തൃശൂർ: വടനപ്പള്ളി സംസ്ഥാന പാതയിൽ ആംബുലൻസിന്‍റെ വഴി സ്വകാര്യ ബസുകള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗതാഗതകുരുക്ക് രൂക്ഷമായ കാഞ്ഞാണി സെൻ്ററിൽ ഇന്നലെ വൈകീട്ടണ് സംഭവം ഉണ്ടായത്. പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര സർവ്വതോഭദ്രത്തിൻ്റെ ആംബുലൻസാണ് സ്വകാര്യ ബസുകളുടെ ധിക്കാരപരമായ നടപടി മൂലം ദുരിതത്തിലായത്.
റോഡിന്‍റെ ഒരുവശത്ത് ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നുവെങ്കിലും മറുവശത്തു കൂടെ ആംബുലൻസിന് കടന്നുപോകാനുള്ള സ്ഥലം ഉണ്ടായിരുന്നു.
സൈറൺ മുഴക്കി വന്ന ആംബുലൻസിനെ കണ്ടിട്ടും ഗൗനിക്കാതെ സ്വകാര്യ ബസുകാർ നടത്തിയ തെമ്മാടിത്തരത്തിന്‍റെ ദൃശ്യങ്ങള്‍ ആംബുലൻസ് ഡ്രൈവറാണ് മൊബൈൽ ക്യാമറയിൽ പകർത്തിയത്.
രണ്ടു ബസുകൾ ചേർന്ന് റോഡിന്‍റെ തെറ്റായ ദിശയില്‍ വന്നതു കൊണ്ടാണ് ആംബുലൻസിൻ്റെ വഴി തടസപ്പെട്ടത്. 5 മിനിറ്റിലധികം രോഗിയുമായി ആംബുലൻസ് വഴിയിൽ കിടന്നു. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് പൊലീസ് വ്യക്തമാക്കി.
രണ്ടു വർഷം മുൻപ് സ്വകാര്യ ബസ് ഡ്രൈവർ മനക്കൊടി - ചേറ്റുപുഴയിൽ വച്ച് ആംബുലൻസിനെ വഴി തടഞ്ഞ് ആശുപത്രിയിൽ യഥാസമയം എത്തിക്കാൻ ആകാതെ വീട്ടമ്മ മരിച്ചിരുന്നത് വലിയ വിവാദമായിരുന്നു.
Read Also: ഇനിയും വാഹന നികുതി അടച്ചില്ലേ? സുപ്രധാന അറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്