തിരുവനന്തപുരം : ജീവിതം തുന്നിക്കെട്ടാനുള്ള നെട്ടോട്ടത്തിനിടെ പാതിവഴിയിൽ മുടങ്ങിപ്പോയ തന്‍റെ സ്‌കൂള്‍ പഠനം പുനരാരംഭിക്കാനുള്ള നടൻ ഇന്ദ്രൻസിന്‍റെ തീരുമാനം വലിയ വാർത്തയായിരുന്നു. സാക്ഷരതാ മിഷന്‍റെ പൂർണ പിന്തുണയോടെ പഠനം പുനരാരംഭിച്ചു പരീക്ഷയും പാസായ ഇന്ദ്രൻസ് ഇനി പത്താം ക്ലാസിലേക്കെത്താനുള്ള ഒരുക്കത്തിലാണ്.
ചെറുപ്പത്തിൽ നാടക പ്രവർത്തനമായിരുന്നു പഠനത്തിന് വിലങ്ങുതടിയായതെങ്കിൽ ഇന്ന് സിനിമാ ഷൂട്ടിങ് തിരക്കുകൾ കാരണം ക്ലാസിൽ എത്താനാകുന്നില്ല. സംഭവമറിഞ്ഞ സാക്ഷരതാ മിഷൻ അധികൃതർ ഒരു കാര്യം തീരുമാനിച്ചു. ഇന്ദ്രൻസിനെ അങ്ങനെ ക്ലാസിൽ കയറാതെ വിടാൻ അനുവദിക്കില്ല. പഴയേ പോലെ ടിസി നൽകി പറഞ്ഞു വിടുന്നതിനു പകരം ട്യൂഷൻ ഏർപ്പെടുത്താൻ ഒടുവിൽ നിശ്ചയിച്ചു.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച സമൂഹത്തിന് നീണ്ട 17 വർഷക്കാലം അക്ഷര വെളിച്ചം പകർന്നു നൽകിയ വിജയലക്ഷ്‌മി ടീച്ചർ അങ്ങനെ ഇന്ദ്രൻസിന്‍റെ ട്യൂഷൻ ടീച്ചറായി. തിരുവനന്തപുരം മെഡിക്കൽ കോളജ് സ്‌കൂളിൽ താൻ ഉൾപ്പെടെയുള്ള സാക്ഷരത പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടൻ ഇന്ദ്രൻസെന്നും ഇവിടെ വച്ചാണ് തനിക്കും പഠിക്കണമെന്ന മോഹം അദ്ദേഹം പരസ്യമാക്കുന്നതെന്നും വിജയലക്ഷ്‌മി ടീച്ചർ ഇ ടി വി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രാഥമിക വിദ്യാഭ്യാസത്തിനായി എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അറിയിച്ചു സാക്ഷരത മിഷൻ തന്നെ ഇന്ദ്രൻസിനെ സമീപിക്കുകയായിരുന്നു. ഷൂട്ടിങ് തിരക്കുകളാണ് അദ്ദേഹം പ്രധാന പ്രതിസന്ധിയായി അറിയിച്ചത്. ഇതിന് പരിഹാരമായി അദ്ദേഹത്തിന്‍റെ സൗകര്യത്തിന് ട്യൂഷൻ നൽകാമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് പ്രദേശത്തായിരുന്നു അന്ന് തനിക്ക് ചുമതല.
ഇതോടെ അദ്ദേഹത്തിനെ വീട്ടിലെത്തി പഠിപ്പിക്കാനുള്ള ഭാഗ്യവും തനിക്ക് ലഭിച്ചു. വീട്ടിലെത്തിയപ്പോഴാണ് മനസിലായത്. താനില്ലാത്തപ്പോൾ അദ്ദേഹത്തിന്‍റെ കൊച്ചുമകളും പാഠങ്ങൾ പറഞ്ഞു കൊടുക്കും എന്നത്. ഹിന്ദിയായിരുന്നു അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള വിഷയം. ഹിന്ദിയിൽ ഒരു വരി എഴുതിയ ശേഷം മുകളിൽ മലയാളത്തിൽ ഇതേ വരി എഴുതിയാണ് പഠിപ്പിച്ചത്.
പക്ഷെ മലയാളത്തിൽ അദ്ദേഹം തന്നെ ഞെട്ടിച്ചു. പരന്ന വായനയുള്ളയാളാണ് നടൻ ഇന്ദ്രൻസെന്ന് മലയാളം പഠിപ്പിക്കുന്ന സമയത്താണ് മനസിലായത്. സാധാരണ സാക്ഷരത മിഷന്‍റെ ക്ലാസിലെത്തുന്നവരെ പോലെയായിരുന്നില്ല. ഖസാഖിന്‍റെ ഇതിഹാസം ഉൾപ്പെടെയുള്ള വിഖ്യാത നോവലുകളൊക്കെ അദ്ദേഹം വായിച്ചിട്ടുണ്ടെന്നും വിജയലക്ഷ്‌മി ടീച്ചർ പറഞ്ഞു.
ആരാണ് വിജയലക്ഷ്‌മി ടീച്ചർ?
തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ വിജയലക്ഷ്‌മി ടീച്ചർ 17 വർഷമായി സാക്ഷരതാ മിഷന്‍റെ ഭാഗമാണ്. വായനശാല പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ ഒരാൾ പി എൻ പണിക്കരുടെ കാൻഫെഡിലായിരുന്നു ആദ്യം. ഇവിടെ നിന്നും സാക്ഷരത മിഷന്‍റെ ഭാഗമായി എത്തുമ്പോൾ 750 രൂപയായിരുന്നു ഹോണറേറിയമെന്നും വിജയലക്ഷ്‌മി ടീച്ചർ വ്യക്തമാക്കി.
ആദ്യ കാലത്ത് സാക്ഷരത മിഷന്‍റെ തുല്യത ക്ലാസിനായി നിരവധി പേരെത്തുമായിരുന്നു. 50 പേരുള്ള പല ഡിവിഷനുകളായി തിരിച്ചു ക്ലാസെടുക്കുമായിരുന്നു ഒരു കാലത്ത്. ഇപ്പോൾ ഹയർ സെക്കന്‍ററി തുല്യത പരീക്ഷയ്ക്കാണ് കൂടുതൽ പേരെത്തുന്നത്. തിരുവനന്തപുരം അട്ടകുളങ്ങര സെൻട്രൽ സ്‌കൂളിൽ നടക്കുന്ന സാക്ഷരത മിഷൻ ക്ലാസാണ് താനിപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും വിജയലക്ഷ്‌മി ടീച്ചർ പറഞ്ഞു.
Read Also: മലയാള സിനിമ നിർമ്മാണം ഉടൻ നിർത്തിവയ്‌ക്കാൻ പോകുന്നു? സിയാദ് കോക്കർ പറയുന്നു