പാലക്കാട്: നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ പേരക്കുട്ടിക്കും ഭാര്യയ്ക്കും ജീവപര്യന്തം തടവ്. തോട്ടര ഈങ്ങാക്കോടൻ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിൽ നബീസയുടെ മകളുടെ മകൻ തോട്ടര പടിഞ്ഞാറേതിൽ ബഷീർ (45), ഭാര്യ ഐനെല്ലി ഫസീല (36) എന്നിവർക്കാണ് മണ്ണാർക്കാട് പട്ടികജാതി - പ്രത്യേക കോടതി ജഡ്‌ജി ജോമോൻ ജോൺ ശിക്ഷ വിധിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റമദാൻ മാസത്തിലാണ് നബീസയ്ക്ക് വിഷം നൽകുന്നത്. വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് 12 വയസുള്ള മകൻ മാത്രമാണ് ഉള്ളതെന്നും അവൻ്റെ ജീവിതത്തെ കോടതി വിധി ബാധിക്കുമെന്നും പ്രതി ഫസീലയും ഭർത്താവ് ബഷീറും കോടതിയോട് പറഞ്ഞു. സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ ബഷീറും ഭാര്യയും വിഷം നൽകി നബീസയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ജൂൺ 23 നാണ് നബീസ കൊല്ലപ്പെട്ടത്.
മണ്ണാർക്കാട് നൊട്ടമലയിലെ ബന്ധുവീട്ടിലെത്തിയ നബീസയെ ബഷീറും ഫസീലയും ചേർന്ന്, ഇവർ വാടകയ്ക്കു താമസിക്കുന്ന മണ്ണാർക്കാട് നമ്പിയാംകുന്നിലെ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തിൽ വിഷം കലർത്തിയും പിന്നീട് ബലമായി വായിൽ വിഷം ഒഴിച്ചുനൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂൺ 24ന് രാവിലെ മണ്ണാർക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാടിൽ നബീസയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കുറിപ്പും ഫോണും കണ്ടെടുത്തിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിനാണ് കേസിൻ്റെ ചുരുളഴിഞ്ഞത്. വിധിയിൽ തൃപ്‌തിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.