ഹൈദരാബാദ്: ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞ ചെലവും താങ്ങാവുന്ന വിലയും ആയതിനാൽ തന്നെ ആളുകളെ ആകർഷിക്കാൻ ഇലക്‌ട്രിക് ടൂവീലറുകൾക്ക് അധിക സമയമൊന്നും ആവശ്യമായി വന്നിട്ടില്ല. ഒല ഇലക്ട്രിക്, ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ അരങ്ങുവാഴുന്നതിനിടയിലേക്കാണ് ഒരു പ്രമുഖ ഇരുചക്ര വാഹന കമ്പനി തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നതും, മറ്റൊരു പ്രമുഖ കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടറുമായി എൻട്രി നടത്താൻ ഒരുങ്ങുന്നതും.
മറ്റാരുമല്ല, അടുത്തിടെ അവതരിപ്പിച്ച ഹോണ്ടയുടെ സ്വന്തം ആക്‌ടിവയുടെയും വരാനിരിക്കുന്ന സുസുക്കിയുടെ ആക്‌സസിന്‍റെയും ഇലക്‌ട്രിക് പതിപ്പിനെക്കുറിച്ചാണ് പറയുന്നത്. 2024 നവംബർ 27നാണ് ആക്‌ടിവ ഇ പുറത്തിറക്കിയത്. സുസുക്കി ഇ-ആക്‌സസ് പുറത്തിറക്കിയില്ലെങ്കിലും ഈ വർഷം പുറത്തിറക്കുമെന്നാണ് കമ്പനി 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ വെളിപ്പെടുത്തിയത്. വർഷങ്ങളായി ജനങ്ങളുടെ വിശ്വാസം നേടിയ രണ്ട് മോഡലുകളായതിനാൽ തന്നെ ഹോണ്ട ആക്‌ടിവ ഇലക്‌ട്രിക്കിനും സുസുക്കി ഇ-ആക്‌സസിനും വാഹനപ്രേമികളുടെ മനസ് കീഴടക്കാൻ അധികം സമയം വേണ്ടിവരില്ലെന്ന് കരുതാം.
അതിനാൽ തന്നെ ഭാവിയിൽ ഇന്ത്യൻ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ പ്രധാന എതിരാളികളാകാൻ പോകുന്നത് ഇവരായിരിക്കാം. സുസുക്കി ഇ-ആക്‌സസ് വിപണിയിൽ അവതരിപ്പിച്ചില്ലെങ്കിലും തങ്ങളുടെ മറ്റ് രണ്ട് ഇരുചക്രവാഹനങ്ങൾക്കൊപ്പം സുസുക്കി മോട്ടോർസൈക്കിൾ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ വാഹനം പ്രദർശിപ്പിച്ചിരുന്നു. ഹോണ്ട ആക്‌ടിവ ഇലക്‌ട്രിക്കിന്‍റെയും സുസുക്കി ഇ-ആക്‌സസിന്‍റെയും പ്രധാന ഫീച്ചറുകളും ഡിസൈനും വിലയും താരതമ്യം ചെയ്‌ത് ഏതായിരിക്കും മികച്ച ഇലക്‌ട്രിക് സ്‌കൂട്ടറെന്ന് നോക്കാം.
ഡിസൈൻ: വളരെ ലളിതവും എന്നാൽ മറ്റെങ്ങുമില്ലാത്തതുമായ ഡിസൈനിലാണ് ഹോണ്ട ആക്‌ടിവ ഇവി വരുന്നത്. ആപ്രോൺ-മൗണ്ടഡ് എൽഇഡി ഹെഡ്‌ലൈറ്റ്, ഹാൻഡിൽബാർ കൗളിൽ എൽഇഡി ഡിആർഎൽ, സൈഡ് പാനലുകളിൽ സിൽവർ ആക്‌സന്‍റുകളും ക്രീസുകളും ആണ് നൽകിയിരിക്കുന്നത്. വളരെ മനോഹരമായാണ് വാഹനത്തിന്‍റെ ടെയിൽ സെക്ഷൻ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഡാർക്ക് സ്മോക്ക് ഇഫക്റ്റുള്ള സ്റ്റൈലിഷ് എൽഇഡി ടെയിൽ ലൈറ്റും നൽകിയിട്ടുണ്ട്.
അതേസമയം സുസുക്കി ആക്‌സസ് 125ന്‍റെ സാധാരണ ഡിസൈനിൽ നിന്നും അൽപ്പം വ്യത്യസ്‌തമായി ഫ്യൂച്ചറിസ്റ്റിക് ഡിസൈനിൽ സ്‌പോർട്ടി ലുക്കിലാണ് ഇ-ആക്‌സസ് വരുന്നത്. മെറ്റാലിക് ക്രോം ഫിനിഷിലുള്ള സുസുക്കിയുടെ “S” എംബ്ലവും കൂടുതൽ ഉയർത്തിയ നെയിം പ്ലേറ്റുമാണ് ഇ-ആക്‌സസിലുള്ളത്. ഇത് വാഹനത്തിന് പ്രീമിയം ലുക്ക് നൽകും. മുൻവശത്ത് മധ്യഭാഗത്തായി ലംബമായാണ് പൊസിഷൻ ലൈറ്റ് നൽകിയിരിക്കുന്നത്. ടു-ടോൺ ഇഫക്റ്റ് ഉള്ള സ്റ്റൈലിഷ് മെഷീൻ വീലുകളുമാണ് നൽകിയിരിക്കുന്നത്. കൂടാതെ 17 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ഉണ്ടായിരിക്കും.
ബാറ്ററി: ഊരി മാറ്റാവുന്ന ബാറ്ററിയാണ് ആക്‌ടിവയുടെ ഇലക്‌ട്രിക്കിന്‍റെ പ്രധാന സവിശേഷത. ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി മറ്റൊന്ന് ഘടിപ്പിക്കാൻ സാധിക്കും. 1.5 കിലോവാട്ട് ശേഷിയുള്ള രണ്ട് ഊരിമാറ്റാവുന്ന ലിഥിയം-അയൺ ഫോസ്‌ഫേറ്റ് ബാറ്ററികളാണ് ഈ ഇലക്‌ട്രിക് സ്‌കൂട്ടറിൽ നൽകിയിരിക്കുന്നത്. അതായത് മൊത്തത്തിൽ 3 കിലോവാട്ട് ശേഷിയുള്ള ബാറ്ററി വാഹനത്തിന് ലഭിക്കും. വളരെ വേഗത്തിൽ ഫുൾ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ബാറ്ററിയുടെ മറ്റൊരു പ്രത്യേകത. മുഴുവൻ ചാർജായാൽ 102 കിലോ മീറ്റർ റേഞ്ച് നൽകാൻ വാഹനത്തിനാകും. എന്നാൽ വിഡ വി 1 ഇലക്‌ട്രിക് സ്‌കൂട്ടറിന് സമാനമായി വീട്ടിൽ നിന്നും ചാർജ് ചെയ്യാവുന്ന ഹോം ചാർജിങ് സൗകര്യങ്ങളൊന്നും ആക്‌ടിവ ഇലക്‌ട്രിക്കിന്‍റെ ബാറ്ററിക്ക് നൽകിയിട്ടില്ല. ബാറ്ററികൾ ചാർജ് ചെയ്യണമെങ്കിൽ ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകളിൽ തന്നെ പോകണം.
അതേസമയം 3.07 കിലോവാട്ടിന്‍റെ ലിഥിയം അയൺ ബാറ്ററിയാണ് ഇ-ആക്‌സസിൽ നൽകിയിട്ടുള്ളത്. മികച്ച സുരക്ഷയും കൂടുതൽ ഈട് നിൽക്കുന്നതുമായ ബാറ്ററിയാണ് വാഹനത്തിന് നൽകിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ബാറ്ററിക്ക് 95 കിലോമീറ്റർ റേഞ്ച് നൽകാനാകുമെന്നാണ് പറയപ്പെടുന്നത്. 4.5 മണിക്കൂർ കൊണ്ട് പൂജ്യത്തിൽ നിന്നും 80 ശതമാനം വരെയും 6 മണിക്കൂർ 42 മിനിറ്റ് കൊണ്ട് പൂർണമായും ചാർജ് ചെയ്യാൻ ഇ-ആക്‌സസിലെ ബാറ്ററിക്കാകും. കൂടാതെ ഫാസ്റ്റ് ചാർജിങ് ഫീച്ചർ ഉപയോഗിച്ച് 1 മണിക്കൂർ 12 മിനിറ്റ് സമയം കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും. ഫാസ്റ്റ് ചാർജിങ് ഫീച്ചർ ഉപയോഗിച്ച് പൂർണമായി ചാർജ് ചെയ്യാൻ 2 മണിക്കൂർ 12 മിനിറ്റ് സമയമെടുക്കും.
മറ്റ് ഫീച്ചറുകൾ: ഇക്കോൺ, സ്റ്റാൻഡേർഡ്, സ്പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകൾ നൽകിയതിനാൽ തന്നെ മികച്ച ഡ്രൈവിങ് അനുഭവം ലഭിക്കും. ഡ്രൈവർക്ക് നാവിഗേഷൻ നൽകുന്ന ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ സ്‌മാർട്ട്‌ഫോൺ ആപ്പുമായി കണക്‌റ്റ് ചെയ്‌ത ഡാഷ്‌ബോർഡിൽ 7 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. എച്ച്-സ്‌മാർട്ട്-കീ സിസ്റ്റവും നൽകിയിട്ടുണ്ട്. ടിഎഫ്‌ടി ഡിസ്‌പ്ലേ ഇൻകമിങ് കോൾ അലേർട്ടുകളും നാവിഗേഷനും നൽകും. എന്നാൽ ഡിസ്‌പ്ലേക്ക് ടച്ച് ഫങ്‌ഷനാലിറ്റിയില്ലാത്തതിനാൽ തന്നെ നാവിഗേറ്റ് ചെയ്യുന്നതിന് ഇടത് ഹാൻഡിൽബാറിലുള്ള ടോഗിൾ സ്വിച്ച് ഉപയോഗിക്കേണ്ടതുണ്ട്.
അതേസമയം സുസുക്കി ഇ-ആക്‌സസിൽ ഇക്കോ, റൈഡ് എ, റൈഡ് ബി എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത ഡ്രൈവ് മോഡുകളും കൂടുതൽ സൗകര്യത്തിനായി റിവേഴ്‌സ് മോഡും ഉണ്ടാകും. എന്നാൽ റൈഡ് എ, റൈഡ് ബി ഏതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷ വർധിപ്പിക്കാനായി സൈഡ്-സ്റ്റാൻഡ് ഇന്‍റർലോക്ക് സിസ്റ്റം, ടിപ്പ്-ഓവർ ഡിറ്റക്ഷൻ തുടങ്ങിയവ നൽകിയിട്ടുണ്ട്. കൂടാതെ കീലെസ് സിസ്റ്റം, മൾട്ടി-ഫങ്‌ഷൻ സ്റ്റാർട്ടർ സ്വിച്ച് സീറ്റ് ഓപ്പണർ, സ്റ്റിയറിങ് ലോക്ക്, ചാർജിങ് ഇൻലെറ്റ് ലിഡ് ലോക്ക് എന്നീ ഫീച്ചറുകളും ഉണ്ടായിരിക്കും.
ബ്ലൂടൂത്തുമായി കണക്‌റ്റ് ചെയ്യാവുന്ന കളർ ടിഎഫ്‌ടി ഡിസ്പ്ലേയുമായാണ് സുസുക്കി ഇ-ആക്‌സസ് വിപണിയിലെത്തുക. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോളുകൾക്കും സന്ദേശങ്ങൾക്കും നോട്ടിഫിക്കേഷനുകൾ സ്‌മാർട്ട് കീ, യുഎസ്‌ബി ചാർജിങ് പോർട്ട്, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾക്കും നാവിഗേഷനുമായി സുസുക്കി റൈഡ് കണക്‌ട്-ഇ ആപ്പ് വഴിയുള്ള സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയും ഈ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഫീച്ചർ ചെയ്യും.
മോട്ടോർ: 22 എൻഎം ടോർക്ക് നൽകുന്ന 6 കിലോവാട്ടിന്‍റെ മോട്ടോറാണ് ഹോണ്ട ആക്‌ടിവ ഇലക്‌ട്രിക്കിന് കരുത്തേകുന്നത്. ഇത് മണിക്കൂറിൽ 80 കിലോമീറ്റർ പരമാവധി വേഗത നൽകുന്നതിന് സഹായിക്കും. വെറും 7.3 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഹോണ്ട ആക്‌ടിവ ഇലക്‌ട്രിക്കിന് കഴിയും.
അതേസമയം 4.1 കിലോവാട്ട് പരമാവധി പവറും 15 എൻഎം ടോർക്കും പരമാവധി ഉത്‌പാദിപ്പിക്കുന്ന സ്വിങ് ആം മൗണ്ടഡ് മോട്ടോറാണ് സുസുക്കി ഇ-ആക്‌സസിന് നൽകിയിരിക്കുന്നതെന്നാണ് വിവരം. ഇ-ആക്‌സസിലെ മോട്ടോറിന് മണിക്കൂറിൽ 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. കൂടാതെ ഒരൊറ്റ ചാർജിൽ 95 കിലോമീറ്റർ റേഞ്ചും നൽകും.
കളർ ഓപ്‌ഷൻ: പേൾ ഷാലോ ബ്ലൂ, പേൾ സെറിനിറ്റി ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നീ അഞ്ച് കളർ ഓപ്‌ഷനുകളിലാണ് ഹോണ്ട ആക്‌ടിവ ഇലക്‌ട്രിക് ലഭ്യമാവുക.
അതേസമയം ഡ്യുവൽ ടോൺ കളർ ഓപ്‌ഷനുകളിലായിരിക്കും ഇ-ആക്‌സസ് ലഭ്യമാവുക. മെറ്റാലിക് മാറ്റ് ബ്ലാക്ക് 2/ മെറ്റാലിക് മാറ്റ് ബോർഡോ റെഡ്, പേൾ ഗ്രേസ് വൈറ്റ്/ മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ, പേൾ ജേഡ് ഗ്രീൻ/ മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ എന്നിവയായിരിക്കും മൂന്ന് ഡ്യുവൽടോൺ കളർ കോമ്പിനേഷനുകൾ.
വാറന്‍റി: മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെ ഹോണ്ട ആക്‌ടിവ ഇലക്‌ട്രിക്കിന് വാറന്‍റി ലഭിക്കും. അതേസമയം, സുസുക്കി ഇ-ആക്‌സസിന്‍റെ വാറന്‍റിയെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
വില: ഹോണ്ട ആക്‌ടിവ ഇലക്‌ട്രിക്കിന് 1,17,000 രൂപയാണ് പ്രാരംഭവില. ബെംഗളൂരുവിലെ എക്‌സ്-ഷോറൂം വിലയാണ്, കേരളത്തിലെ വിലയിൽ ചെറിയ മാറ്റം വന്നേക്കാം. നിലവിൽ ആക്‌ടിവ ഇലക്‌ട്രിക്കിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് നിലവിൽ ലഭ്യമാവുക. മറ്റ് നഗരങ്ങളിലേക്കും വൈകാതെ വ്യാപിപ്പിക്കും.
അതേസമയം, സുസുക്കി ഇ-ആക്‌സസിന്‍റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇ-ആക്‌സസിന് ആക്‌ടിവ ഇയുടെ ബേസിക് മോഡലിനേക്കാൾ വില കൂടുതലായിരിക്കാമെന്നാണ് ഇരുചക്ര വാഹനങ്ങളെക്കുറിച്ച് എഴുതുന്ന പ്രമുഖ വെബ്‌സൈറ്റായ ബൈക്ക്ദേഖോ പറയുന്നത്. ഇ-ആക്‌സസിന് ഏകദേശം 1.20 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. ഇ-ആക്‌സസിന്‍റെ ഉത്പാദനം 2025 മാർച്ചിൽ ആരംഭിക്കുകയും ഏപ്രിലിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇ-ആക്‌സസ് കൂടി വിപണിയിലെത്തുന്നതോടെ ഹോണ്ട ആക്‌ടിവ. ടിവിഎസ് ഐക്യൂബ്, ഏഥർ റിസ്‌ത എന്നീ വാഹനങ്ങളായിരിക്കും ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കിടയിലെ പ്രധാന എതിരാളികൾ.
Also Read:
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ
- ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്: ടിവിഎസിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ഡെലിവറി ആരംഭിച്ചു