കോട്ടയം: അൻവർ ഇഫക്‌ടിൽ സിപിഎം പുളയുകയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് പ്രത്യേകിച്ച് സിപിഎമ്മിനകത്ത് അവരുടെ പാർലമെന്‍ററി പാർട്ടിയിലെ പ്രമുഖനായൊരു വ്യക്തി ഉന്നയിച്ചിരിക്കുന്നത് വളരെ പ്രബലമായ ചോദ്യങ്ങളാണ്.
ആ ചോദ്യങ്ങളാണ് കുറേ കാലമായി ജനങ്ങൾ ചോദിച്ച് കൊണ്ടിരിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അൻവർ ചോദ്യം ചോദിക്കുക മാത്രമല്ല അതിനൊരു പരിഹാരം കൂടി നിർദേശിച്ചിരുന്നു എന്നും തിരുവഞ്ചൂർ പറഞ്ഞു.
അതായത് സിറ്റിങ് ജഡ്‌ജിയെ കൊണ്ട് ഈ കേസുകൾ അന്വേഷിപ്പിക്കണം എന്നാണ് അൻവർ പറഞ്ഞത്. എന്തിനാണ് സിറ്റിങ് ജഡ്‌ജിയെ കൊണ്ടന്വേഷിപ്പിക്കുന്നതിന് ഗവൺമെന്‍റ് തടസം നിൽക്കുന്നതെന്ന് തിരുവഞ്ചൂർ ചോദിച്ചു. തെറ്റ് ചെയ്‌തിട്ടില്ല എന്ന വിശ്വാസമുണ്ടെങ്കിൽ ഗവൺമെന്‍റ് അതിന് അനുകൂലമായല്ലേ നിൽക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സംസാരിക്കുന്നു (ETV Bharat) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം അൻവർ പറയുന്നത് ശരിയല്ലെന്ന് സിപിഎമ്മിലെ ചില പ്രമുഖ നേതാക്കൾ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ അന്വേഷണം നടത്തുന്നതിനെ ഇവരെന്തിനാണ് എതിർക്കുന്നത്. സത്യം പുറത്ത് വരണമെന്നും ജനങ്ങൾ അതെല്ലാം അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടായേ മതിയാകൂ എന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
സ്വര്‍ണക്കടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അന്‍വര്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞ് തുടങ്ങിയതേയുള്ളൂ, അത് ഇതുവരേയും പൂർത്തിയാക്കിയിട്ടില്ലെന്നും അൻവർ എല്ലാ കാര്യങ്ങളും പറയട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ അതുകൊണ്ട് അന്‍വറിനെ തള്ളാന്‍ പറ്റില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
ഇപ്പോൾ സൈബർ കടന്നലുകൾ ഇറങ്ങി അൻവറിനെ കുത്താൻ തുടങ്ങിയിട്ടുണ്ട്. ഇനിയതൊരു വലിയ ആക്രമണമായി മാറും. അവസാനം സൈബർ ഗുണ്ടാ ആക്രമണത്തിലേക്ക് അത് നീങ്ങുമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. സിപിഎം ഒരു വലിയ കടന്നൽക്കൂടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്‍വറിനെ സ്വീകരിക്കണമെന്നുള്ള കാര്യത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ചര്‍ച്ച ചെയ്‌ത് തീരുമാനം എടുക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. നിയസഭയില്‍ അന്‍വറിനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ ഒരു വിട്ടുവീഴ്‌ചയും കാണിക്കില്ല. ആവശ്യമെങ്കില്‍ നിയമസഭയിൽ അന്‍വറിന് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:'മലപ്പുറത്തെ പ്രതികരണങ്ങൾ സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം': അന്‍വറിനെ പിന്തുണച്ച് കെ ടി ജലീൽ