ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷം കൂടി ദേശീയ ആരോഗ്യ ദൗത്യം തുടരാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പത്ത് വര്‍ഷത്തിനിടെ ആരോഗ്യ ദൗത്യം ചരിത്രപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2021-2022 കാലത്ത് പന്ത്രണ്ട് ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ ദൗത്യത്തിന്‍റെ ഭാഗമായി. കോവിഡ് 19 നെതിരെ രാജ്യം പോരാടിയത് ദേശീയ ആരോഗ്യദൗത്യത്തിന്‍റെ നേതൃത്വത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചണത്തിന് താങ്ങുവില
2025-26 വര്‍ഷത്തേക്ക് അസംസ്‌കൃത ചണത്തിന്‍റെ കുറഞ്ഞ താങ്ങുവിലയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭ സാമ്പത്തിക സമിതി അംഗീകാരം നല്‍കിയതായി പീയുഷ് ഗോയല്‍ അറിയിച്ചു. ക്വിന്‍റലിന് 5650 രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പാദനച്ചെലവിന്‍റെ 66.8 ശതമാനം കര്‍ഷകര്‍ക്ക് തിരികെ കിട്ടുമെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അസംസ്‌കൃത ചണത്തിന് കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ 315 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2014 ല്‍ അസംസ്‌കൃത ചണത്തിന്‍റെ വില ക്വിന്‍റലിന് 2400 മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നാല്‍പ്പത് ലക്ഷം കര്‍ഷകര്‍ നേരിട്ടോ അല്ലാതെയോ ചണ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്നുണ്ട്. ചണമില്ലുകളില്‍ നാല് ലക്ഷം തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ കിട്ടുന്നുണ്ടെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ കൊല്ലം 1.70 ലക്ഷം കര്‍ഷകരില്‍ നിന്ന് ചണം സംഭരിച്ചു. പശ്ചിമ ബംഗാളിലാണ് 82 ശതമാനം ചണ കര്‍ഷകരുമുള്ളത്. ബാക്കിയുള്ളവര്‍ അസം, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഒന്‍പത് ശതമാനം വീതമാണ് ഇരുസംസ്ഥാനങ്ങളുടെയും പങ്കാളിത്തം.
ജ്യൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് കേന്ദ്രസര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്. താങ്ങുവില നടപടികളും നഷ്‌ടങ്ങളുമടക്കം കോര്‍പ്പറേഷന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ പിന്നീട് നല്‍കും.
Also Read: 'അനധികൃത കുടിയേറ്റം മൂലം രാജ്യം ശ്വാസം മുട്ടുന്നു'; ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍