ബെംഗളൂരു: എയ്‌റോ ഇന്ത്യ 2025 എയർ ഷോ നടക്കുന്ന യെലഹങ്കയിലെ വ്യോമസേനാ സ്‌റ്റേഷൻ മേഖലയ്ക്ക് സമീപം മാംസം, മത്സ്യം, തുടങ്ങിയ നോൺ - വെജിറ്റേറിയൻ ഭക്ഷണങ്ങൾ വിൽക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ബെംഗലൂരു കോര്‍പ്പറേഷന്‍. ഫെബ്രുവരി 10 മുതൽ 14 വരെയാണ് യെലഹങ്ക വ്യോമസേനാ സ്‌റ്റേഷനില്‍ എയ്‌റോ ഇന്ത്യ ഷോ. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വ്യോമയാന പ്രദർശനമാണ് എയ്‌റോ ഇന്ത്യ.
ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ വ്യോമസേനാ സ്‌റ്റേഷന്‍റെ 13 കിലോമീറ്റർ ചുറ്റളവിൽ നിരോധനം ബാധകമായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപി ജോയിന്‍റ് കമ്മീഷണറുടെ ഓഫിസാണ് പൊതു അറിയിപ്പ് പുറപ്പെടുവിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എല്ലാ മത്സ്യ-മാംസ സ്‌റ്റാളുകളും, നോൺ-വെജിറ്റേറിയൻ ഹോട്ടലുകളും/റെസ്‌റ്റോറന്‍റുകളും ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ അടച്ചിടണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മാംസാഹാര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
നിരോധനത്തിന്‍റെ ഏതൊരു ലംഘനവും ബിബിഎംപി ആക്‌ട് 2020 പ്രകാരമുള്ള ശിക്ഷയ്ക്കും 1937 ലെ ഇന്ത്യൻ എയർക്രാഫ്റ്റ് റൂളുകളിലെ റൂൾ 91 പ്രകാരമുള്ള ശിക്ഷയ്ക്കും വിധേയമാകുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നല്‍കുന്നു.
വിമാന പരിശീലന സെഷനുകളിലും പ്രദർശനത്തിലും പക്ഷികളുമായി ഉണ്ടായേക്കാവുന്ന കൂട്ടിയിടി ഒഴിവാക്കാനുള്ള സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ബിബിഎംപി വിശദീകരിച്ചു.
രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വ്യോമയാന പ്രദർശനമാണ് എയ്‌റോ ഇന്ത്യ. പ്രതിരോധ നിർമ്മാതാക്കളും നിക്ഷേപകരും ഉൾപ്പെടെ 800ല്‍ അധികം പ്രദർശകർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷത്തെ പ്രദർശനത്തിന് ഏഴ് ലക്ഷത്തിലധികം സന്ദർശകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: രാഹുൽ ഗാന്ധിയുടെ എയിംസ് ആശുപത്രി സന്ദർശനം: വിമർശിച്ച് എയിംസ് അധികൃതർ