മലപ്പുറം: വനം വകുപ്പ് ഓഫിസ് ആക്രമണത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മലപ്പുറം ജില്ല സെക്രട്ടറി വിപി അനിൽ. അൻവറിനെതിരായ പൊലീസ് നടപടി നീതിപൂർവ്വമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു വിപി അനിൽ.
അറസ്‌റ്റിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ വിപി അനിൽ ഒരു എംഎൽഎയും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് പിവി അൻവർ ചെയ്‌തതെന്നും വ്യക്തമാക്കി. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണ് അൻവറിനെ പ്രതിപക്ഷം പിന്തുണക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം അൻവറിന് എല്ലാ സാവകാശവും പൊലീസ് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും ഫേസ്ബുക്കിൽ പോസ്‌റ്റ് ഇടാനും വരെ അവകാശം ലഭിച്ചു. അൻവറിന്‍റെ ജാഥയ്ക്ക് ആളില്ലാത്ത സ്ഥിതിയായിരുന്നു. അത് അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗമാണ് ഇന്നലെ (ജനുവരി 5) കണ്ടതെന്നും വിപി അനിൽ പറഞ്ഞു. നിയമവാഴ്‌ച പാലിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അൻവറിന് രാത്രിയിൽ അറസ്‌റ്റ് വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് പകൽ സർക്കാർ ഓഫിസിൽ ഇത് വേണ്ടിയിരുന്നോ എന്ന മറുചോദ്യമാണ് ഉത്തരമെന്ന് അനിൽ പറഞ്ഞു. മാത്രമല്ല, എന്ന് മുതലാണ് അൻവറിന് സർക്കാർ ന്യൂനപക്ഷ വിരുദ്ധമാണെന്ന് തോന്നി തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. അൻവർ എന്ന പേരാണ് പ്രശ്‌നമെന്ന് പറയുന്നത് ചർച്ച വഴിതിരിച്ചു വിടാനാണെന്നും അദ്ദേഹം പറഞ്ഞു. പിവി അൻവർ വനം വകുപ്പിനെതിരെ പറയുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്നും വിപി അനിൽ വ്യക്തമാക്കി.
Also Read: പിവി അന്‍വര്‍ റിമാന്‍ഡില്‍; തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്, ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും