തിരുവനന്തപുരം: സ്വന്തം ജീവിത സാഹചര്യങ്ങളാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഉത്തരാഖണ്ഡില്‍ നിന്ന് കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡെ. കുടുംബശ്രീ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ രണ്ടാം പ്ളീനറി സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റിഥിമ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. ശുദ്ധമായ വായുവും വെള്ളവും പുതുതലമുറയുടെ അവകാശമാണ്. ശക്തമായ വാക്കും ശബ്‌ദവുമാണ് കുട്ടികള്‍ ഇതിനായി ഉപയോഗിക്കേണ്ട ആയുധങ്ങള്‍. കേരളത്തിലെ ബാലസഭാംഗങ്ങള്‍ മറ്റുള്ളവരില്‍ നിന്നും മികച്ചവരും വ്യത്യസ്‌തരുമാണെന്നും കുട്ടികളുടെ ഉച്ചകോടി ഒരു ചരിത്ര സംഭവമാണെന്നും റിഥിമ പറഞ്ഞു.
പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ മാരകമായ ഭീഷണികള്‍ക്ക് ഇരയാകേണ്ടി വന്ന ഒരാളായിരുന്നു താനെന്നും ഇന്ത്യയിലെ പ്രമുഖ ബാലപരിസ്ഥിതി പ്രവര്‍ത്തയും വേള്‍ഡ് ചില്‍ഡ്രന്‍സ് പീസ് അവാര്‍ഡ് ജേതാവുമായ ലിസിപ്രിയ കാങ്ജും പറഞ്ഞു. 2018ല്‍ കേരളത്തിലുണ്ടായ പ്രളയവും ഒഡീഷയിലുണ്ടായ ചുഴലിക്കൊടുങ്കാറ്റും അതിന്‍റെ ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും അനുഭവങ്ങളുമാണ് തന്നെ പരിസ്ഥിതി സംരക്ഷണമെന്ന ദൗത്യം ഏറ്റെടുക്കാന്‍ കാരണമായതെന്ന് ലിസിപ്രിയ വ്യക്തമാക്കി. ഭൂമിയെന്ന ഗ്രഹത്തില്‍ മനുഷ്യജീവിതത്തെ ദുഷ്‌കരമാക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വിവിധ മാലിന്യ ഭീഷണികളെ നേരിടാനുള്ള കരുത്ത് കുട്ടികള്‍ക്കുമുണ്ട്.
നവമാധ്യമങ്ങള്‍ കൂടി ഉപയോഗിച്ചുകൊണ്ടാണ് കുട്ടികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കേണ്ടത്. വിദ്യാഭ്യാസ കരിക്കുലത്തില്‍ കാലാവസ്ഥാ വ്യതിയാന സാക്ഷരത നിര്‍ബന്ധമാക്കേണ്ടത് അനിവാര്യമാണ്. ബാലസഭയിലെ കുട്ടികള്‍ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ആര്‍ജവത്തോടെ ഇടപെടുകയും അതിന് പരിഹാരം കണ്ടെത്തുന്ന തരത്തിലേക്ക് ആ വിഷയങ്ങളെ ഉയര്‍ത്തുകയും വേണമെന്ന് ലിസിപ്രിയ പറഞ്ഞു. പരിസ്ഥിതി മേഖലയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലിസിപ്രിയ വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിൽ വര്‍ധിച്ചുവരുന്ന മാലിന്യ പ്രശ്‌നങ്ങളെ കുറയ്ക്കുന്നതിനായി 'ഡിസ്പോസിബിള്‍ വാലാ' പദ്ധതി ആരംഭിച്ച ദീപന്‍ഷു കുമാര്‍, ഡല്‍ഹിയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകനായ കരണ്‍ കുമാര്‍, കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ് സംരംഭകരായ അതുല്‍ മനോജ്, ഹരികൃഷ്‌ണന്‍ എന്നിവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മുന്‍ ബാലസഭാംഗം കൂടിയായ അതുല്‍ മനോജ് തങ്ങളുടെ സംരംഭമായ മന്ദാകിനി അഗര്‍ബത്തിയുടെ വിജയകഥകള്‍ പറഞ്ഞത് കുട്ടികളില്‍ ആവേശം പകര്‍ന്നു.
പരിസ്ഥിതി സൗഹാര്‍ദ പ്ലാസ്റ്റിക് ബദല്‍ ഉത്‌പന്ന നിര്‍മാണത്തിലൂടെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഇവര്‍ അഞ്ച് പേരും നടത്തി വരുന്ന പരിശ്രമങ്ങളെ നിറഞ്ഞ കൈയ്യടിയോടെയാണ് കുട്ടികള്‍ വരവേറ്റത്. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുന്ന ദൗത്യം ഏറ്റെടുക്കാന്‍ യുവതലമുറ സജ്ജമാണെന്ന് തെളിയിച്ചു കൊണ്ടായിരുന്നു സെഷന്‍റെ സമാപനം.
Also Read: വേനൽക്കാലം മധുരതരമാക്കാന്‍ കുടുംബശ്രീ; 80 ഏക്കറിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കം