ജല്‍ഗാവ്: ട്രെയിനില്‍ നിന്ന് ജീവന്‍ രക്ഷിക്കാനായി എടുത്ത് ചാടിയ യാത്രക്കാര്‍ മറ്റൊരു ട്രെയിനിന് അടിയില്‍ പെട്ട് മരിച്ചു. മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ പറണ്ട റെയില്‍വേസ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് പച്ചോര.
പുഷ്‌പക് എക്‌സ്‌പ്രസില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത പരന്നതോടെയാണ് ഇതിലുണ്ടായിരുന്ന യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാനായി ട്രാക്കിലേക്ക് എടുത്ത് ചാടിയത്. എന്നാല്‍ മറ്റൊരു ട്രെയിന്‍ വരുന്നത് ഇവര്‍ കണ്ടില്ല. എതിർഭാഗത്തുനിന്നുവന്നന കർണാടക എക്‌സ്‌പ്രസാണ് യാത്രക്കാരുടെ മേല്‍ പാഞ്ഞു കയറിയത്. ആറ് പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം.
പുഷ്‌പക് എക്‌സ്‌പ്രസിലെ ചില യാത്രക്കാർ ഇറങ്ങിയപ്പോൾ എതിരെ വന്ന കർണാടക എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നുവെന്ന് സെൻട്രൽ റെയിൽവേയുടെ മുഖ്യ വക്താവ് സ്വപ്‌നിൽ നില പറഞ്ഞു.
വൈകീട്ട് 5 മണിയോടെ ആരോ ചങ്ങല വലിച്ചതിനെ തുടർന്ന് പുഷ്‌പക് എക്‌സ്‌പ്രസ് നിർത്തി. ഇത് തീപിടിത്തം ഉണ്ടായതിനെത്തുടർന്നാണെന്ന് വാർത്ത പരന്നതോടെ യാത്രക്കാർ ട്രാക്കിലേക്ക് ചാടുകയായിരുന്നു.
"ഹോട്ട് ആക്‌സിൽ അല്ലെങ്കിൽ ബ്രേക്ക്-ബൈൻഡിങ് (ജാമിങ്) കാരണം പുഷ്‌പക് എക്‌സ്‌പ്രസിൻ്റെ ഒരു കോച്ചിനുള്ളിൽ തീപ്പൊരി ഉണ്ടായി, ഇതോടെ ചില യാത്രക്കാർ പരിഭ്രാന്തരായി, അവർ ചങ്ങല വലിച്ചു, അവരിൽ ചിലർ താഴേക്ക് ചാടി എന്നാണ് ഞങ്ങളുടെ പ്രാഥമിക വിവരം. അതേസമയം കർണാടക എക്‌സ്‌പ്രസ് പാളത്തിലൂടെ കടന്നുപോകുകയായിരുന്നു,” -ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും അതിനുശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും മഹാരാഷ്‌ട്ര മന്ത്രി ഗുലാബ്രാവു പാട്ടീൽ പറഞ്ഞു.