ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് ഒരുങ്ങി ഇന്ത്യന്‍ സായുധ സേന റെജിമെന്‍റുകളും എൻസിസി കേഡറ്റുകളും. ഡൽഹി കാന്‍റ് പ്രദേശത്തും കർത്തവ്യ പഥിലും എങ്ങും കേള്‍ക്കാനാവുക സേനകളുടെ പരേഡ് പരിശീലനത്തിന്‍റെ അലയടികളാണ്.
ജനുവരി 26 ന് ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യൻ സായുധ സേനാംഗങ്ങളുടെ മികച്ച പ്രകടനവും അത്യാധുനിക സാങ്കേതിക വിദ്യയുടെ പ്രദർശനവുമായിരിക്കും അന്നേ ദിവസത്തെ പ്രധാന ആകര്‍ഷണം.

ആർ-ഡേ പരേഡിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള ആറ് മാർച്ചിങ് സംഘങ്ങളാണ് പങ്കെടുക്കുക. ആര്‍-ഡേ പരേഡില്‍ പങ്കെടുക്കുന്ന സംഘങ്ങള്‍:
- ബ്രിഗേഡ് ഓഫ് ദി ഗാർഡ്‌സ്
- മഹർ റെജിമെന്‍റ്
- ജാട്ട് റെജിമെന്‍റ്
- ഗർവാൾ റൈഫിൾസ്
- ജമ്മു കശ്‌മീർ റൈഫിൾസ്
- കോർപ്‌സ് ഓഫ് സിഗ്നൽസ്

കൂടാതെ, ലോകത്തിലെ അവസാനത്തെ പ്രവർത്തന കുതിരപ്പട യൂണിറ്റായ 61-ാമത് കാവൽറി റെജിമെന്റിന്റെ പങ്കാളിത്തവും ആർ-ഡേ പരേഡിന്റെ മാറ്റ് കൂട്ടും. ആർമി ബാൻഡും സൈനികരെ അനുഗമിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അത്യാധുനിക സാങ്കേതിക വിദ്യ പ്രദർശനം
സായുധ സേനയുടെ സാങ്കേതിക വൈദഗ്ധ്യവും ഈ വർഷത്തെ പരേഡിൽ പ്രദർശിപ്പിക്കും.
T-90 (ഭീഷ്‌മ): ഇന്ത്യൻ സൈന്യത്തിന്‍റെ പ്രധാന യുദ്ധ ടാങ്ക്.
ICV BMP-II (ശരത്) ഉം NAMIS ഉം: നൂതനമായ ഫയർ പവർ, വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു.
പിനാക റോക്കറ്റ് സിസ്റ്റം (അഗ്നിബാൻ): കൃത്യതയ്ക്കും മാരക പ്രഹര ശേഷിക്കും പേരുകേട്ടതാണ്.
ബ്രഹ്മോസ് മിസൈൽ സിസ്റ്റം: തദ്ദേശീയ സാങ്കേതിക കണ്ടുപിടിത്തത്തിന്റെ പ്രതീകം.
ആകാശ് വ്യോമ പ്രതിരോധ ആയുധ സംവിധാനം: ഇന്ത്യയുടെ വ്യോമ പ്രതിരോധ ശൃംഖലയുടെ പ്രധാന ഘടകം.
ക്വിക്ക് റിയാക്ഷൻ ഫൈറ്റിങ് വെഹിക്കിൾസ് (നന്ദിഘോഷ്): ദ്രുത വിന്യാസ ശേഷികൾ പ്രകടിപ്പിക്കുന്ന ഹെവി, മീഡിയം വകഭേദങ്ങൾ.
യുദ്ധഭൂമി നിരീക്ഷണ സംവിധാനങ്ങൾ (സഞ്ജയ്): തത്സമയ നിരീക്ഷണം പ്രാപ്‌തമാമാക്കുന്നു.
ഓൾ - ടെറൈൻ വെഹിക്കിൾസ് (ചേതക്): വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലെ പ്രവർത്തന കാര്യക്ഷമതയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ബ്രിഡ്‌ജ് - ലേയി വാഹനങ്ങൾ, ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങൾ (ബജ്‌റംഗ്), ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചർ പോലുള്ള ആർട്ടിലറി സംവിധാനങ്ങൾ എന്നിവയും സംഘം പ്രദർശിപ്പിക്കും. ഇവ എഞ്ചിനീയറിങ് മികവും പോരാട്ടത്തിനുള്ള തയ്യാറെടുപ്പും തെളിയിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുമായി, 17 എൻസിസി ഡയറക്‌ടറേറ്റുകളിൽ നിന്നുള്ള 2361 എൻസിസി (നാഷണൽ കേഡറ്റ് കോർപ്സ്) കേഡറ്റുകള്‍ റിപ്പബ്ലിക് ദിന ക്യാമ്പിൽ ഈ വർഷം പങ്കെടുക്കുന്നുണ്ട്. ഇവരില്‍ 917 കേഡറ്റുകള്‍ പെൺകുട്ടികളാണ്. 2025 ജനുവരി 27 ന് പ്രധാനമന്ത്രിയുടെ റാലിയോടെ ആർ-ഡേ ക്യാമ്പ് അവസാനിക്കും.