കാസർകോട് : ക്ഷേത്ര മുറ്റത്ത് ഉറഞ്ഞാടുന്ന തെയ്യങ്ങൾ. ഓരോ മണിക്കൂറിലും ചമയങ്ങളിലും രൂപത്തിലും തിരുമുടിയിലും വ്യത്യസ്‌തമായ തെയ്യക്കോലങ്ങളുടെ പുറപ്പാട് എത്തുമ്പോൾ കൂപ്പു കയ്യോടെ ഭക്തജനങ്ങൾ ചുറ്റുമുണ്ട്. 351 വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന ആദൂർ ഭഗവതി ക്ഷേത്രത്തിലെത്തിയപ്പോൾ കണ്ടത് ഭക്തി നിർഭരമായ കാഴ്‌ചയാണ്.
ഇനി മൂന്നു ദിവസങ്ങളിലായി നൂറോളം തെയ്യക്കോലങ്ങൾ ക്ഷേത്ര മുറ്റത്ത് ഉറഞ്ഞാടും. കേരളത്തിൽ നിന്നും മാത്രമല്ല കർണാടകയിൽ നിന്നും തുളുനാട്ടിലെ ഉത്സവം കാണാൻ ആളുകൾ ഒരോ ദിവസവും ഒഴുകി എത്തുകയാണ്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും വായോധികരുമടക്കം ഈ നാടിന്‍റെ ഉത്സവത്തിൽ പങ്കാളികൾ ആകുന്നുണ്ട്. അതിനിടയിലാണ് ക്ഷേത്രത്തിൽ നിന്നും എഴുപതുകാരനായ അപ്പുക്കുഞ്ഞിയെ കാണുന്നത്. ആദൂർ നാടിന്‍റെയും ക്ഷേത്രങ്ങളുടെയും കഥകൾ അദ്ദേഹം വിവരിച്ചു.
കഥയും വിശ്വാസവും ഇങ്ങനെ
മലനാട് കാണാൻ പുറപ്പെട്ട ഭാഗവതിമാർ ഏഴിമലയ്ക്ക് അടുത്തുള്ള എടത്തൂരാഴി എന്ന സ്ഥലത്ത് എത്തുകയും കപ്പൽ അവിടെ നങ്കൂരമിട്ട് ഒരായിക്കാവിൽ ഇവരുടെ വരവും പ്രതീക്ഷിച്ചു നിന്ന ഗുളികൻ വിഷ്‌ണു മൂർത്തി, ചാമുണ്ഡി എന്നിവരെ കാണുകയും ചെയ്‌തു. ഒരു വ്യാഴവട്ടത്തോളം അവിടെ കഴിഞ്ഞു.
ഭഗവതിമാരുടെ ദാഹം തീർക്കാൻ തീയ്യ സമുദായത്തിലെ നെല്ലിക്കത്തീയൻ തലക്കാട്ടെ കുറുവൻ ഇളനീർ പറിച്ചു നൽകി. പിന്നീട് മാലോം മുകയൻ അതെടുത്ത് കൊത്തിക്കൊടുത്തു. അതിൽ സംപ്രീതരായ ഭഗവതിമാർ മാലോം മുകയന്‍റെ ഇല്ലത്തെ കുല ദേവതയായി കുടികൊള്ളാമെന്നു വാക്ക് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അങ്ങനെ അവിടെ നിന്നും യാത്ര തുടർന്നു മൂന്നു ഭഗവതിമാരും വൈരാപുരത്ത് വടക്കൻ കോടി, അസുരകാളൻ, ഗുളികൻ എന്നിവർ ചന്ദ്രഗിരി ശാസ്‌താവിനെ വണങ്ങി അടൂരിൽ എത്തി. മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നിൽ എത്തി. അവിടെ വടക്കേ നടയിൽ കാവൽ നിൽക്കുകയായിരുന്ന ചാമുണ്ഡിയോട് അകത്തു കടക്കാൻ അനുവാദം ചോദിച്ചെങ്കിലും തടഞ്ഞു. ഇതോടെ മൂന്നു ഭഗവതിമാരും ക്രോധം പൂണ്ടു ഏക സ്വരൂപം എടുത്ത് ഭദ്രകാളിയായി മാറി.
ഭദ്രകാളി അവിടെ നിന്നും ബല്ലാൾ രാജകുടുംബത്തിന്‍റെ അധീനതയിൽ ആയിരുന്ന ആദൂർ പ്രദേശത്ത് എത്തി. ഭദ്രകാളിയും പരിവാരങ്ങളും യാത്ര തുടർന്നപ്പോൾ രാജാവിന്‍റെ പല്ലക്ക് ചുമക്കുന്ന മുകയരെ കാണുകയും അതിൽ ഒരാളുടെ ദേഹത്ത് ദേവി പ്രവേശികുകയും ചെയ്‌തു. മുകയർ അഥവാ ബോവികൾ ദർശനത്തോടെ രാജാവിനെ സമീപിച്ച് തങ്ങൾക്ക് വാഴാൻ ഒരു സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടു. ഇതുകേട്ട രാജാവ് ഇവരെ പിടിച്ചു കെട്ടാൻ സൈന്യത്തിന് നിർദേശം നൽകി. അവർ കല്‍പന പാലിക്കുകയും ചെയ്‌തു.
നാളെ പുലർച്ചയ്ക്ക് മുന്നേ ഇതിനു അടയാളം കാണിച്ചു തരാമെന്നു ദേവിയുടെ ദർശനം ലഭിച്ച ആൾ മറുപടി നൽകി. പിറ്റേന്ന് രാജാവ് കണ്ട കാഴ്‌ച ദയനീയമായിരുന്നു. രാജാവിന്‍റെ മകളുടെ ദേഹത്ത് വസൂരി ബാധിച്ചു. കന്നുകാലികൾ അബോധാവസ്ഥയിൽ ആകുകയും ചെയ്‌തു. ഇതോടെ രാജാവ് മാപ്പ് അപേക്ഷിച്ചു.
ജ്യോതിഷ ചിന്തയിൽ ദേവിമാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. തന്‍റെ ദേശത്തു എവിടെ വേണമെങ്കിലും സ്ഥലം കാണിച്ചു തന്നാൽ ക്ഷേത്രം പണിതു തരാം എന്ന് രാജാവ് ഉറപ്പ് നൽകി. അപ്പോൾ തന്നെ രാജകുമാരിയുടെ വസൂരി മാറുകയും ചെയ്‌തു. അങ്ങനെ ഉണ്ടായ 11 ക്ഷേത്രങ്ങളിൽ ഒന്നാണ് ആദൂർ ഭഗവതി ക്ഷേത്രവും.
ചരിത്രം പറയുന്നതിനിടയിൽ ക്ഷേത്ര മുറ്റത്ത് വൈരാപുരത്ത് വടക്കൻ കോടിയും അസുരാളനും അണ്ണപ്പ പഞ്ചുരുളിയും ഉറഞ്ഞാടുകയാണ്. ഇതിനിടയിൽ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള കലശ പാത്രത്തെ കുറിച്ച് അറിയുന്നത്. നൂറ്റാണ്ടുകൾക്ക് മുന്നേ നടന്ന പെരുങ്കളിയാട്ടത്തിന്‍റെ ബാക്കിപത്രമായ ഒരു കലശ പാത്രമാണ് ഇന്നും ക്ഷേത്രത്തിൽ ഉള്ളത്. വെളുത്ത ഓട് കൊണ്ട് നിർമിച്ച ഇതിന്‍റെ കാലക്കപ്പഴക്കം പരിശോധിച്ചപ്പോൾ 350 വർഷത്തോളം പഴക്കമാണ് പുരാവസ്‌തു വകുപ്പ് കണക്കാക്കിയത്.
ഭഗവതിമാർക്കുള്ള കലശം എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഈ പാത്രം കൊത്തു പണികൾ കൊണ്ട് മനോഹരമാണ്. മുഴുവൻ ജീവജാലങ്ങൾക്കും അനുഗ്രഹമരുളി ഒറ്റ തിടമ്പിൽ കുടിയിരിക്കുന്ന മൂന്നു ഭഗവതിമാരാണ് ആദൂരിലെ പ്രത്യേകത. പുന്നകാവിൽ ഭഗവതിയും, ആയിറ്റി ഭഗവതിയും, വില്ലാപുരത്ത് അസുര കാളൻ, കല്ലങ്കര ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി, മലങ്കര ചാമുണ്ഡി, പഞ്ചുരുളി ദേവതകളും വീരനും, വിഷ്‌ണുമൂർത്തി, ഗുളികൻ, തൂവക്കാളി അമ്മയ്ക്ക് പ്രാധാന്യം നൽകി ആരാധിച്ചു പോരുന്നു.
ഇനി മൂന്ന് നാൾ
ഇനി മൂന്നു ദിനരാത്രങ്ങളിലായി കർണാടകയിൽ നിന്നടക്കം ലക്ഷക്കണക്കിന് ഭക്തരെ പ്രതീക്ഷിക്കുന്നുണ്ട് ആദൂർ പെരുങ്കളിയാട്ടത്തിന്. 39 തെയ്യങ്ങളും തോറ്റങ്ങളും അടക്കം നൂറോളം തെയ്യങ്ങൾ ക്ഷേത്ര മുറ്റത്ത് ഉറഞ്ഞാടും. മൂന്നു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് 19 മുതൽ 24 വരെയാണ് പെരുങ്കളിയാട്ടം.
ഉത്തരമലബാറിലെ പ്രമുഖ മുകയ-ബോവി സമുദായത്തിന്‍റെ ക്ഷേത്രങ്ങളിൽ ഒന്നാണ് ആദൂർ ഭഗവതിക്ഷേത്രം. ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം, വ്യാപാരമേള, ഒരുലക്ഷത്തിലധികം പേർക്ക് ഭക്ഷണം നൽകാനുള്ള സൗകര്യം, വിവിധ റോഡുകൾ, വെള്ളത്തിനായി ചെറു ഡാമുകൾ അങ്ങനെ പലവിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പെരുങ്കളിയാട്ടത്തിന് എത്താൻ വഴി
മുള്ളേരിയയിൽനിന്ന് ചെർക്കള ജാൽസൂർ പാതയിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ആദൂർ ഏഴാംമൈലിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. ആദൂർ പള്ളത്തിന് സമീപത്തു നിന്ന് സിഎ നഗർ കൈത്തോട് വഴിയും ക്ഷേത്രത്തിലെത്താം. മുള്ളേരിയയിൽ നിന്ന് ബെള്ളൂർ റോഡിലൂടെ ബേങ്ങത്തടുക്കയിൽ നിന്ന് മാവുങ്കാൽ വഴിയും വരാനുള്ള റോഡുണ്ട്. ബേങ്ങത്തടുക്ക ജയനഗർ മുച്ചിലോട്ട് വഴി പുതിയ റോഡ് തുറന്നു. ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും കർണാടകയിൽ നിന്നും പ്രത്യേക ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പെരുങ്കളിയാട്ടത്തിന് ആശംസകൾ നേർന്നു കത്ത് അയച്ചിരിക്കുകയാണ്.