പത്തനംതിട്ട: തിരുവല്ലയിൽ വീട് വിട്ട പതിനഞ്ചുകാരനെ തിരുവല്ല പൊലീസ് സ്‌ക്വാഡ് ചെന്നൈയിൽ കണ്ടെത്തി. വീട്ടിലെ കർശന നിയന്ത്രണങ്ങളിൽ മനംമടുത്ത് വീട് വിട്ടതാണെന്നാണ് വിവരം. കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ കുട്ടി മെയ് 7ന് ഉച്ചയോടെയാണ് വീടുവിട്ടിറങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ചെന്നൈയിലെ പാരീസ് കോർണറിൽ നിന്നും കണ്ടെത്തി വീട്ടിലേക്ക് തിരികെയെത്തിച്ചത്.
വീടിനു പുറത്ത് കളിക്കാൻ വിടാതെ വീട്ടുകാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തിലാണ് പത്താം ക്ലാസ് പരീക്ഷാഫലം വരുന്നതിന് ഒരാഴ്ച്ച മുമ്പ് പതിനഞ്ചുകാരൻ വീടുവിട്ടിറങ്ങിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌താണ് കുട്ടി പോയത്.
തിരുവല്ല ഡിവൈഎസ്‌പി അഷദിന്‍റെ നേതൃത്വത്തിൽ ഇൻസ്‌പെക്‌ടർ സുനിൽ കൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിച്ചത്. എസ്‌സിപിഒമാരായ മനോജ്, അഖിലേഷ്, സിപിഒ അവിനാശ് എന്നിവരാണ് പ്രത്യേക അന്വേഷണത്തിൽ ഉണ്ടായിരുന്നത്. കുട്ടി സഞ്ചരിച്ച വിവിധ സ്ഥലങ്ങളിലെ അഞ്ഞൂറോളം സിസിടിവി ഫുട്ടേജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്കും, തുടർന്ന് ട്രെയിനിൽ ചെന്നൈയിലേക്കുമാണ് പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ചെന്നൈയിൽ എത്തിയ കുട്ടി തന്‍റെ ഫോൺ വിറ്റിരുന്നു. തുടർന്ന് ഫോൺ വാങ്ങിയ ഗുഡല്ലൂർ സ്വദേശി വഴിയാണ് അന്വേഷണ സംഘം ചെന്നൈയിലേക്ക് എത്തിച്ചേരുന്നത്. ചെന്നൈയിലെ പാരീസ് കോർണറിലെ ബിരിയാണിക്കടയിൽ സഹായിയായി ജോലി നോക്കുകയായിരുന്നു കുട്ടി. അവിടെ ജോലിചെയ്യുന്ന നേപ്പാൾ സ്വദേശിയുടെ ഫോണിൽ നിന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നതാണ് അന്വേഷണ സംഘത്തിന് കുട്ടിയിലേക്ക് എത്തിച്ചേരാൻ സഹായകമായത്.
Also Read: നൈറ്റ് ഡ്യൂട്ടിക്കുശേഷം മടങ്ങിയ എസ്‌ഐയെ കാണാനില്ല; പരാതി നല്‍കി കുടുംബം, അന്വേഷണം