പാലക്കാട്: പ്ലസ്‌വൺ വിദ്യാർഥി അധ്യാപകർക്കെതിരെ വധഭീഷണി മുഴക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് ഹയർ സെക്കൻഡറി വകുപ്പ് ഡയറക്‌ടർ ആനക്കര ഗവ. ഹയർ സെക്കൻഡറി പ്രിൻസിപ്പലോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കാനാണ് ദൃശ്യം പകർത്തിയതെന്ന് പ്രിൻസിപ്പൽ പറയുന്നു. കുട്ടിയുടെ പിതാവിന് വാട്‌സാപ്പിൽ അയച്ചുകൊടുത്തുവെന്നും എങ്ങനെയാണ് ദൃശ്യം പ്രചരിച്ചതെന്ന് അറിയില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
സംഭവത്തിലുൾപ്പെട്ട കുട്ടിക്ക് കൗൺസിലിങ്ങ് നടത്താൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് കമ്മീഷൻ സ്‌കൂളിൽ സന്ദർശനം നടത്തും. ഇതിനിടയിൽ കുട്ടിയുമായി രക്ഷിതാവ് തൃത്താല പൊലീസ് സ്‌റ്റേഷനിലെത്തി മാപ്പ് പറഞ്ഞു. കുട്ടിക്ക് മാപ്പ് നൽകി സ്‌കൂളിൽ പഠനം തുടരാൻ അവസരം നൽകണമെന്ന് പിടിഎയുടെ അടിയന്തിര യോഗത്തിൽ ധാരണയായി.