടാണ്. അല്‍പമൊന്നു വിഷമിച്ചു. സ്റ്റേജിനു തൊട്ടടുത്ത് കുട്ടികൾ പണിയ നൃത്തത്തിന്‍റെ പരിശീലനം നടത്തുന്നുണ്ടായിരുന്നു. അവസാനം അത് കാണാം എന്നായി നിൻസിക്ക്.
സുഹൃത്ത് വീൽ ചെയർ അവിടേക്ക് കൊണ്ടുപോയി. പണിയ നൃത്തം ഇതുവരെ കാണാത്തതിന്‍റെ ആകാംക്ഷ ആ മുഖത്ത് പ്രകടമായിരിന്നു. നേരം വൈകിയെന്നു സുഹൃത്തുക്കൾ അറിയിച്ചെങ്കിലും പണിയ നൃത്തം മതിയാവോളം അവൾ ആസ്വദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മ്യൂസിക് തെറാപ്പിയുടെ ഭാഗമായി ഇത്തരം ഈണങ്ങൾ കേട്ടിട്ടുണ്ടെന്നു നിൻസി പറഞ്ഞു. ഇനി സാധിച്ചാൽ അടുത്ത ദിവസങ്ങളിൽ കലോത്സവ വേദികളിൽ എത്തണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചാണ് നിൻസി മടങ്ങിയത്.
പതിനൊന്നു വർഷം മുമ്പ് ഒരു കെട്ടിടത്തിനു മുകളിൽ നിന്നും വീണാണ് നിൻസിക്ക് നട്ടെല്ലിനു അപകടം പറ്റിയത്. ട്രീറ്റ്‌മെന്‍റ് ഒരുപാട് നടത്തിയെങ്കിലും എഴുനേറ്റു നടക്കാൻ കഴിഞ്ഞില്ല. സൈക്കോളജിസ്റ്റാണ് നിന്‍സി. നന്നായി ചിത്രവും വരയ്ക്കാറുണ്ട്. എഴുനേറ്റ് നടക്കാൻ വയ്യെങ്കിലും കലയോട് എന്നും പ്രണയമാണ്.
കുട്ടികൾ കളിക്കുന്നത് കുറെ നേരം നോക്കിയിരുന്ന നിൻസി സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മടങ്ങിയത്. ചിലപ്പോൾ അടുത്ത കലോത്സവമാകുമ്പോഴേക്കും വൈദ്യ ശാസ്ത്രത്തെ ഞെട്ടിച്ച് നിൻസി എഴുനേറ്റ് നടക്കും. കലോത്സവ നഗരിയിലൂടെ ചക്ര കസേര ഇല്ലാതെ അവൾ നടന്നു നീങ്ങും...