തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം നാളെ (ജൂണ്‍ 7) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഴിഞ്ഞ 3 വർഷമായി സംസ്ഥാന സർക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും അവയിലൂടെയുണ്ടായ വളർച്ചയെ കുറിച്ചും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശ ചടങ്ങില്‍ വിശദീകരിക്കും. വൈകിട്ട് 4ന് സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യമന്ത്രിയിൽ നിന്നും പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങും.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ കാലാവധി പൂർത്തിയായതോടെയാണ് സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. മെയ് 20നായിരുന്നു രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം വാർഷികം. എന്നാൽ പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്നതിനാൽ കേക്ക് മുറിച്ച് മാത്രമായിരുന്നു ആഘോഷം. നേരത്തെ വാര്‍ഷിക ദിനങ്ങളിലായിരുന്നു സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നത്.