കഞ്ഞിവെള്ളത്തിന്‍റെ ഗുണങ്ങളെ കുറിച്ച് മലയാളികളോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അവശ്യ പോഷകങ്ങളും സംയുക്തങ്ങളും നിറഞ്ഞ ദ്രാവകമാണ് കഞ്ഞിവെള്ളം. ധാരാളം പ്രോട്ടീണുകളും കാര്‍ബോഹൈഡ്രേറ്റുകളും അതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, അമിനോ ആസിഡ്, ധാതുക്കള്‍ എന്നിവയും കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്നതിനുള്ള ഒരു മികച്ച നാട്ടുവൈദ്യം കൂടിയാണിത്.
എന്നാൽ കഞ്ഞിവെള്ളം സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന് പലർക്കും അറിവുണ്ടാവില്ല. തടി കുറയ്ക്കുന്നതിന് മുതൽ മുടി വളരുന്നതിന് വരെ കഞ്ഞി വെള്ളം ഉപയോഗിക്കപ്പെടുന്നു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്‌ത്രീകള്‍ പണ്ട് മുതലേ കഞ്ഞിവെള്ളത്തിന്‍റെ സൗന്ദര്യ ഗുണങ്ങള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തിയിരുന്നു. കഞ്ഞിവെള്ളത്തില്‍ കുളിക്കുക എന്നത് ഇവരുടെ പതിവായിരുന്നു.
കഞ്ഞിവെള്ളത്തിന്‍റെ ചില ആരോഗ്യങ്ങൾ ഗുണങ്ങൾ അറിയാം:
- മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നു: മുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിലെ ഒരു പ്രധാന ഘടകമാണ് ഐനോസിറ്റോൾ. അതിനാല്‍ തന്നെ കരുത്തുറ്റ മുടി ഉണ്ടാകാൻ കഞ്ഞിവെള്ളം സഹായിക്കും. മുടി വേരുകള്‍ക്ക് ഇത് ഉറപ്പും ബലവും നല്‍കുന്നു മുടി കരുത്തോടെ വളരാനും ഇത് സഹായിക്കുന്നു.വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക, ശേഷം കഞ്ഞിവെള്ളം മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിന് ശേഷം ഇത് കഴുകി കളയാം. കഞ്ഞിവെള്ളത്തിലെ പ്രോട്ടീൻ മുടിക്ക് ഏറെ ഗുണം ചെയ്യും. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ കഞ്ഞിവെള്ളം സഹായിക്കും.
- ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നു: വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് കഞ്ഞി വെള്ളം. ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ധിപ്പിക്കാന്‍ കഞ്ഞിവെള്ളം വളരെ നല്ലതാണ്. നല്ല മിനിസമുള്ള തിളക്കമുള്ള ചർമ്മം ലഭിക്കാൻ പലരും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. മാത്രമല്ല ഒരു ടോണറായും കഞ്ഞിവെള്ളം ഉപയോഗിക്കാം. കഴുത്ത് കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും.
- അകാല വാർദ്ധക്യം തടയുന്നു: ഐനോസിറ്റോൾ, ഫെറുലിക് ആസിഡ്, ഗാമാ-ഒറിസനോൾ തുടങ്ങിയ ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ള നിരവധി സംയുക്തങ്ങൾ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ കോശങ്ങളിലെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തെ തടയുന്നു. ഇത് ചർമത്തെ നല്ലതാക്കുകയും ചർമ്മത്തിലുണ്ടാകുന്ന ചുളുവുകളും മറ്റും തടയാനും സഹായിക്കുമെന്ന് ചില ശാസ്‌ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അകാല വാർദ്ധക്യത്തിന് കാരണമാകുന്ന എൻസൈമുകളായ എലാസ്‌റ്റേസ്, ടൈറോസിനേസ് എന്നിവയുടെ പ്രവർത്തനത്തെ തടയാൻ കഞ്ഞിവെള്ളത്തിന് കഴിവുണ്ടെന്നും പഠനങ്ങൾ പറയുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- മുഖക്കുരു അകറ്റാൻ സഹായിക്കുന്നു: കഞ്ഞിവെള്ളത്തിൽ ധാരാളം അന്നജം അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു അകറ്റാനും ഇത് നല്ലതാണ്. മുഖക്കുരു അകറ്റുന്നതിനായി കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്.
- ദഹനത്തിന് സഹായിക്കും: കഞ്ഞി വെള്ളത്തിൽ അന്നജം അടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച 2021ലെ പഠനമനുസരിച്ച് കഞ്ഞിവെള്ളം ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ഉദരസംബന്ധമായ അസുഖങ്ങളെ ചെറുക്കാനും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്.
- നിർജ്ജലീകരണം തടയുന്നു: ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ നിർജ്ജലീകരണം തടയാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിൽ ആവശ്യത്തിനു ഉപ്പിട്ട് അസുഖമുള്ള ആൾക്ക് നൽകുക. മറ്റൊരു ഭക്ഷണവും നൽകിയില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ദാഹം തോന്നുമ്പോഴോ വിശപ്പ് തോന്നുമ്പോഴോ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റി ആശ്വാസം നൽകും.
- കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: പ്രോബയോട്ടിക് ഫലം തരുന്ന ഒന്നാണ് കഞ്ഞിവെള്ളം. അതിനാൽ തന്നെ കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കഞ്ഞിവെള്ളം സഹായിക്കും.
- രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു: കഞ്ഞിവെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ വിറ്റാമിൻ ബി, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കും.
- ഊർജ്ജം വർധിപ്പിക്കുന്നു: അരി വെള്ളം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്‌ടമാണ്. അതിനാൽ തന്നെ ക്ഷീണം കുറയ്‌ക്കാനും ഊർജം വർധിപ്പിക്കാനും ഇത് സഹായിക്കും.
- ആർത്തവ വേദന ശമിപ്പിക്കുന്നു: കഞ്ഞിവെള്ളത്തിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ആർത്തവസമയത്ത്, കട്ടികൂടിയ എൻഡോമെട്രിയം എന്ന ഗർഭപാത്രത്തിന്‍റെ പാളി ചുരുങ്ങും. പ്രോസ്‌റ്റാഗ്ലാൻഡിൻസ് എന്ന ഹോർമോൺ പോലുള്ള ഒരു പദാർഥമാണ് ഇതിന് കാരണം. കഞ്ഞിവെള്ളം പ്രോസ്‌റ്റാഗ്ലാൻഡിൻസ് പോലുള്ള വസ്‌തുക്കളുടെ ഉത്‌പാദനം കുറയ്ക്കുന്നു.
കഞ്ഞിവെള്ളം ഉണ്ടാക്കുന്ന വിധം: കഞ്ഞിവെള്ളം ഉണ്ടാക്കാൻ പ്രത്യേക ചേരുവകൾ ആവശ്യമില്ല. മൂന്ന് ടേബിൾ സ്‌പൂൺ അരിയിൽ രണ്ട് കപ്പ് വെള്ളം ചേർത്ത് 20 മുതൽ 30 മിനിറ്റ് വരെ തിളപ്പിക്കുക. ശേഷം അരിയിൽ നിന്നും വെള്ളം അരിച്ചെടുക്കുക. പമാവധി ഒരാഴ്‌ച വരെ ഈ കഞ്ഞിവെള്ളം ഫ്രിഡ്‌ജിൽ സൂക്ഷിക്കാനാകും.
കഞ്ഞിവെള്ളത്തിന്‍റെ പാർശ്വഫലങ്ങൾ: ഏതൊരു വസ്‌തുവിനും ഗുണങ്ങളും ദോഷങ്ങളുമുണ്ടാകും. എന്നാൽ കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, വളരെ സെൻസിറ്റാവായ ചർമ്മം ഉള്ളവർ ചർമ്മസംരക്ഷണത്തിനായി കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. അതേസമയം അരി വെള്ളം അമിതമായി കുടിക്കുന്നത് മലബന്ധത്തിന് കാരണമാകും.
അരിയോട് അലർജിയുള്ളവരോ സജീവമായ ചർമ്മരോഗങ്ങൾ ഉള്ളവരോ കഞ്ഞിവെള്ളം കുടിക്കരുത്. മാത്രമല്ല ചർമ്മത്തിൽ കഞ്ഞിവെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് ആദ്യം നിങ്ങൾ ഒരു ഡെർമറ്റോളജിസ്‌റ്റുമായി സംസാരിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read: മുടി കരുത്തുറ്റതായി നിലനിർത്താം; ഗ്രാമ്പൂ ഈ രീതിയിൽ ഉപയോഗിക്കൂ..