മുസാഫർപൂർ: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ കോടതിയിൽ പരാതി നല്‍കി. രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ അധികാരത്തെ അനാദരിച്ചുവെന്ന് ആരോപിച്ച് സോണിയാ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസാഫർപൂർ ആസ്ഥാനമായുള്ള അഭിഭാഷക സുധീർ ഓജയാണ് പരാതി നല്‍കിയത്.
'പ്രസംഗത്തിന്‍റെ അവസാനം എത്തിയപ്പോഴേക്കും രാഷ്‌ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്ന സോണിയയുടെ പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെയും കൂട്ടുപ്രതികളാക്കി കേസ് എടുക്കണമെന്നും, നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"പാവം എന്ന പരാമർശം നടത്തി സോണിയ ഗാന്ധി പ്രസിഡന്‍റ് മുർമുവിനെ അപമാനിച്ചു. രാജ്യത്തെ പരമോന്നത ഭരണഘടനാ അധികാരത്തോടുള്ള അനാദരവാണിത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ഇതിൽ കൂട്ടുപ്രതികളാണ്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം," മുസാഫർപൂരിലെ സിജെഎം കോടതിയിൽ പരാതി സമർപ്പിച്ച ശേഷം ഓജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിഷയം ഫെബ്രുവരി 10 ന് കോടതി പരിഗണിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്‌ട്രപതി പാർലമെന്‍റിൽ നടത്തിയ സംയുക്ത പ്രസംഗത്തെക്കുറിച്ച് സഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയായിരുന്നു സോണിയാ ഗാന്ധിയുടെ പരാമര്‍ശം. രാഷ്‌ട്രപതിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.
ഇതിനെതിരെ രാഷ്ട്രപതി ഭവൻ പ്രസ്‌താവന പുറത്തിറക്കുകയും ചെയ്‌തിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പരാമർശം "അസ്വീകാര്യമാണ്" എന്നും മുർമു ക്ഷീണിതയല്ലെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു. "രാഷ്‌ട്രപതിയുടെ പാർലമെന്റ് പ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, കോൺഗ്രസ് പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾ ഉന്നത പദവിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്, അതിനാൽ അവ അസ്വീകാര്യമാണ്," എന്ന് രാഷ്‌ട്രപതി ഭവൻ പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, സോണിയാ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു.