പാലക്കാട്: കഞ്ചിക്കോട് ബ്രൂവറി വിഷയത്തിൽ സർക്കാരിനെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ സെന്‍റർ വൈസ് പ്രസിഡന്‍റ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത. സർക്കാർ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. നിയമവശങ്ങൾ നോക്കി കോടതിയെ സമീപിക്കും.
മദ്യശാലകൾ സംബന്ധിച്ച് വിവരാവകാശം നൽകിയാൽ യഥാർഥ വിവരം അറിയാൻ കഴിയുന്നില്ലെന്നും മാർ ഇഗ്നാത്തിയോസ് കോട്ടയത്ത് പറഞ്ഞു. മദ്യത്തിനൊപ്പം മയക്കുമരുന്നുകളുടെ വ്യാപനവും വർധിച്ചു വരുന്നത് ആശങ്കയ്ക്കിടയാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിവെള്ള ക്ഷാമം നേരിടുന്ന എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവറി സ്ഥാപിക്കാൻ അനുമതി നൽകിയതിനെതിരെ മഹിള മോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. കാലികുടവുമായി എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ പാലക്കാട്ടെ വസതിയിലേക്ക് മാർച്ച് നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടത് സർക്കാർ കോടികളുടെ ബ്രൂവറി ഇടപാടിൽ എത്ര കമ്മിഷൻ കൈപ്പറ്റിയെന്ന് വ്യക്തമാക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. നിവേദിത ആവശ്യപ്പെട്ടു. മദ്യകമ്പനിയുടെ അപേക്ഷ രഹസ്യമാക്കിവച്ചും സംസ്ഥാന എക്സൈസ് നിയമങ്ങളെ ദുർവ്യാഖ്യാനിച്ചുമാണ് ഓയാസിസ് മദ്യ കമ്പനിക്ക് പ്ലാന്‍റ് സ്ഥാപിക്കാൻ അനുമതി നൽകിയത് എന്നും സംഭവത്തിൽ മന്ത്രി എം ബി രാജേഷിന് നേരിട്ട് പങ്കുണ്ടെന്നും അവർ പറഞ്ഞു.
കാടാംകോട് ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മന്ത്രിയുടെ വസതിക്ക് മുമ്പിൽ പൊലീസ് തടഞ്ഞു. മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് സത്യഭാമ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ പ്രസിഡൻ്റ് കെ എം ഹരിദാസ് എന്നിവർ പങ്കെടുത്തു.