കോഴിക്കോട്: സംഗീതം.. അറിയും തോറും അകലം കൂടുന്ന മഹാസാഗരം.. അലഞ്ഞിട്ടുണ്ട്, അതും തേടി... 'ആറാം തമ്പുരാൻ' എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം 'ഹരിമുരളീരവം..' തുടങ്ങുന്നതിന് മുമ്പ് നായകന്‍റെ ഒരു കഥ പറച്ചിലുണ്ട്. ഹാർമോണിയവും അതിലൊരു കഥാപാത്രമാണ്.
ഇതൊക്കെ കേൾക്കുമ്പോൾ കൂട്ടാലിയിലെ രവികുമാർ പറയും. സംഗീതവും പാട്ടും തേടി വീട് വിട്ടിറങ്ങിയ താൻ ഒടുവിൽ ഒരു ഹാർമോണിയം നിർമാതാവാണ് ആയതെന്ന്. കോട്ടയം പൊൻകുന്നം സ്വദേശിയാണ് എം ആർ രവികുമാർ. ആശാരിപ്പണിയാണ് കുലത്തൊഴിൽ. മരത്തിൽ പണിയുന്നതിനേക്കാൾ രവിക്ക് താത്‌പര്യം മൈക്കിൽ പാടാനാണ്.
പെട്ടി (ഹാർമോണിയം) വായിക്കാൻ പഠിച്ചാൽ പാടാൻ എളുപ്പമാണ്. അത് മനസിലാക്കി പാട്ടിനെ ജീവനായ രവി കോട്ടയത്തെ നാരായണൻ ആശാരിക്കടുത്തെത്തി. പെട്ടി പഠിക്കാൻ ഹാർമോണിയം നിർമാണം തന്നെയാണ് തുടങ്ങിയത്. രണ്ട് വർഷം കൊണ്ട് സംഗതി വശത്താക്കി.
അമ്മയുടെ മരണശേഷമാണ് കോട്ടയത്ത് നിന്ന് വണ്ടി കയറിയത്. എത്തിയത് കാഞ്ഞങ്ങാട്. ചെന്നുപെട്ടത് ഒരു സിംഹത്തിന്‍റെ മടയിൽ. പ്രശസ്‌ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ രവിയെ ചേർത്തു പിടിച്ചു. 1983 ലായിരുന്നു രവികുമാർ രാമചന്ദ്രന്‍റെ മടയിലെത്തിയത്. മൂന്ന് കൊല്ലത്തെ ആ സൗഹൃദത്തിനിടയിൽ പല സ്ഥലങ്ങളിലും പരിപാടികൾക്ക് ഒപ്പം പോയി.
കാഞ്ഞങ്ങാട് വിട്ട രവി ഗാനമേളയിലും ബാലെ, നാടക പിന്നണികളിലുമെല്ലാം പാടി നടന്നു. കോഴിക്കോട് മേപ്പയ്യൂരിൽ എത്തിയപ്പോഴാണ് ജീവിക്കാൻ ഒരു സ്ഥിരം തൊഴിൽ വേണമെന്ന ചിന്ത ഉദിച്ചത്. സംഗീതത്തെ ജീവനോളം സ്നേഹിക്കുന്ന രവി സ്വരം പകരുന്ന പെട്ടി നിർമാണം തന്നെ തുടങ്ങി.
ശിവാനന്ദൻ എന്ന വ്യക്തിയുടെ പരിചയത്തിൽ ഹാർമോണിയത്തിന് ഓർഡർ ലഭിച്ചു തുടങ്ങി. വിവാഹ ശേഷം മേപ്പയ്യൂരിൽ നിന്ന് താമസം കൂട്ടാലിടയിലേക്ക് മാറ്റി. മൈക്ക് വിട്ട് മരത്തിലേക്ക് മാറിയ രവി കുലത്തൊഴിലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടി നിർമാണത്തിന് ചെറിയ ഇടവേള നൽകിയെങ്കിലും ആവശ്യക്കാർ വന്നു തുടങ്ങി.
പുതിയത് നിർമിക്കുന്നതിനപ്പുറം റിപ്പയറിങിനായിരുന്നു കൂടുതൽ ആവശ്യം. അങ്ങിനെയാണ് കൂട്ടാലിടയിൽ ഒരു മുറിയെടുത്ത് 'ശ്രീ ശങ്കര ഹാർമോണിയം വർക്‌സ്' പുനരാരംഭിച്ചത്. പെട്ടിയിലെ ഏത് വെറൈറ്റിയും രവി കുമാർ ഇപ്പോൾ നിർമിക്കും. സിംഗിൾ, ഡബിൾ, ത്രിബിൾ, ഫോർ സെറ്റ് വരെ അതിമനോഹരമായി നിർമിച്ച് കൊടുക്കും.
സെവൻ ഫോൾഡ് ബല്ലോസ് ഹാർമോണിയം വരെ ഇവിടെയുണ്ട്. സ്കേൽ ചേയ്ഞ്ചർ, സൂട്ട്കേയ്‌സ് ടൈപ്പ് വേറെയും. ഫ്ലാറ്റ് കീ, സ്റ്റിക്ക് കീ എന്നീ വേർതിരിവുളള പെട്ടികളും. സിംഗിൾ ഫോൾഡ് ഹാർമോണിയം നിർമിക്കാൻ 5 ദിവസമെടുക്കും. അത് ഫോർ സെറ്റ് ആകുമ്പോഴേക്കും 25 പണി വരെ വരും. 9,000 മുതൽ 30,000 രൂപ വരെ വിലയുള്ള ഹാർമോണിയങ്ങൾ രവിയുടെ നിർമാണ ശേഖരത്തിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിർമാണത്തിനുള്ള മരവും കട്ടയും കിട്ടാനുണ്ട്. എന്നാൽ റീഡ്‌സും ബല്ലോസും ഓർഡർ ചെയ്‌താലും വലിയ ഡിമാന്‍റാണ്, രവികുമാർ പറയുന്നു. ഡൽഹി, ഗുജറാത്ത്, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് നിർമാണ സാമഗ്രികൾ വരുത്തുന്നത്. പെട്ടിക്ക് ആവശ്യത്തിന് ഓർഡർ ലഭിക്കുന്നുണ്ട്, അതിന് അനുസരിച്ചാണ് നിർമാണം.
കീ ബോർഡ് അടക്കമുള്ള സംഗീത ഉപകരണങ്ങൾ വന്നെങ്കിലും ഹാർമോണിയത്തിന് ഡിമാന്‍റുണ്ട്. റെഡിമെയ്‌ഡ് പെട്ടികൾക്ക് വിലയും ക്വാളിറ്റിയും കുറവാണ്. അതാണ് ഇവിടെ റിപ്പയറിങിനായി കൂടുതലും വരുന്നത്:- രവികുമാർ പറഞ്ഞു.
കട്ടകൾ രാകി മിനുക്കി സ്വരസ്ഥാനമുറപ്പിക്കുന്ന രവി അതിലൂടെ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നു. മൂന്ന് ആൺമക്കൾക്കും വരുമാന മാർഗമായതോടെ പെട്ടിയിൽ തന്നെ ശ്രുതി ചേർത്ത് ഇനിയുള്ള കാലം മുന്നോട്ട് പോകാനാണ് ആഗ്രഹം. നിർമിക്കുന്ന പെട്ടികൾ ഓരോ ഏജന്‍റുകൾ വാങ്ങി പോകുമ്പോൾ രവികുമാർ ചിന്തിക്കുന്നത് ഒന്ന് മാത്രം. എത്ര ഗാനങ്ങൾ തന്‍റെ വാദ്യപെട്ടികളിൽ ശ്രുതി ചേർന്ന് പിറന്നിട്ടുണ്ടാവാം..!