എല്ലാവര്‍ഷവും ഫെബ്രുവരി രണ്ട് ലോക തണ്ണീര്‍ത്തടദിനമായി ആചരിച്ച് വരുന്നു. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന്‍റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയാണ് 1971 ഫെബ്രുവരി രണ്ടിന് ഇറാനിലെ റംസാറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഈ ദിനം ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കാന്‍ തീരുമാനമെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോകത്തെ തണ്ണീര്‍ത്തടങ്ങളെല്ലാം തന്നെ അതീവ അപകടാവസ്ഥയിലാണ്. ഈ ശതാബ്‌ദത്തിന്‍റെ തുടക്കത്തില്‍ തന്നെ ലോകത്തെ 64ശതമാനം തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായെന്ന് ലോക പൈതൃക, റംസാര്‍ കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് പലയിടത്തും അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ കൂടി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ അവ മാനവരാശിക്ക് നല്‍കുന്ന നന്മകളെല്ലാം അപകടത്തിലാകുന്നുവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വഭാവിക വനങ്ങള്‍ ഇല്ലാതാകുന്നതിന്‍റെ മൂന്നിരട്ടി വേഗത്തിലാണ് തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതായിക്കൊണ്ടരിക്കുന്നതെന്ന് ഗ്ലോബല്‍ വെറ്റ് ലാന്‍ഡ് ഔട്ട്ലുക്ക് ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ തണ്ണീര്‍ത്തട സംരക്ഷണം മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ പരമപ്രധാനമാണ്. 2030സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇതിലൂടെ വലിയ സംഭാവനകള്‍ നല്‍കാനാകും.
ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ നശിച്ച് കൊണ്ടിരിക്കുന്ന ഒരു പാരിസ്ഥിതിക സംവിധാനമാണ് തണ്ണീര്‍ത്തടങ്ങള്‍. 1970ന് ശേഷം കേവലം അന്‍പത് വര്‍ഷം കൊണ്ടാണ് ലോകത്തെ 35ശതമാനം തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായത്. മലിനീകരണം, വന്‍തോതിലുള്ള മത്സ്യബന്ധനം, വിഭവ ചൂഷണം, മറ്റ് ജീവികളുടെ കടന്ന് കയറ്റം, കാലാവസ്ഥ വ്യതിയാനം, അഴുക്കുചാലുകള്‍, നിര്‍മ്മാണത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക പ്രവൃത്തികള്‍ക്കുമായി ഇവ നികത്തല്‍ എന്നിവയും തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കുന്നു.
- എട്ടില്‍ ഒരാള്‍ തങ്ങളുടെ ഉപജീവനത്തിനായി തണ്ണീര്‍ത്തടങ്ങളെ ആശ്രയിക്കുന്നു, ഭക്ഷണം, വെള്ളം, ഗതാഗതം, വിനോദം എന്നിവയ്ക്കായാണ് ഇവര്‍ പ്രധാനമായും തണ്ണീര്‍ത്തടങ്ങളെ ആശ്രയിക്കുന്നത്.
- മാനസികാരോഗ്യത്തിനും തണ്ണീര്‍ത്തടങ്ങള്‍ക്ക് വലിയ പങ്ക്.
- കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയവ അടക്കമുള്ളവയില്‍ നിന്ന് അറുപത് ശതമാനം മനുഷ്യരെയും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നു.
എന്ത് കൊണ്ട് തണ്ണീര്‍ത്തടദിനം?
1700കളോടെയാണ് ലോകത്തെ 90ശതമാനം തണ്ണീര്‍ത്തടങ്ങളും നശിക്കാന്‍ തുടങ്ങിയത്. വനത്തെക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് ഇവയുടെ ശോഷണം സംഭവിക്കുന്നത്. ജൈവവൈവിധ്യം, കാലാവസ്ഥാ നിയന്ത്രണം, പരിസ്ഥിതികളോട് ഇണങ്ങിച്ചേരല്‍, ശുദ്ധജല ലഭ്യത, ലോക സാമ്പത്തിക രംഗങ്ങള്‍ തുടങ്ങിയവയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന സുപ്രധാന പാരിസ്ഥിതിക സംവിധാനമാണ് തണ്ണീര്‍ത്തടങ്ങള്‍.
അത് കൊണ്ട് തന്നെ അടിയന്തരമായി തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയും നഷ്‌ടമായവയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ദേശീയ ആഗോളതലത്തില്‍ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്.
ഈ ദിനത്തില്‍ അത് കൊണ്ട് തന്നെ ഈ സുപ്രധാന പാരിസ്ഥിതിക സംവിധാനത്തെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ മനസിലാക്കിക്കേണ്ടതുണ്ട്.
തണ്ണീര്‍ത്തടങ്ങള്‍ ജലസുരക്ഷ, മികച്ച ജീവിതം, സംസ്‌കാരം എന്നിവയ്ക്ക് അത്യന്താപേക്ഷിതം, ഇവയുടെ പ്രധാന പങ്കുകള്‍;
- ശുദ്ധജലം
- ജലവിതരണം
- പരിസ്ഥിതിസംരക്ഷണം
- സുസ്ഥിര ഉപജീവനമാര്‍ഗവും തൊഴിലും
- ജൈവവൈവിധ്യ സംരക്ഷണം
- കൊടുങ്കാറ്റില്‍ നിന്നുള്ള സംരക്ഷണം
- കാര്‍ബണ്‍ സംഭരണം
- കാലാവസ്ഥ വ്യതിയാനം നേരിടല്‍
- ശാരീരിക മാനസികാരോഗ്യം
- വിനോദസഞ്ചാരവും വിനോദവും
ഇക്കൊല്ലത്തെ പ്രമേയം
'നമ്മുടെ പൊതു ഭാവിക്കായി തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുക'(“Protecting Wetlands for Our Common Future”) എന്നതാണ് 2025ലെ ലോക തണ്ണീര്‍ത്തടദിന പ്രമേയം. ഇക്കൊല്ലത്തെ ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. തണ്ണീര്‍ത്തട കണ്‍വന്‍ഷനിലെ അംഗങ്ങളുടെ പതിനഞ്ചാമത് സമ്മേളന(Conference of the Contracting parties to the Convention on Wetlands-COP15)പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തണ്ണീര്‍ത്തട ദിനാചരണം നടക്കുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കരാറിലേര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ സമ്മേളിക്കാറുണ്ട്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും സംബന്ധിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനാണ് ഈ യോഗം. സിംബാബ്‌വെയിലാണ് ഇക്കുറി യോഗം. ജൂലൈ 23മുതല്‍ 31 വരെയാണ് സമ്മേളനം നടക്കുന്നത്.
മൂന്ന് റാംസാര്‍ കേന്ദ്രങ്ങളെക്കുറിച്ച് അറിയാം
- തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുള്ള ഊത്തുക്കുളി താലൂക്കിലെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള നാഞ്ചരായന്‍ പക്ഷി സങ്കേതം
- തമിഴ്‌നാട്ടിലെ പതിനാറാമത് പക്ഷിസങ്കേതമായി 2021ല്‍ പ്രഖ്യാപിച്ച 5,151.6 ഹെക്‌ടറുകളിലായി വ്യാപിച്ച് കിടക്കുന്ന കഴുവേലി പക്ഷി സങ്കേതം. പോണ്ടിച്ചേരിക്ക് വടക്കുള്ള വില്ലുപുരം ജില്ലയിലെ കൊറോമാന്‍ഡല്‍ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ തടാകം ഉപ്പുകള്ളി തടവും എടയാന്‍തിട്ട് അഴിമുഖവും വഴി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. ഇന്ത്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളില്‍ ഒന്നാണിത്. വൈവിധ്യമാര്‍ന്ന ജലസവിശേഷതയും ഇതിന്‍റെ പ്രത്യേകതയാണ്. ഉപ്പുകള്ളി തടത്തിലെ കടല്‍ ജലം, അഴിമുഖത്തെ മിശ്രിത ജലം, കഴുവേലി തടത്തിലെ ശുദ്ധജലം എന്നിവയാണിത്.
- മധ്യപ്രദേശിലെ ഇതര്‍സിയിലുള്ള തവ, ദെന്‍വ നദികളുടെ സംഗമ സ്ഥാനത്തുള്ള തവ റിസര്‍വോയര്‍. പ്രധാനമായും ഇത് ജലസേചനത്തിനായാണ് ഉപയോഗിക്കുന്നത്. അതേസമയം വൈദ്യുതി ഉത്പാദനത്തിനും ജലജീവി സംരക്ഷണത്തിനും ഇത് ഉപയോഗിക്കുന്നു. 20,050 ഹെക്‌ടറുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. ഇതില്‍ 598,290 ഹെക്‌ടറില്‍ നിന്ന് മീന്‍പിടിക്കുന്നു. ഛിന്നദ്വാരയിലെ മഹാദേവോ കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന തവ നദി നര്‍മ്മദയുടെ ഒരു പ്രധാന പോഷക നദിയാണ്. ബേതുല്‍, നര്‍മ്മദാപുരം ജില്ലകളിലൂടെ ഇതൊഴുകുന്നു.
രാജ്യത്തെ ചില പ്രധാന തണ്ണീര്‍ത്തടങ്ങള്‍ ഇവ
- റംസാര്‍ സൈറ്റുകളുടെ കാര്യത്തില്‍ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. 176 റംസാര്‍ സൈറ്റുകളുള്ള ബ്രിട്ടനാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 144 സൈറ്റുകളുമായി മെക്‌സിക്കോ തൊട്ടുപിന്നാലെയുണ്ട്. ഇന്ത്യയില്‍ ഇവയുടെ എണ്ണം 85 ആണ്.
- ഇന്ത്യയില്‍ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ റംസാര്‍ സൈറ്റുകളുള്ളത്. പതിനെട്ടണ്ണമാണ് ഇവിടെയുള്ളത്. പത്ത് റംസാര്‍ സൈറ്റുകളുമായി ഉത്തര്‍പ്രദേശും ആറെണ്ണം വീതവുമായി പഞ്ചാബും ഒഡിഷയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമുണ്ട്.
- വൈവിധ്യമാര്‍ന്ന തണ്ണീര്‍ത്തടങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. ഇവയില്‍ മിക്കവയ്ക്കും സാംസ്‌കാരിക-മത പ്രാധാന്യവുമുണ്ട്.
ഈ തണ്ണീര്‍ത്തടങ്ങളെല്ലാം വിവിധ ദേശീയ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ വന നിയമം1927, വനസംരക്ഷണ നിയമം 1980, ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം 1972 എന്നിവയാണവ.
സുസ്ഥിരതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി ഇന്ത്യ റംസാര്‍ സൈറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തി. 2024 ഓഗസ്റ്റ് പതിനാലിലെ കണക്കുകള്‍ പ്രകാരം 85 റംസാര്‍ സൈറ്റുകളാണ് രാജ്യത്തുള്ളത്. ഇതോടെ ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ റംസാര്‍ സൈറ്റുകളുള്ള രാജ്യമായി ഇന്ത്യ മാറി.
1982നും 2013നുമിടയില്‍ ഇന്ത്യയില്‍ നിന്ന് 26 സൈറ്റുകള്‍ റംസാര്‍ സൈറ്റുകളായി ചേര്‍ത്തു. തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത വര്‍ദ്ധിപ്പിച്ചതോടെ ഇന്ത്യ 2014 മുതല്‍ 2024 വരെ 59 പുതിയ റംസാര്‍ സൈറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി.
2024ല്‍ കര്‍ണാടകയിലെ അങ്കാസമുദ്ര പക്ഷി സംരക്ഷണ കേന്ദ്രം, അഘനാശിനി എസ്റ്റുറി ആന്‍ഡ് മാഗാഡി കേരെ സംരക്ഷണ കേന്ദ്രം, തമിഴ്‌നാട്ടിലെ കരൈവേട്ടി പക്ഷി സങ്കേതവും ലോങ്‌വുഡ് ഷോള സംരക്ഷിത വനവും, ബിഹാറില്‍ നിന്ന് രണ്ട് പക്ഷി സങ്കേതങ്ങള്‍ നഗി, നക്‌തി എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
രാജ്യമെമ്പാടുമായി 1307 വൈവിധ്യമാര്‍ന്ന തണ്ണീര്‍ത്തടങ്ങളുണ്ട്. ഇതില്‍ 113 എണ്ണം അതീവ പ്രാധാന്യമുള്ളതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പ്രാധാന്യവും ജൈവവൈവിധ്യത്തിനും നല്‍കുന്ന സംഭാവനകളും പരിഗണിച്ചാണ് ഇവയെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇതില്‍ 85 എണ്ണം റംസാര്‍ സൈറ്റുകളാണ്. രാജ്യാന്തര തലത്തില്‍ സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് ഇവ റംസാര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇവയ്ക്ക് പുറമെ 1109 മറ്റ് തണ്ണീര്‍ത്തടങ്ങളും രാജ്യത്തിന്‍റെ സ്വഭാവിക സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.
ഇത്തരം തണ്ണീര്‍ത്തടങ്ങള്‍ ദേശാടനക്കിളികളുടെ സ്വഭാവിക ആവാസ കേന്ദ്രങ്ങളാണ്. പ്രത്യേകിച്ച് മധ്യേഷ്യന്‍ ആകാശപാതയിലൂടെ സഞ്ചരിക്കുന്ന കിളികളുടെ. ദീര്‍ഘമായ ദേശാടനത്തിനിടെ ഇവ ഈ തണ്ണീര്‍ത്തടങ്ങളില്‍ ഇറങ്ങി വിശ്രമിക്കുകയും പുത്തന്‍ ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യുന്നു.
രാജ്യത്തെ തണ്ണീര്‍ത്തട സംരക്ഷണത്തില്‍ അടുത്തിടെയുണ്ടായിട്ടുള്ള മാറ്റങ്ങള്‍
തണ്ണീര്‍ത്തട ഇന്ത്യ പോര്‍ട്ടല്‍; 2021 ഒക്‌ടോബര്‍ രണ്ടിനാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഈ പോര്‍ട്ടല്‍ ആരംഭിച്ചത്. രാജ്യത്തെ തണ്ണീര്‍ത്തടങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്.
ദേശീയ തണ്ണീര്‍ത്തട ദശാബ്‌ദ മാറ്റ ഭൂപടം; അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ കേന്ദ്രമാണ് ഇത് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ തണ്ണീര്‍ത്തടങ്ങള്‍ക്കുണ്ടായുള്ള മാറ്റങ്ങള്‍ ഈ അറ്റ്‌ലസില്‍ ചൂണ്ടിക്കാട്ടുന്നു.
തണ്ണീര്‍ത്തട സംരക്ഷണ മാനേജ്മെന്‍റ് കേന്ദ്രം; 2021ലെ ലോക തണ്ണീര്‍ത്തട ദിനത്തിലാണ് ഈ കേന്ദ്രം ആരംഭിച്ചത്. തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള ഗവേഷണ ആവശ്യങ്ങള്‍ക്കും അറിവുകള്‍ തേടലിനുമാണ് കേന്ദ്രം ഊന്നല്‍ നല്‍കുന്നത്.
തണ്ണീര്‍ത്തട പുനരുജ്ജീവന പദ്ധതി; കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2020ല്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ പദ്ധതിയാണിത്. രാജ്യത്ത് എമ്പാടുമുള്ള അഞ്ഞൂറ് തണ്ണീര്‍ത്തടങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. അടിസ്ഥാന വിവരങ്ങള്‍ നേടുക, വിലയിരുത്തലുകള്‍ നടത്തുക, പങ്കാളിത്തം ഉറപ്പാക്കുക, ആസൂത്രണം ചെയ്യുക എന്നിവയാണ് പ്രധാനമായും പദ്ധതിയിലൂടെ ചെയ്യുന്നത്.
നദീതട മാനേജ്മെന്‍റുമായുള്ള ഏകീകരണം; നമാമി ഗംഗാ പദ്ധതിയുമായി സംയോജിപ്പിച്ച് നദീതട സംരക്ഷണവും നദീ സംരക്ഷണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിന് മുഴുവനുമുള്ള ഒരു മാതൃകാ ചട്ടക്കൂട് കൂടിത്തന്നെയാണ്.
ജലപരിസ്ഥിതി സംരക്ഷണത്തിനുള്ള ദേശീയ പദ്ധതി; 2013ല്‍ ദേശീയ തണ്ണീര്‍ത്തട സംരക്ഷണപദ്ധതിയും ദേശീയ തടാക സംരക്ഷണ പദ്ധതിയും സംയോജിപ്പിച്ചാണ് ജലപരിസ്ഥിതിസംരക്ഷണ ദേശീയ പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ജല പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്‍റെ സമഗ്ര സമീപനമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
അമൃത് ധരോഹര്‍ പദ്ധതി; 2023-24ലെ ബജറ്റിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തണ്ണീര്‍ത്തട ഉപയോഗം കാര്യക്ഷമമാക്കാനുള്ള പദ്ധതിയാണിത്. ജൈവവൈവിധ്യം മെച്ചപ്പെടുത്തല്‍, കാര്‍ബണ്‍ സംഭരണം വര്‍ദ്ധിപ്പിക്കല്‍, പരിസ്ഥിതി വിനോദസഞ്ചാരം ശക്തിപ്പെടുത്തല്‍, പ്രാദേശിക സമൂഹത്തിന് വരുമാനം ഉണ്ടാക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്‍റെ സുസ്ഥിര വികസന കാഴ്‌ചപ്പാടാണിത്.
വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പുനരുജ്ജീവന പദ്ധതി; 2020ലാണ് മന്ത്രാലയം പദ്ധതിക്ക് തുടക്കമിട്ടത്. ബഹുവിധ പദ്ധതികളാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന വിവരങ്ങള്‍, തണ്ണീര്‍ത്തടങ്ങളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തല്‍ തുടങ്ങിയവടക്കമുള്ള പദ്ധതിയാണ് ഇത്. ഒപ്പം സമഗ്രമായി കൈകാര്യം ചെയ്യാനുള്ള പദ്ധതികളാണിത്. 500ഓളം തണ്ണീര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണിത്. ഇത്തരം അവശ്യ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ദേശീയ വന്യജീവി കര്‍മ്മ പദ്ധതി; തണ്ണീര്‍ത്തടങ്ങളടക്കം ഉള്‍നാടന്‍ ജലാശയ പരിസ്ഥിതി സംരക്ഷണത്തിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. ഇതൊരു ദേശീയ ദൗത്യമാണ്. ജൈവവൈവിധ്യത്തിനും പരിസ്ഥിതി സേവനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം തിരിച്ചറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നത്.
നമാമി ഗംഗയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍; 2021 ലോക തണ്ണീര്‍ത്തട ദിനത്തിലാണ് ജലശക്തി മന്ത്രാലയവുമായി ചേര്‍ന്ന് തണ്ണീര്‍ത്തട സംരക്ഷണത്തിനായി നമാമി ഗംഗാ പദ്ധതിക്ക് തുടക്കമിട്ടത്. ദേശീയ ഗംഗാ ശുചീകരണ പദ്ധതി ഇക്കാര്യത്തില്‍ ദേശീയതലത്തില്‍ തന്നെ തണ്ണീര്‍ത്തട സംരക്ഷണത്തിലെ ആദ്യമാതൃകയായി.
Also Read: കാലാവസ്ഥ വ്യതിയാനം ഇന്ത്യന്‍ നഗരങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്നതെങ്ങനെ?