മുംബൈ: നടൻ സെയ്‌ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഞായറാഴ്‌ച പുലർച്ചെ താനെയിൽ നിന്ന് പ്രിതയെ അറസ്റ്റ് ചെയ്‌തു. പ്രതി വിജയ് ദാസിനെ അറസ്റ്റ് ചെയ്‌ത വിവരം മുംബൈ പൊലീസ് അറിയിച്ചുവെന്ന് ദേശീയ മാധ്യമം വ്യക്തമാക്കുന്നു. സെയ്‌ഫിന് കുത്തേറ്റ് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് പ്രതി പിടിയിലായത്.
പ്രതി ആദ്യം തന്‍റെ പേര് ബിജോയ് ദാസ് എന്ന് പറഞ്ഞെങ്കിലും പിന്നീട് മുഹമ്മദ് സജ്ജാദ് എന്നാണെന്ന് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞ് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. താനെയിലെ ലേബർ ക്യാമ്പിൽ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. താനെയിലെ ബാറിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി പ്രതി ജോലി ചെയ്‌തുവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
മുംബൈയിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഡിസിപി സോൺ-6 നവ്‌നാഥ് ധവാലെയുടെ സംഘവും കാസർവദാവലി പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മുഖ്യ പ്രതിയായ വിജയ് ദാസിനെ അറസ്റ്റ് ചെയ്‌തത്. റിമാൻഡിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും മുംബൈ ക്രൈംബ്രാഞ്ച് പ്രസ്‌താവനയിൽ പറഞ്ഞു. അറസ്റ്റിനെക്കുറിച്ച് ഇന്ന് രാവിലെ 9 മണിക്ക് പൊലീസ് മാധ്യമങ്ങളെ അറിയിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനുവരി 16ന് വീട്ടിലെ മോഷണശ്രമത്തിനിടെ നടനെ അക്രമി കുത്തുകയായിരുന്നു. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ആറ് തവണ കുത്തേറ്റ സെയ്‌ഫ് ലീലാവതി ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.
ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വിജയ് ദാസ് ആണെന്ന് പൊലീസ് ഉറപ്പിച്ചത്. അപ്പാർട്ട്മെന്‍റിന്‍റെ പന്ത്രണ്ടാം നിലയിലാണ് ആക്രമണം നടന്നത്. തുടര്‍ന്ന് ആറാം നിലയിലെ പടിക്കെട്ടിൽ അക്രമി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
അതേസമയം, ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് ശനിയാഴ്‌ച കേസുമായി ബന്ധപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈ എൽടിടിയിൽ നിന്ന് കൊൽക്കത്ത ഷാലിമാറിലേക്കുള്ള ജ്ഞാനേശ്വരി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ആകാശ് കൈലാഷ് കനോജിയ (31) എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ അല്ല പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് മുഖ്യ പ്രതിയായ ദാസ് അറസ്റ്റിലായത്. വ്യാഴാഴ്‌ച മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായ 54 കാരനായ ഖാൻ, നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
Readv Also: ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന് കുത്തേറ്റു; സംഭവം സ്വന്തം വീട്ടില്‍ വച്ച്