കേരളം

kerala

ETV Bharat / state

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് നയാസ് റിമാൻഡിൽ - വീട്ടിൽ പ്രസവം

മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് നേമം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്

birth at home mother and baby died  Husband Nayas Remanded  അമ്മയും കുഞ്ഞും മരിച്ചു  വീട്ടിൽ പ്രസവം  ഭർത്താവ് നയാസ് റിമാൻഡിൽ
Husband Nayas Remanded

By ETV Bharat Kerala Team

Published : Feb 22, 2024, 8:40 AM IST

തിരുവനന്തപുരം :കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിനെ റിമാൻഡ് ചെയ്‌തു. നയാസിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് നേമം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഐപിസി 304, 315, 316 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് പ്രതിയുടെ അറസ്‌റ്റ്‌ പൊലീസ് രേഖപ്പെടുത്തിയത് (Husband Nayas Remanded For Mother And Baby Died During Home Birth).

കുറ്റകൃത്യത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷമീറ ബീവി (35) ആണ് പ്രസവത്തെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. പ്രസവത്തില്‍ ഉണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ചയായിരുന്നു മരണം.

ഷമീറ പൂര്‍ണ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്‌ടറും ആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്‌ധ ചികിത്സ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കൂട്ടാക്കാതെ പ്രസവം വീട്ടില്‍ മതിയെന്ന് നയാസ് വാശി പിടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു.

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവ വേദനയുണ്ടായത്. പിന്നാലെ അമിത രക്തസ്രാവവും ഉണ്ടായി. ബോധരഹിതയായ ഷമീറയെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും നേരത്തെ തന്നെ മരണപ്പെട്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പാലക്കാട് സ്വദേശിനിയാണ് ഷമീറ.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനുമായി രണ്ട് കുഞ്ഞുങ്ങളുണ്ട്. സംഭവ സമയത്ത് ഷമീറയ്‌ക്ക് ഒപ്പം ഉണ്ടായിരുന്നത് നയാസിന്‍റെ ആദ്യ ഭാര്യയും മകളുമായിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപാണ് ഇവർ കാരയ്ക്കാമണ്ഡപത്തെ തിരുമംഗലം ലൈനിൽ വാടക വീട്ടിൽ താമസത്തിനെത്തിയത്.

ABOUT THE AUTHOR

...view details