പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് കൊടുക്കുകയും ചെയ്‌ത കേസിൽ പ്രതി അറസ്‌റ്റിൽ. തിരുവല്ല സ്വദേശി മിഥുൻ രമേഷാണ് (21) അറസ്‌റ്റിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന സമയത്താണ് പ്രതി അവരുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു.
നിർബന്ധിച്ചും പ്രലോഭിപ്പിച്ചുമെല്ലാം സംസ്ഥാനത്തിൻ്റെ പുറത്തുള്ള ഹോട്ടലിൽ കൊണ്ട് പോയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്‌തത്. പിന്നീട് ഈ ചിത്രങ്ങൾ പ്രതി പെൺകുട്ടിയുടെ പിതാവിനും സഹോദരനും വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്തു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിന്‍റെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പ്രതിയുടെ ഭീഷണിക്ക് വഴങ്ങാതിരുന്നതിനാലാണ് പലപ്പോഴായി പ്രതി എടുത്ത ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിനും സഹോദരനും അയച്ച് കൊടുത്തത്. ഇതിലൊന്ന് പെൺകുട്ടിയുടെ വീടിൻ്റെ ശുചിമുറിയിൽ വച്ചുള്ളതാണെന്ന് തിരിച്ചറിഞ്ഞുവെന്നും പരാതിയിൽ പറയുന്നുണ്ട്.
പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ പലതവണ ചിത്രങ്ങളുടെ പേരിൽ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് മൊഴി നൽകി.
അതേസമയം സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോൺ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് മാതൃസഹോദരിയുടെ വാടക വീട്ടിൽ നിന്നും ഇന്നലെ (ജനുവരി 5) രാത്രി 9 മണിയോടെയാണ് മിഥുനെ പിടികൂടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇയാളുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫോൺ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനയച്ചു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്‌തു.
യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്യേണ്ടതുള്ളതിനാൽ പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ നീക്കം. തിരുവല്ല ഡിവൈഎസ്‌പി അഷാദിന്‍റെ മേൽനോട്ടത്തിൽ, പുളിക്കീഴ് പൊലീസ് ഇൻസ്‌പെക്‌ടർ അജിത് കുമാറിൻ്റെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐ കെ സുരേന്ദ്രൻ, എഎസ്ഐ രാജേഷ്, സിപിഒമാരായ നവീൻ, അഖിൽ, അലോക്, സുദീപ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.