ഗരിയബന്ദ്: ഛത്തീസ്‌ഗഢിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. മെയിൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുൽഹാദിഘട്ട് ഭാബദിഗി കുന്നിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നതെന്ന് ഗരിയബന്ദ് പൊലീസ് സൂപ്രണ്ട് (എസ്‌പി) നിഖിൽ രഖേച്ചയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൂടുതൽ നക്‌സലുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഒഡീഷ പൊലീസിലെ ഇ-30 ഗരിയബന്ദ്, കോബ്ര-207, സിആർപിഎഫ്-65, 211 ബറ്റാലിയൻ, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) നുവാപദ എന്നിവയുടെ സംയുക്ത സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 14 നക്‌സലുകളാണ് കൊല്ലപ്പെട്ടത്.
നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെ ഒരു സൈനികന് വെടിയേറ്റതായും ഇദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനായതായും ശ്രീ നാരായണ ആശുപത്രി മാനേജിങ് ഡയറക്‌ടർ സുനിൽ ഖേംക സ്ഥിരീകരിച്ചിരുന്നു. കഴുത്തിൽ വെടിയേറ്റ മറ്റൊരു സൈനികനും പൂർണമായി സുഖം പ്രാപിച്ചതായി ഖേംക പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗരിയാബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 നക്‌സൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി റായ്‌പൂർ സോണ്‍ ഇൻസ്പെക്‌ടർ ജനറൽ അമ്രേഷ് മിശ്ര പറഞ്ഞു. മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നതിനാണ് മാവോയിസ്‌റ്റുകളെ കൊല്ലുന്നത് എന്ന് വിശദീകരിച്ച ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായ്, മാവോയിസം സമൂഹത്തിന് അർബുദമാണെന്നും പറഞ്ഞു. സംസ്ഥാനത്ത് നക്‌സലിസം ഇല്ലാതാക്കാന്‍ സർക്കാര്‍ ശക്കമായി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയില്‍ സുരക്ഷാ സേനയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്ത് വന്നിരുന്നു. ആക്രമണം നക്‌സലിസത്തിന് ഒരു വലിയ പ്രഹരമാണ് എന്നും അമിത് ഷാ പ്രസ്‌താവിച്ചു. നക്‌സൽ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ സുരക്ഷാ സേന വലിയ വിജയം കൈവരിച്ചു.
സിആർപിഎഫ്, എസ്ഒജി ഒഡീഷ, ഛത്തീസ്‌ഗഡ് പൊലീസ് എന്നിവർ ഒഡീഷ - ഛത്തീസ്‌ഗഡ് അതിർത്തിയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ 14 നക്‌സലൈറ്റുകളെ വധിച്ചു.
നക്‌സൽ രഹിത ഇന്ത്യയ്ക്കുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്‍റെയും സുരക്ഷാ സേനകളുടെ സംയുക്ത പരിശ്രമത്തിന്‍റെയും ഫലമായി നക്‌സലിസം ഇന്ന് അന്ത്യശ്വാസം വലിക്കുകയാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.